1. റേഷൻ വിതരണം സുഗമമായി നടത്തുന്നതിനു വേണ്ടി മാർച്ച് 10 വരെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് നിർത്തിവയ്ക്കും. മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ റേഷൻ വിതരണം ഭാഗികമായി തടസ്സപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കേരളത്തിൽ മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് ആരംഭിച്ചത്.
ഇതിനുപരിഹാരമായി, മാർച്ച് 15, 16, 17 തിയതികളിൽ റേഷൻകടകൾ സ്ഥിതിചെയ്യുന്ന കേന്ദ്രത്തിന് സമീപത്തുള്ള സ്‌കൂളുകൾ, അംഗനവാടികൾ, സാംസ്‌കാരിക കേന്ദ്രം തുടങ്ങിയ പൊതുഇടങ്ങളിൽ വച്ച് ഇ-കെ.വൈ.സി അപ്‌ഡേഷൻ മാത്രമായി നടത്താൻ തീരുമാനിച്ചതായും ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കില്ലെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരിയിലാണ് റേഷൻ കടകളിലെ ഇ-പോസ് മെഷീനിലൂടെ മഞ്ഞ, പിങ്ക് കാർഡിലെ അംഗങ്ങളുടെ ഇ-കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാൻ തുടങ്ങിയത്. മാർച്ച് 5 വരെയുള്ള കണക്ക് പ്രകാരം 13,92,423 കാർഡുകളുടെ ഇ-കെ.വൈ.സി അപ്‌ഡേഷൻ പൂർത്തീകരിച്ചു.
കൂടുതൽ വാർത്തകൾ: ശബരി കെ റൈസ്; ഓരോ റേഷൻ കാർഡിനും 10 കിലോ വീതം അരി
2. മില്ലറ്റ് കൃഷിയിലെ മികവിനുള്ള ജില്ലാതല പുരസ്‌കാരം ശാസ്താംകോട്ട നെടിയവിള സര്‍ക്കാര്‍ എല്‍.പി സ്‌കൂൾ സ്വന്തമാക്കി. രാജ്യാന്തര മില്ലറ്റ് വര്‍ഷത്തോട് അനുബന്ധിച്ചു നൽകുന്ന പുരസ്കാരമാണിത്. 879 വിദ്യാലയങ്ങളെയാണ് പരിഗണിച്ചത്. കൂവരക്, ചോളം, കുതിരവാലി, തിന തുടങ്ങിയവ കൃഷിചെയ്താണ് നെടിയവിള സര്‍ക്കാര്‍ എല്‍ പി സ്‌കൂൾ അംഗീകാരം സ്വന്തമാക്കിയത്. കൊല്ലം കലക്ട്രേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് പ്രഥമ അധ്യാപകന്‍ ടി ആര്‍ സുബുകുമാറിന് പുരസ്‌കാരം കൈമാറി.
3. പശു വളര്‍ത്തല്‍ പരിശീലനം നൽകുന്നു. മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11, 12 തീയതികളിൽ പരിശീലനം നടത്തും. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം നടക്കുക. താത്പര്യമുള്ളവര്‍ 0491-2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം.
4. മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങൾക്ക് പ്രത്യേക ക്രെഡിറ്റ് കാർഡ് സംവിധാനം വരുന്നു. കിസാൻ ക്രെഡിറ്റ് കാർഡ് മാതൃകയിൽ ഫിഷറീസ് വകുപ്പാണ് പദ്ധതി അവതരിപ്പിക്കുന്നത്. ബാങ്ക് വായ്പ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പദ്ധതി വഴി മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കും. കുറഞ്ഞ പലിശനിരക്കിൽ 3 ലക്ഷംരൂപ വരെയാണ് വായ്പ അനുവദിക്കുക. പണം പിൻവലിക്കുന്നതിനായി ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡും മത്സ്യത്തൊഴിലാളികൾക്ക് നൽകും.