Updated on: 9 June, 2020 10:47 PM IST
At Bagdogra airport

തിരുവനന്തപുരത്തു നിന്നും ഫെന്‍സുലിംഗിലേക്ക്

ബാഗ്ദോഗ്രയില്‍ നിന്നും നാല് മണിക്കൂര്‍ യാത്രയുണ്ട് ഫെന്‍സുലിംഗിലേക്ക്. ഭൂട്ടാന്റെ ഇന്ത്യയിലേക്കുള്ള വാതില്‍ എന്നു വിശേഷിപ്പിക്കാം ഈ ചെറുനഗരത്തെ. തിരുവനന്തപുരത്തു നിന്നും ചെന്നൈ വഴിയായിരുന്നു ബാഗ്ദോഗ്രയില്‍ എത്തിയത്. ബാഗ്ദോഗ്ര വിമാനത്താവളത്തില്‍ പെമ എത്തിയിരുന്നു.വിടാരാത്ത നീള്‍ മിഴികളും മംഗോളിയന്‍ വംശജന്റെ പരമ്പരാഗത ലക്ഷണങ്ങളുമുള്ള ഭൂട്ടാനി. വാട്ട്സ്ആപ്പില്‍ കണ്ട ചെറുപ്പക്കാരന്റെ ചിത്രമായിരുന്നു മനസില്‍. പക്ഷെ അത് പെമയുടെ ചെറുപ്പകാല ചിത്രംതന്നെയാണ്. പെമയ്ക്ക് യൗവ്വനം കഴിഞ്ഞിരിക്കുന്നു. നേരത്തെ ഭൂട്ടാന്‍ സന്ദര്‍ശിച്ച സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി പ്രമോദ് വഴിയാണ് പെമയെ കണ്ടെത്തിയത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കയായിരുന്നു പെമയെ. നേരത്തേ തന്നെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമൊക്കെ അയച്ചുകൊടുത്തിരുന്നു. സംസ്ഥാന ചീഫ് ആര്‍ക്കിടെക്ട് രാജീവാണ് എനിക്കൊപ്പമുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ 30 മണിക്കൂര്‍ വളഞ്ഞിട്ട് ഭരണഘടന സംരക്ഷണ സമരം നടത്തുന്നതറിയാതെ അതിനിടയില്‍ പെട്ട രാജീവ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്താന് വെകിയത് യാത്രയുടെ തുടക്കത്തില്‍ നേരിയൊരാശങ്കയ്ക്കിടയാക്കി. രണ്ടുപേരുടെയും ടിക്കറ്റ് ഒന്നിച്ചാണ് എടുത്തിരുന്നത്. മൂന്നാമന്‍ രാധാകൃഷ്ണ പിള്ള ഇസ്‌കഫിന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനായി നേരത്തെ പുറപ്പെട്ടിരുന്നു. അദ്ദേഹം ബീഹാര്‍,നേപ്പാള്‍,ഡാര്‍ജിലിംഗ് ഒക്കെ സന്ദര്‍ശിച്ച് നേരത്തെ തന്നെ സിലിഗുരിയില്‍ എത്തിയിരുന്നു. അദ്ദേഹം താമസിക്കുന്ന ഹോട്ടല്‍ വിലാസം നല്‍കിയപ്പോഴെ പെമ പറഞ്ഞു, എനിക്ക് ബാഗ്ദോഗ്ര വിമാനത്താവളമല്ലാതെ ഒരിടവും അറിയില്ല.

