Updated on: 15 January, 2023 6:51 PM IST
വികസനവും ക്ഷേമവും മുഖമുദ്രയാക്കി ജില്ലാ പഞ്ചായത്ത് ഭരണസമിതി മൂന്നാം വര്‍ഷത്തിലേക്ക്

പത്തനംതിട്ട: മൂന്നാം വര്‍ഷത്തിലേക്ക് കടന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി സമഗ്രമായ ജനോപകാരപ്രദമായ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സാന്ത്വനരംഗം മുതല്‍ കാര്‍ഷികരംഗം വരെ നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമ്പൂര്‍ണ ശുചിത്വത്തിനും സാന്ത്വന പരിചരണത്തിനും പ്ലാസ്റ്റിക് സംസ്‌കരണത്തിനും തൊഴില്‍ പരിശീലനത്തിനും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും പദ്ധതികളുടെ ഗുണഭോക്താക്കളാക്കുന്നതിനുമാണ് ഭരണസമിതി ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിജീവന പദ്ധതി

അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്കുവേണ്ടി ആവിഷ്‌കരിച്ച അതിജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ മരുന്നു വിതരണത്തിന്റെ ഉദ്ഘാടനം ജനുവരി 21ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഹൃദയം, കരള്‍, കിഡ്‌നി എന്നിവ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചവര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനുള്ള മരുന്ന് എല്ലാ മാസവും സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്. ഗുണഭോക്താക്കള്‍ക്ക് കോഴഞ്ചേരി ജില്ലാ ആശുപത്രി വഴി മരുന്ന് ലഭ്യമാക്കും. 35 ലക്ഷം രൂപ ഈ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ ചികിത്സയുടെ രേഖകള്‍ സഹിതം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സര്‍പ്പിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങൾ വൃക്കകൾക്ക് ദോഷകരമാണ്

ജില്ലാ ആശുപത്രിയുടെ വികസനം 

കോവിഡ് കാലത്ത് മികച്ച സേവനം നടത്തിയ കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനത്തിന്റെ ഭാഗമായി 1300 ലിറ്റര്‍ ഉല്പാദന ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. രോഗികളുടെ കിടക്കകളിലേക്ക് പൈപ്പ് വഴി ഓക്‌സിജന്‍ എത്തിക്കുന്ന സംവിധാനം നിലവില്‍ വന്നു. കൂടാതെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള ദ്രവ്യ മാലിന്യം സംസ്‌കരിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ഇവയുടെ നിര്‍മാണത്തിന് രണ്ട് കോടി രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു.

നെല്‍കൃഷി വികസന പദ്ധതി

നെല്‍ കര്‍ഷകര്‍ക്ക് കൃഷി ചെലവിനുള്ള സബ്‌സിഡിയായി 1.75 കോടി രൂപ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പുല്ലാട് സീഡ് ഫാമില്‍ ഒരു വിത്ത് സംഭരണിയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും.

ക്ഷീര കര്‍ഷകര്‍ക്കായി പദ്ധതികള്‍

ക്ഷീരോല്പാദനം വര്‍ദ്ധിപ്പിക്കാനും കര്‍ഷകരുടെ ക്ഷേമത്തിനുമായി വിവിധ പദ്ധതികള്‍ ആരംഭിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ക്ഷീരോത്പാദക സംഘങ്ങള്‍ക്ക് 64 ലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ട് നല്‍കി. ഒരു പശുവിന് 40,000 രൂപ കര്‍ഷകന് പലിശ രഹിത വായ്പയായും ഒരു സംഘത്തിന് രണ്ട് ലക്ഷം രൂപ ധനസഹായമായും നല്‍കും. കര്‍ഷകര്‍ക്ക് സബ്‌സിഡി നല്കാന്‍ ഒരു കോടി രൂപ വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിച്ചു. ആദ്യഘട്ടത്തില്‍ തുക കൈമാറിയത് ഉള്ളനാട്, ഏറത്ത്, തോട്ടപ്പുഴശേരി, കോയിപ്രം, കൈതപറമ്പ് എന്നീ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ക്കാണ്.

ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് വാഹനം

ഗ്രാമപഞ്ചായത്തുതലത്തില്‍ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ സംഭരണ കേന്ദ്രത്തില്‍ എത്തിക്കാന്‍ വേണ്ടി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന പദ്ധതിയാണിത്. ഹരിത കര്‍മ്മ സേനയുടെ മികച്ച പ്രവര്‍ത്തനം നടക്കുന്ന 25 പഞ്ചായത്തുകള്‍ക്ക് ആദ്യ ഘട്ടത്തില്‍ ത്രീ വീലര്‍ ആപ്പെ വാങ്ങി നല്കും. വാഹനത്തിന്റെ പരിപാലനം പഞ്ചായത്തുകള്‍ ഏറ്റെടുക്കണം.

പട്ടികജാതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലന പദ്ധതി

വിവിധ തൊഴില്‍ മേഖലകളില്‍ സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ തൊഴില്‍ പരിശീലനം നടത്താന്‍ പ്രതിമാസം 7,000 മുതല്‍ 10,000 രൂപ വരെ സ്‌റ്റൈപ്പന്റ് നല്‍കുന്ന പദ്ധതി ആരംഭിച്ചു. എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നീ തസ്തികകളില്‍ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിലും, നഴ്‌സിംഗ് തസ്തികയില്‍ സര്‍ക്കാര്‍ ആശുപത്രികളിലും ജോലി ചെയ്യാന്‍ സ്റ്റെപ്പന്റ് നല്‍കും. അപേക്ഷകരായ 80 പേര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി.

തൊഴില്‍ സംരഭക മേള

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധ രംഗങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങിയവരെയും അനുമതി തേടിയവരെയും ഉള്‍പ്പെടുത്തി ജില്ലാതല സംരംഭകമേള ഈ വര്‍ഷം ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിക്കും. സംരംഭകര്‍ക്ക് പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കും. സാങ്കേതിക വൈദഗ്ദ്ധ്യം നേടിയവര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനും സംവിധാനം ഉണ്ടാക്കും.

കൊടുമണ്‍ റൈസ് മില്‍

കൊടുമണ്‍ റൈസ് മില്‍ നിര്‍മാണം ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ഭരണസമിതി ലക്ഷ്യം വയ്ക്കുന്നത്.  നെല്‍കൃഷി വ്യാപിപ്പിക്കാനും, ഗുണമേന്മയുള്ള അരിയുടെ ലഭ്യത ഉറപ്പാക്കാനും ലക്ഷ്യംവച്ചിട്ടുള്ള കൊടുമണ്ണിലെ ഒറ്റത്തേക്കില്‍ ആധുനിക രീതിയിലുള്ള റൈസ് മില്ലിന് 60 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

നിര്‍മല ഗ്രാമം-നിര്‍മല നഗരം - നിര്‍മല ജില്ല ശുചിത്വ പദ്ധതി

ശുചിത്വത്തിലേക്ക് ജില്ലയെ നയിക്കുന്നതിനായി നടപ്പാക്കുന്ന നിര്‍മല ഗ്രാമം-നിര്‍മല നഗരം - നിര്‍മല ജില്ല പദ്ധതി ഈ വര്‍ഷം നവംബര്‍ ഒന്നിന് പൂര്‍ത്തീകരിക്കും. മാലിന്യ സംസ്‌കരണം സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍, ശുചിത്വ സര്‍വെ, ശുചിത്വ പ്രതിജ്ഞ, ഖര-ദ്രവ മാലിന്യ സംസ്‌കരണ ശാലകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാവും. ത്രിതലപഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ ജില്ലാതല പദ്ധതിയായി ഇത് നടപ്പാക്കാന്‍ ജില്ലാ ആസൂത്രണ സമിതിയും തീരുമാനിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് സംസ്‌കരണ ഫാക്ടറി 

സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ തരം തിരിക്കല്‍, സംസ്‌കരണം, വൈവിധ്യവത്കരണം എന്നീ പ്രവൃത്തികള്‍ നടത്താന്‍ സംവിധാനമുള്ള പ്ലാസ്റ്റിക് സംസ്‌കരണശാല കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മാണം ആരംഭിച്ചു. അഞ്ച് കോടി രൂപ ചെലവ് ചെയ്ത് ജില്ലാ പഞ്ചായത്തും, ക്ലീന്‍ കേരള കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം നടത്തുന്നത്.

English Summary: Zilla Panchayat Admn Committee enters its 3rd year with devpt and welfare as its hallmark
Published on: 15 January 2023, 06:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now