1. വിളവെടുപ്പിന് ശേഷം കർഷകർക്ക് കൈത്താങ്ങാകാൻ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ കിസാൻ തത്ക്കാൽ വായ്പ. കിസാൻ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളും 2 വർഷത്തെ കൃത്യമായ ഇടപാടുള്ളവർക്കും വായ്പ ലഭിക്കും. ഒറ്റയ്ക്കോ, 4 കർഷകരടങ്ങുന്ന ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. 5000 മുതൽ 50,000 രൂപ വരെ വായ്പ ലഭിക്കും. ജിഎസ്ടിയും കൺവീനിയൻസ് ഫീസും ഒഴികെ മറ്റ് പ്രോസസിംഗ് ചാർജുകൾ ഒന്നുംതന്നെ ഈടാക്കില്ല. യുജിസി പരിധിയുടെയോ, മുൻ വർഷത്തെ വാർഷിക വരുമാനത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും പരമാവധി വായ്പ നിശ്ചയിക്കുക. വിളവെടുപ്പിന് ശേഷമുളള അടിയന്തര ആവശ്യങ്ങൾക്കായി കർഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
കൂടുതൽ വാർത്തകൾ: 29 രൂപ നിരക്കിൽ 'ഭാരത് അരി'; അടുത്ത ആഴ്ച വിപണിയിലേക്ക്
2. 'മനസ്സാണ് ശരീരത്തിന്റെ യജമാനൻ' എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന ഹരിതാമൃതം 2024 പരിപാടിയ്ക്ക് വടകരയിൽ തുടക്കമായി. ഫെബ്രുവരി 9 മുതൽ 13 വരെ വടകര ടൗൺ ഹാളിൽ പരിപാടി നടക്കും. കേരളത്തിലുടനീളമുള്ള വൈദ്യന്മാർ, ജൈവകർഷകർ തുടങ്ങിയവർ തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കും. മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി ശ്രീനിവാസൻ, ജനറൽ കൺവീനർ പുറം തോടത്ത് ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ജൈവ കാർഷിക ഉത്പന്നങ്ങളുടെ വിൽപനയും, വൈദ്യ ചികിത്സാ ക്യാമ്പുകളും പരിപാടിയുടെ ഭാഗമായി നടക്കും.
3. വയനാട് ജില്ലയിലെ ക്ഷീര കര്‍ഷകർക്ക് ആശ്വാസമായി 1.80 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സബ്‌സിഡി നൽകിയത്. തെനേരി സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ ജില്ലയെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മേഖലയാണ് ക്ഷീരകര്‍ഷക മേഖല. ജില്ലയിലെ കര്‍ഷകര്‍ക്ക് താങ്ങാവുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും സംഷാദ് മരക്കാര്‍ പറഞ്ഞു.
4. ചെറുധാന്യ വ്യാപനം ലക്ഷ്യമിട്ട് കഞ്ഞിക്കുഴിയിൽ റാഗി കൃഷി ആരംഭിച്ചു. കർഷകരായ ജി. ഉദയപ്പൻ, സുനിൽ എന്നിവർ ചേർന്നാണ് കൃഷി ചെയ്യുന്നത്. താമരച്ചാൽ പാടശേഖരത്തിൽ ആരംഭിച്ച റാഗികൃഷിയുടെ വിത ഉദ്ഘാടനം കെ.കെ. കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. അന്താരാഷ്ട്ര ചെറുധാന്യവർഷത്തിൽ പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി റാഗിവിത്ത് സൗജന്യമായാണ് കർഷകർക്ക് നൽകിയത്. കൃഷി വ്യാപനത്തിൻ്റെ ഭാഗമായി കർഷകരും തൊഴിലുറപ്പ് അംഗങ്ങളും കുടുംബശ്രീകളുമെല്ലാം ചെറുധാന്യ കൃഷി ചെയ്യുന്നുണ്ട്.