ഓരോ ജലദിനം കടന്നുപോവുന്നത് നാളെയ്ക്കായി ഒരുതുളളി വെളളം കരുതിവയ്ക്കണമെന്ന സന്ദേശം ഓർമ്മപ്പെടുത്തിയാണ്. 'എല്ലാവർക്കും ജലം;– 'ലീവിങ് നോവണ്‍ ബിഹയിന്റ്' എന്നതാണ് ഈ വര്‍ഷത്തെ ലോക ജലദിനത്തിൻ്റെ സന്ദേശം. കുടിവെള്ളമില്ലാതെ ആരും അവശേഷിക്കുന്നില്ല എന്ന് ഉറപ്പാക്കാനും ശുദ്ധജല സ്രോതസുകളുടെ സുസ്ഥിരമായ മാനേജ്‌മെന്റുമാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും ഏവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഐക്യരാഷ്ട്രസഭയടക്കം പ്രഖ്യാപിച്ചിട്ടുള്ളത്. 1993ലാണ് ഐക്യ രാഷ്ട്രസഭ ജലദിനം ആചരിച്ചുതുടങ്ങിയത് ശുദ്ധജലത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും അതിൻ്റെ സുസ്ഥിരതയും നിലനിര്‍ത്താനും വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ലോകംജലദിനം ആചരിക്കുന്നത്.
നൂറു കോടിയില്‍പരം മനുഷ്യര്‍ ശുദ്ധലം ലഭിക്കാതെ ദുരിതമനുഭവിക്കുന്നു.അശുദ്ധജലം കുടിക്കുന്നതിലൂടെ ലോകമെമ്പാടും ദിവസവും 700 കുട്ടികളെന്ന കണക്കിൽ വയറിളക്കം ബാധിച്ചു മരിക്കുന്നുവെന്നാണ് യുഎൻ റിപ്പോർട്ട്.അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളാണ് ഇവരിലേറെയും കുടിവെളളത്തിന് ജീവനേക്കാൾ വിലയുണ്ടെന്ന യാഥ്യാർത്ഥ്യത്തിലേക്ക് കടക്കുകയാണ് ലോകം.2050ഓടുകൂടി ലോക ജനതയില്‍ പകുതിയ്ക്കും കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയുണ്ടാകുമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു തരുന്നത്.ഇനിയൊരു യുദ്ധമുണ്ടെങ്കില്‍ അത് ജലത്തിന് വേണ്ടിയാകുമെന്ന മുന്‍വിധി ചിന്തകര്‍ പങ്കുവെക്കുന്നതും അതുകൊണ്ടുതന്നെയാണ്.
ജനപ്പെരുപ്പത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും മനുഷ്യൻ വരുത്തിവയ്ക്കുന്ന പ്രകൃതി നശീകരണവും ഇതിന്‍റെ ആക്കം കൂട്ടും. ഭൂമിയിലെ ശുദ്ധജല ലഭ്യത ഇപ്പോൾത്തന്നെ 3 ശതമാനമെന്നത് വരാനിരിക്കുന്ന വരൾച്ചയുടെ തീവ്രത ഓർമ്മപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, 2030 ആകുന്പോഴേക്കും വെളളത്തിനുളള ആവശ്യകത, വിതരണത്തേക്കാൾ 40 ശതമാനം കൂടും.അതായത് ഒരു കവിൾ വെളളത്തിനായി ലോകം ക്യൂ നിൽക്കേണ്ട അവസ്ഥ.
ഇന്ത്യയും അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണുള്ളത്.നമ്മുടെ നാടും, രാജ്യവും ഏറ്റവും ഉല്‍ക്കണ്ഠയോടെയും ആകുലതയോടെയും ചിന്തിക്കേണ്ട പ്രശ്‌നമാണിത്.സംസ്ഥാനത്ത് ഭൂഗര്‍ഭജലം പകുതിയായി കുറഞ്ഞിരിക്കുന്നു. ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാകാന്‍ പോകുന്നത്. മഹാ പ്രളയത്തിന് തൊട്ടുപിന്നാലെ ചൂട്ടുപൊള്ളുന്ന കൊടുംവേനലിലേക്കും വര്‍ള്‍ച്ചയിലേക്കും ജലക്ഷാമത്തിലേക്കുമാണ് നമ്മുടെ സംസ്ഥാനം എത്തിപ്പെട്ടുനില്‍ക്കുന്നത്. കുന്നിടിച്ചും, തണ്ണീര്‍തടങ്ങള്‍ നികത്തിയും, മഴക്കാടുകള്‍ വെട്ടിനിരത്തിയും, ഒരുതുള്ളി ജലംപോലും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാന്‍ അനുവദിക്കാതെയും, തോടുകളും, പുഴകളും കയ്യേറിയും ഭൂമിക്ക് ബലം നല്‍കുന്ന പാറക്കെട്ടുകള്‍ പൊടിച്ചും ,പശ്ചിമഘട്ടമുൾപ്പെടെയുളള നമ്മുടെ ജൈവ സന്പത്ത സമ്പത്ത് കൂടി ചോർന്നുപോകുന്ന നിലയിലാണ് കേരളം.
ജലം അത് അമൂല്യമാണെന്ന് തിരിച്ചറിയേണ്ടത് ജലദൈര്‍ലഭ്യം വരുമ്പോളല്ല, മറിച്ച് ജലം കാണുമ്പോഴാണെന്ന തോന്നലാണ് യഥാര്‍ത്ഥ്യത്തില്‍ ഉണ്ടാകേണ്ടത്.ഭൂമിയില്‍ ലഭ്യമായ ആകെ ജലത്തിൻ്റെ രണ്ടര ശതമാനം മാത്രമാണ് ശുദ്ധജലമെങ്കിലും സ്രോതസുകള്‍ മലിനപ്പെടാതെയും, കൈയടക്കപ്പെടാതെയും സൂക്ഷിച്ചാല്‍ എല്ലാ ജീവജാലങ്ങള്‍ക്കും ജലം ഇവിടെ ലഭ്യമാണ്.ജീവൻ്റെ ഹേതുവായ ജലത്തെ.സംരക്ഷിക്കാം, കാത്തുവെയ്ക്കാം, പുതു തലമുറയ്ക്കായ്…