മുഖം തിളങ്ങാൻ പാർലറിലെ ഫേഷ്യലിന് മാത്രമേ സാധിക്കൂ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? ഒരു സാധാരണ ഫേഷ്യൽ പോലും 500ൽ കുറവില്ലെന്നതും, മുഖം മിനുക്കൽ കീശ കീറുന്ന പരിപാടിയാണെന്ന് അറിയാമെന്നതും പലപ്പോഴും ഫേഷ്യലിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നുണ്ടായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ : തേൻ മുഖത്ത് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ഇങ്ങനെ ഒരു ബുദ്ധിമുട്ട് നേരിടാതിരിക്കാൻ വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് ഫേഷ്യൽ ചെയ്യാവുന്നതാണ്. യാതൊരു ഫേഷ്യൽ കിറ്റും വാങ്ങാതെ, കൃത്രിമ രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ എങ്ങനെ ഫേഷ്യൽ ചെയ്യാമെന്നാണ് ചുവടെ വിവരിക്കുന്നത്.
നമ്മുടെ വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന പാൽ കൊണ്ടാണ് ഈ ഫേഷ്യൽ തയ്യാറാക്കുന്നത്. മുഖത്തെ പാടുകൾ നീക്കം ചെയ്യാനും ചുളിവുകൾ കുറയ്ക്കാനും മുഖത്തെ മോയ്സ്ചറൈസ് ചെയ്യാനും പാൽ സഹായകരമാണ്. ഇത് മുഖത്തിന് തിളക്കം നൽകുന്നു. തിളങ്ങുന്ന ചർമത്തിന് മിൽക്ക് ഫേഷ്യൽ എങ്ങനെ പ്രയോഗിക്കാമെന്ന് അറിയാം.
-
ഘട്ടം 1- മുഖം വൃത്തിയാക്കാം (Step 1- Cleanse the face)
ഫേഷ്യൽ ചെയ്യുന്നതിന് മുൻപ് മുഖം നന്നായി വൃത്തിയാക്കണം. അതിനാൽ ആദ്യം വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ഇനി നല്ല ശുദ്ധമായ പാൽ ഒരു പാത്രത്തിൽ എടുത്ത് മുഖത്ത് പുരട്ടുക. ഇതിലേക്ക് നാരങ്ങാ നീരോ തക്കാളി നീരോ ചേർക്കുക. പാൽ നന്നായി മുഖത്ത് പുരട്ടിയ ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
-
ഘട്ടം 2 - സ്‌ക്രബ്ബ് ചെയ്യുക (Step 2 - Do scrub)
മുഖത്തെ എക്സ്ഫോളിയേറ്റ് ചെയ്യുക എന്നതാണ് ഫേഷ്യലിന്റെ രണ്ടാം ഘട്ടം. ഇതിനായി, പാൽ സ്ക്രബ് തയ്യാറാക്കണം. ഒരു പാത്രത്തിൽ ഒരു സ്പൂൺ കാപ്പിപ്പൊടി എടുത്ത് പച്ച പാലിൽ കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് 3-4 മിനിറ്റ് ചർമം സ്‌ക്രബ് ചെയ്യുക.
പാലിൽ അരിപ്പൊടി ചേർത്തും സ്‌ക്രബ്ബ് തയ്യാറാക്കാം. ഈ സ്‌ക്രബ് ഉപയോഗിച്ചാൽ മുഖത്തെ മൃതകോശങ്ങൾ നീക്കം ചെയ്യപ്പെടും. കൂടാതെ, ചർമത്തിന് നിറം വയ്ക്കാനും ഇത് സഹായിക്കും.
-
ഘട്ടം 3 - മസാജിങ് (Step 3- Massaging)
ഫേഷ്യലിന്റെ ഏറ്റവും പ്രധാനപ്പെട്ടതും എളുപ്പമുള്ളതുമായ ഘട്ടമാണിത്. ഒരു പാത്രത്തിൽ പാൽ എടുത്ത് അതിലേക്ക് കുറച്ച് തേൻ കലർത്തി നന്നായി ഇളക്കുക. ഇനി ഈ മിശ്രിതം വൃത്താകൃതിയിൽ ഇളം കൈകൾ കൊണ്ട് മുഖത്ത് മസാജ് ചെയ്യുക. കുറച്ച് നേരം മസാജ് ചെയ്ത ശേഷം, ഈ മിശ്രിതം 8-9 മിനിറ്റ് നേരത്തേക്ക് മുഖത്ത് പുരട്ടുക. തുടർന്ന് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
-
ഘട്ടം 4 - മാസ്കിങ് (Step 4- Masking)
പാൽ ഫേഷ്യലിന്റെ ഏറ്റവും ഒടുവിലത്തെ ഘട്ടമാണിത്. മസാജിങ്ങിന് ശേഷം പാൽ കൊണ്ടുള്ള മാസ്ക് മുഖത്ത് പുരട്ടണം. പാൽ മാസ്ക് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ പാൽ, ഉരുളക്കിഴങ്ങ് നീര്, 2 ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾ എന്നിവ മിക്സ് ചെയ്യുക. ഈ മിശ്രിതം കുറച്ച് നേരം മുഖത്ത് വച്ച ശേഷം കഴുകി കളയുക. ഈ മിശ്രിതത്തിന് കട്ടി നൽകുന്നതിനായി പാൽപ്പൊടിയും ചേർക്കാം. കൂടാതെ പപ്പായയുടെ പൾപ്പും പാലും കലർത്തി ഫേസ് മാസ്ക് തയ്യാറാക്കാവുന്നതാണ്. ഇത് 15-20 മിനിറ്റ് മുഖത്ത് തേച്ച ശേഷം കഴുകിക്കളയുക.
ബന്ധപ്പെട്ട വാർത്തകൾ: അഴകിനും ആരോഗ്യത്തിനും തേങ്ങാപ്പാൽ