On the way to Phuentsuling

സിലിഗുരി കാത്തുവച്ച അപകടം

ഗൂഗിളുണ്ടല്ലൊ, പിന്നെന്തിന് വിഷമിക്കണം എന്ന മട്ടില്‍ ഞാന്‍ ഗൂഗിള്‍ മാപ്പിട്ടു. ഗൂഗിളമ്മച്ചി വഴി പറയാന്‍ തുടങ്ങി. ഒരു മാര്‍ക്കറ്റിലൂടെ യാത്ര ചെയ്ത് മുന്നോട്ടുപോകാന്‍ വഴിയില്ലാത്ത ഒരിടത്തെത്തി.നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അമ്മച്ചി വീണ്ടും മുന്നോട്ടുപോകാന്‍ പറയുകയാണ്. ഇനി ഇവരെ ആശ്രയിച്ചിട്ടു കാര്യമില്ല എന്നു മനസിലായി.അടുത്തുകണ്ട കടയില്‍ വഴി ചോദിച്ചു. കുറച്ചു പിന്നാക്കം പോയി വലത്തോട്ടു തിരിഞ്ഞ് നേരെ എത്തുന്ന ജംഗ്ഷനിലാണ് ഹോട്ടല്‍. പണ്ടൊക്കെ ബംഗാളിലെത്തിയാല്‍ ആരെയും കോമ്രഡ് എന്നായിരുന്നു അഭിസംബോധന ചെയ്യുക. എന്നാല്‍ കാലം മാറി. ഇപ്പോള്‍ അങ്ങിനെ വിളിച്ചാല്‍ ചിലപ്പോള്‍ തല്ലുകിട്ടിയേക്കാം. ഭരിക്കുന്നവര്‍ തൃണമൂലും പ്രതിപക്ഷം ബിജെപിയുമാണ്.മലയാളിയാണെന്നറിഞ്ഞാല്‍ എന്താകും പ്രതികരണം എന്നറിയില്ല. വണ്ടി തിരിച്ചു. അപ്പോഴാണ് ഇരുട്ടില്‍ പതിയിരുന്ന അപകടം മനസിലാകുന്നത്. അവിടെ ഒരു ഓടയായിരുന്നു. ഡ്രൈവര്‍ ഇരിക്കുന്നിടത്തെ ടയര്‍ താഴുകയാണ്. ഉയര്‍ത്താന്‍ ഒന്നു സഹായിക്കാന്‍ പോലും ആരെയും കിട്ടുമെന്നു തോന്നുന്നില്ല. സകല ദൈവങ്ങളെയും വിളിച്ചുപോയി. ഹുണ്ടായ് ഡസ്തനായതുകൊണ്ടാകാം ആ പ്രതിസന്ധിയെ അതിജീവിച്ച് കുഴിയില്‍ നിന്നും തിരികെ കയറിയത്. മുന്നോട്ടുപോയി വലതുതിരിഞ്ഞ് ഹോട്ടലിലെത്തി. രാധാകൃഷ്ണന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ഒരു മണിക്കൂറും നഷ്ടമായി, കുറേ ടെന്‍ഷനുമായി. ഇനി സിലിഗുരിക്ക് പുറത്തുകടക്കണം. ചോദിച്ചും ഗൂഗിളിനെ ആശ്രയിച്ചും തെറ്റിയും തിരുത്തിയും എങ്ങിനെയോ ശരിയായ വഴിയില്‍ എത്തി. പിന്നെ പെമ വാഹനത്തിന്റെ വേഗം കൂട്ടി. സെവോക്കിലെത്തിയപ്പോള്‍ രണ്ട് വര്‍ഷം മുന്നെ സിക്കിമില്‍ പോയത് ഓര്‍മ്മ വന്നു.സെവോക്കില്‍ നിന്നും നേരെയാണ് ഗാംഗ്ടോക്കിലേക്ക് പോകുന്നത്. വലത്തോട്ട് തിരിഞ്ഞ് ഭൂട്ടാനിലേക്കും. 2020ല്‍ ഈ വഴി വീണ്ടും വരാന്‍ ഭാഗ്യമുണ്ടായി. ബകുളിലെ ഇരുമ്പ് പാലം ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ്. ചല്‍സ,മോംഗ്പോംഗ്,ലീഷ് ബ്രിഡ്ജ് എന്നിവ കടന്നു പോകുമ്പോള്‍ സമാന്തരമായി ട്രയിന്‍ പോകുന്നുണ്ടായിരുന്നു.

ഹാസിമാര അവസാന റയില്‍ പോയിന്‍റ്

രാധാകൃഷ്ണന്‍ ബാഗ്ദോഗ്ര എത്താന്‍ വൈകിയാല്‍ രാവിലെ ട്രെയിനില്‍ അവസാന സ്റ്റോപ്പായ ഹാസിമാര വരെ പോകാമെന്നും പെമ അവിടെ വരാന്‍ നിര്‍ദ്ദേശിച്ചാല്‍ മതിയെന്നും ആലോചിച്ചിരുന്നതാണ്. ഏതായാലും അതൊന്നും വേണ്ടിവന്നില്ല. സിംഗിള്‍ ലെയിനാണ്, ഉദ്ദേശിക്കുന്ന സമയത്തൊന്നും എത്തില്ലായിരുന്നെന്ന് ഉറപ്പ്. മാള്‍ ബസാറും നാഗര്‍ഹട്ടയും നവര്‍ഹട്ടയും ബിര്‍പാറയും പനഖയും കടന്ന് ഞങ്ങള്‍ ഹാസിമാരയിലെത്തി. ഇരുട്ടിലെ യാത്ര. ഒന്നും വ്യക്തമാകാത്ത ഇടങ്ങളും മോശമായ വഴികളും. ഇപ്പോഴും ഉറച്ചിട്ടില്ലാത്ത, പര്‍വ്വതങ്ങളുടെ കൂട്ടത്തില്‍ ഇളയവനായ ഹിമാലയം ഇടയ്ക്കൊക്കെ ഇടിഞ്ഞുപതിച്ച് റോഡ് തടസമുണ്ടാവുക സാധാരണം.ശിശുബാരിയും ദല്‍സിംഗ്പാറയും ജയ്ഗാവോണും കടന്നാണ് ഫെന്‍സുലിംഗിലെത്തുക.പ്രസിദ്ധമായ നക്സല്‍ബാരി ഗ്രാമവും ഇതിനടുത്താണ്. രാധാകൃഷ്ണന്‍ ഗ്രാമം സന്ദര്‍ശിച്ചിരുന്നു. ഇന്നും തികച്ചും അവികസിതമായ ഗ്രാമം. ഇന്നത്തെ ഗ്രാമവാസികള്‍ക്ക് പലര്‍ക്കും നക്സല്‍ബാരി സമരം എന്താണെന്നുപോലുമറിയില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.

