അരിപ്പൊടി കൊണ്ട് പല പല രുചികൾ പരീക്ഷിക്കുന്നവരും ശീലമാക്കിയവരുമാണ് മലയാളികൾ. നമ്മുടെ പ്രാതലിൽ തുടങ്ങി അത്താഴത്തിലും വൈകുന്നേരങ്ങളിലെ പലഹാരത്തിലുമെല്ലാം അരിപ്പൊടി കൊണ്ടുണ്ടാക്കുന്ന വ്യത്യസ്ത വിഭവങ്ങളുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരുവിനും മുടികൊഴിച്ചിലിനും തേങ്ങാവെള്ളം ബെസ്റ്റാണ്! എങ്ങനെയെന്ന് നോക്കാം
എന്നാൽ, ഭക്ഷിക്കുന്നതിന് മാത്രമല്ല അരിപ്പൊടിയിൽ കുറച്ച് കുറുക്കുവിദ്യകൾ പ്രയോഗിച്ചാൽ തലമുടി നന്നായി തഴച്ചുവളരും. തലമുടിയ്ക്കായി നാട്ടുവിദ്യകൾ പയറ്റി നോക്കുന്നവർക്ക് അരിപ്പൊടി കൊണ്ടുള്ള ഈ കൂട്ടുകൾ പരീക്ഷിച്ചാൽ കേശസംരക്ഷണം ഉറപ്പാക്കാം. താരൻ, മുടികൊഴിച്ചിൽ, വരണ്ട മുടി തുടങ്ങി തലമുടി നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് അരിപ്പൊടി. അരിപ്പൊടി കൊണ്ട് എങ്ങനെ തലമുടി സംരക്ഷിക്കാമെന്ന് നോക്കാം.
അരിപ്പൊടിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളുമാണ് മുടികൊഴിച്ചിൽ, മുടിയുടെ വരൾച്ച, താരൻ എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. അതായത്, ഇവ മുടിയെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്ന പോഷക മൂല്യങ്ങളാണ്.
തലമുടിയിൽ അരിപ്പൊടി പ്രയോഗങ്ങൾ
1. അരിപ്പൊടിയും വാഴപ്പഴവും
നിലവിലെ കാലാവസ്ഥയിൽ മുടി സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച ഉപായമാണ് അരിപ്പൊടിയും വാഴപ്പഴവും ചേർത്തുള്ള മിശ്രിതം. മഞ്ഞുകാലത്താണ് പൊതുവെ മുടി വരളുന്ന പ്രശ്നം കൂടുതലായുള്ളത്. മൃദുലവും തിളക്കമുള്ളതുമായി മുടിയ്ക്ക് അരിപ്പൊടി കൊണ്ടുള്ള പേസ്റ്റ് പ്രയോജനപ്പെടും.
ഒരു പാത്രത്തിൽ അൽപം അരിപ്പൊടി എടുത്ത് അതിൽ ഏത്തപ്പഴം അരച്ച് ചേർക്കുക. ഇത് ഒരു കട്ടിയുള്ള പേസ്റ്റാക്കി തയ്യാറാക്കുക. ശേഷം മുടിയില്‍ തേച്ചു പിടിപ്പിക്കുക. തുടർന്ന്, 30 മിനിറ്റ് കഴിഞ്ഞ് തലമുടി കഴുകാം.
2. അരിപ്പൊടിയും കടലമാവും
താരൻ തലമുടിയുടെ ശത്രുവാണ്. താരൻ പോകാനായി പല പൊടിക്കൈകളും ശ്രമിച്ച് പരാജയപ്പെട്ടവർക്ക് അരിപ്പൊടി ഒരു ശാശ്വത പരിഹാരമാകുന്നു. ഇതിനായി അരിപ്പൊടിയും കടലമാവുമാണ് ആവശ്യമുള്ളത്.
അരിപ്പൊടിയിൽ കടലമാവ് ചേര്‍ത്ത് അതിലേക്ക് ഇളം ചൂടുവെള്ളം ഒഴിക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം തലയോട്ടിയിൽ മസാജ് ചെയ്ത് പിടിപ്പിക്കാം. 10 മുതൽ 15 മിനിറ്റ് വരെ ഇങ്ങനെ മസാജ് ചെയ്യേണ്ടതാണ്. ശേഷം 20 മിനിറ്റ് വരെ കാത്തിരിക്കുക. തുടർന്ന് ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.
3. അരിപ്പൊടിയും ഉലുവയും
അരിപ്പൊടിയും ഉലുവയും ചേർത്തുള്ള മിശ്രിതവും മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നു. അതായത്, അരിപ്പൊടി രക്തചംക്രമണം മികച്ചതാക്കാൻ സഹാകരമാണ്. ഈ പേസ്റ്റിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകളും ധാതുക്കളും തലയോട്ടിയെ പോഷിപ്പിക്കുന്നു. മുടി കൊഴിച്ചില്‍ നിയന്ത്രിച്ച് ആരോഗ്യമുള്ള മുടിയുണ്ടാകാൻ ഇത് ഉപകരിക്കും.
ഇതിനായി 2 ടീസ്പൂൺ ഉലുവ കുതിർത്ത് മിക്സിയിൽ അരച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് 3 സ്പൂൺ അരിപ്പൊടി ചേർക്കുക. ഉലുവയും അരിപ്പൊടിയും നന്നായി മിക്സ് ചെയ്ത് പേസ്റ്റാക്കുക. ഈ കൂട്ട് മുടിയിൽ തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം മുടി കഴുകുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്താൽ മികച്ച ഫലം കിട്ടും.
മുടിയ്ക്ക് മാത്രമല്ല ചർമത്തിനും അരിപ്പൊടി ഉപയോഗിക്കാവുന്നതാണ്. ചർമത്തിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ വലിച്ചെടുത്ത് ഇവ മുഖകാന്തി നൽകുന്നു. അരിപ്പൊടിയിലെ വിറ്റാമിൻ ബിയുടെ സാന്നിധ്യം പുതിയ കോശങ്ങൾ ഉണ്ടാകാൻ സഹായിക്കും. ചർമം കൂടുതൽ തിളക്കമുള്ളതാക്കാനും മൃദുലമാക്കാനും ഇവ നല്ലതാണ്.
അരിപ്പൊടിയിൽ അലാന്റോയിൻ, ഫെറൂലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഒരു പ്രകൃതിദത്തമായ സൺസ്ക്രീൻ പോലെ പ്രവർത്തിക്കുന്നു. അതായത്, സൂര്യതാപത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതിനും ചർമത്തിലെ കറുത്ത പാടുകൾ മാറ്റാനും അരിപ്പൊടി പ്രയോജനപ്പെടും. കൂടാതെ, പ്രായം കൂടുമ്പോഴുണ്ടാകുന്ന ചർമത്തിലെ മാറ്റങ്ങൾക്കും ശാശ്വത പരിഹാരമാണ് അരിപ്പൊടി.