1. ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിനു സമീപവും തെക്കന്‍ തമിഴ്നാട് തീരത്തിന് മുകളിലുമാണ് ചക്രവാതച്ചുഴികള്‍ നിലനിൽക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. കൂടാതെ, തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
2. കാർഷിക പ്രദർശന വിപണന ഭക്ഷ്യമേളക്ക് പൊന്നാനിയിൽ തുടക്കം. പൊന്നാനി നഗരസഭയുടെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിലാണ് ‘നാഞ്ചിൽ 2.0’ എന്ന പേരിൽ ഭക്ഷ്യമേള ആരംഭിച്ചത്. പി.നന്ദകുമാർ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. അഗ്രിന്യൂട്രിഗാർഡൻ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പ്രദർശന മേളയുടെ ഭാഗമായി നടന്നു. ചെറുധാന്യങ്ങളുടെ വിത്ത് ശേഖരത്തിന്റെ പ്രദർശനം, കുടുംബശ്രീകളുടെ വിവിധ ഉത്പന്നങ്ങളുടെ വിപണനം, കാർഷിക യന്ത്രങ്ങളുടെ പ്രദർശനം എന്നിവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ഒക്ടോബർ 31ന് മേള സമാപിക്കും.
കൂടുതൽ വാർത്തകൾ: PM Kisan 15th Installment : പതിനഞ്ചാം ഗഡു അടുത്ത മാസം ലഭിച്ചേക്കും! എപ്പോൾ? ആർക്കൊക്കെ? അറിയാം
3. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി 'ശാസ്ത്രീയ പശു പരിപാലനം' വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പാലക്കാട് ആലത്തൂര്‍ വാനൂരിലെ ഗവ ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് നവംബര്‍ മൂന്ന് മുതല്‍ എട്ട് വരെയാണ് പരിശീലനം നടക്കുക. താത്പര്യമുള്ളവര്‍ നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 12 നകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9446972314, 9544554288 എന്ന നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. പ്രവേശന ഫീസ് 20 രൂപയാണ്. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
4. എറണാകുളം മഞ്ഞള്ളൂർ പഞ്ചായത്തിലെ നീറംപുഴ ഗവൺമെൻ്റ് സ്കൂളിൽ ചോളം കൃഷി വിളവെടുത്ത് കുട്ടിക്കർഷകർ. 2023 ചെറു ധാന്യങ്ങളുടെ വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ് മഞ്ഞള്ളൂർ കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂളിൽ മില്ലറ്റ് കൃഷി ആരംഭിച്ചത്. 200 ചോളം തൈകളാണ് വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.