Our vehicle

ഫെന്‍സുലിംഗിലെ രാത്രി

മുന്നില്‍ രാധാകൃഷ്ണനും പിന്നില്‍ ഞാനും രാജീവും. പലവിധ വര്‍ത്തമാനങ്ങളില്‍ മുഴുകി ഇരിക്കെ വാഹനം പലപ്പോഴും ഉലയുകയും വേഗത നിയന്ത്രിക്കാന്‍ വച്ചിട്ടുള്ള ബാരിക്കേഡുകളില്‍ തട്ടുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഒന്നുകില്‍ പെമയ്ക്ക് രാത്രി കാഴ്ച കുറവാണ്, അല്ലെങ്കില്‍ ഉറങ്ങുന്നതാകാം. രാത്രിയായതിനാല്‍ വഴിയിലെ അപകടം മനസിലായില്ല. പകല്‍ മടക്കയാത്രയില്‍ കണ്ടപ്പോഴാണ് ശരീരം വിയര്‍ത്തുപോയത്. അഗാധമായ കൊക്കകളും പുഴയുമൊക്കെ കടന്നാണ് ഞങ്ങള്‍ രാത്രി പന്ത്രണ്ടരയ്ക്ക് ഫെന്‍സുലിംഗില്‍ എത്തിയത്. ഫെന്‍സുലിംഗ് കവാടത്തില്‍ ഭൂട്ടാന്‍ പോലീസ് ഉണ്ടായിരുന്നു. കൊറോണ വൈറസ് ഭീഷണി ഉള്ളതിനാല്‍ മാസ്‌ക് നിര്‍ബ്ബന്ധമാണ്.ഞങ്ങള്‍ മാസ്‌ക് ധരിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ ആദ്യം കടത്തിവിട്ടില്ല. രാവിലെ തന്നെ വാങ്ങാം എന്ന പെമയുടെ ഉറപ്പില്‍ ഭൂട്ടാനിലേക്ക് കടന്നു. താമസം ഒരുക്കിയ സെന്‍ട്രല്‍ ഹോട്ടല്‍ അടച്ചു കഴിഞ്ഞിരുന്നു. പെമ ജോലിക്കാരനെ വിളിച്ച് പിന്‍വാതില്‍ തുറപ്പിച്ചു. അതുവഴി ഞങ്ങള്‍ അകത്തു കടന്നു. രണ്ട് മുറികള്‍ ബുക്ക് ചെയ്തിരുന്നു. ഒന്നില്‍ രാജീവും രാധാകൃഷ്ണനും മറ്റൊന്നില്‍ ഞാനും കയറി. നല്ല ക്ഷീണമുണ്ട്. വേഗം ഉറക്കം പിടിച്ചു. കടുത്ത ചൂടിന്റെ പ്രഭാതത്തില്‍ തിരുവനന്തപുരം വിട്ട ഞങ്ങള്‍ തണുപ്പിന്റെ സുഖലഹരിയില്‍ ഉറങ്ങി.

( A travelogue - The journey began from Thiruvananthapuram. Reached the last airport in Northern side of West Bengal ,Bagdogra. My companions were Chief Architect of Kerala Rajeev and Rtd. Deputy Director, Information&Public Relations ,N.Radhakrishnan Nair . Pema came to the Bagdogra airport in his vehicle. From Siliguri ,we traveled via Sevoke,which is the junction from where one can go to Gangtok also. We traveled across Bakul bridge,Chalsa, Mongpu,Leesh bridge ,Mall bazaar,Nagarhatta,Navarhatta, Birpara ,Panakha and Hasimara to reach Phuentsuling at mid night. It was 2020 Feb 25. The Corona spread is just started and Bhutan police insisted as to wear the mask. Pema ,however convinced them that we would purchase it tomorrow morning and then they agreed to enter the country's financial capital Phuentsuling. We were tired. Entered the hotel room and went to bed for a sound sleep)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്സ്യകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു

English Summary: Bhutan - The beauty hidden by Himalaya ,himalayam olippicha manoharitha
Published on: 09 June 2020, 10:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now