ഇന്ന് ലോക വന്യജീവി ദിനം.പ്രകൃതി കനിഞ്ഞനുഗ്രഹിച്ചുതന്ന വനങ്ങളും വൈവിധ്യമാർന്ന വന്യജീവിസമ്പത്തും സംരക്ഷിക്കണമെന്ന് ലോകത്തെ ഓർമിപ്പിക്കാൻ ഒരു വന്യജീവി ദിനംകൂടി എത്തിയിരിക്കുന്നു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുക എന്നതാണ് ഈ വന്യജീവിദിനത്തിന്റെ പ്രമേയം. 2013 ഡിസംബറിൽ ചേർന്ന യു.എൻ. പൊതുസഭയുടെ 68-ാമത് സമ്മേളനത്തിലാണ് എല്ലാവർഷവും മാർച്ച് മൂന്ന് വന്യജീവിദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. ജൈവവൈവിധ്യത്തിൽ എല്ലാ വന്യജീവികളും സസ്യജാലങ്ങളും സുപ്രധാനപങ്കുവഹിക്കുന്നെന്നോർമിപ്പിച്ച് വനത്തെയും വന്യജീവികളെയും കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഭൂമുഖത്തെ പതിനായിരക്കണക്കിന് ജീവജാലങ്ങളുടെ വംശം നശിച്ചുതുടങ്ങിയിരിക്കുന്നു. പലതും പൂർണമായും ഇല്ലാതായി. ശേഷിക്കുന്നവയെ വേരറ്റുപോവാതെ നിലനിർത്താൻ വിവിധ രാജ്യങ്ങളിലായി പലവിധത്തിലുള്ള പദ്ധതികളാണ് വന്യജീവി ദിനത്തോടനുബന്ധിച്ച് നടപ്പാക്കിവരുന്നത്. 30,178 ജീവികളാണ് ചുവന്ന പട്ടികയിലുള്ളത് പറക്കാൻ ശേഷിയില്ലാത്ത തടിയൻ കകാപോ തത്തകളും അപൂർവയിനത്തിൽപ്പെട്ട ചുവന്ന ചെന്നായയും (റെഡ് വുൾഫ്) ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവികളായ ചൈനീസ് ഗ്രേറ്റ് സാലമാൻഡറുകളുമൊക്കെ വംശം നിലനിർത്താനുള്ള തത്രപ്പാടിലാണ്. ഒപ്പം ഒട്ടേറെ മറ്റുപല ജീവികളും. ഇന്ന് ഭൂമുഖത്തുള്ള കാൽഭാഗത്തോളം സസ്യജീവിവർഗങ്ങളും വംശനാശഭീഷണി നേരിടുകയാണ് .. നാശത്തിന്റെ തോത് പലതിനും കൂടിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. ഒരു പതിറ്റാണ്ടുകൂടി പിന്നിടുമ്പോഴേക്കും അവയിൽ പലതും പൂർണമായും ഇല്ലാതാകും.
ലോകത്ത് 80 ലക്ഷം തരത്തിലുള്ള സസ്യജീവിവർഗങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ പത്തുലക്ഷവും വംശനാശഭീഷണി നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, സമുദ്രങ്ങളിൽ രാസമാലിന്യം കലരുന്നത്, കാട്ടുതീ, അനിയന്ത്രിത വേട്ടയാടൽ എന്നിങ്ങനെ നീളുന്നു ജീവികളുടെ വംശനാശത്തിന്റെ കാരണങ്ങൾ. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ (ഐ.യു.സി.എൻ.) ഒട്ടേറെ ജീവികളെ വംശനാശഭീഷണിയുടെ തോതനുസരിച്ച് ചുവന്നപട്ടികയിൽ പെടുത്തിയിട്ടുണ്ട്.
വികസനപ്രവർത്തനങ്ങൾക്കൊപ്പം ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നുണ്ട്. ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ അവിഭാജ്യ ഘടകമാണ് വന്യജീവികൾ. പുരോഗതിക്കൊപ്പം കാട്ടുമൃഗങ്ങളുടെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയെന്ന ആശയമാണ് ഐക്യരാഷ്ട്രസഭ ഉയർത്തിപ്പിടിക്കുന്നത്.കാട്ടുമൃഗങ്ങളുടെയും സസ്യജാലങ്ങളെയും മനുഷ്യൻ ഇല്ലായ്‌മ ചെയ്യാൻ ആരംഭിച്ചതോടെയാണ് ലോക വന്യജീവി ദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനമെടുത്തത്. മൃഗങ്ങള്‍ക്കെതിരെയുള്ള വിവിധതരത്തിലുള്ള ആക്രമണങ്ങള്‍, വനനശീകരണം, ചൂഷണങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള ഓർമ്മപ്പെടുത്തലാണ് ലോക വന്യജീവി ദിനം.