ആരോഗ്യവും സമൃദ്ധവുമായ കേശത്തിന് കെമിക്കലുകൾ ഒഴിവാക്കുക മാത്രമല്ല, നമ്മൾ മുടിയെ പരിപാലിക്കുന്ന രീതിയിലും അൽപം ശ്രദ്ധ നൽകണം. പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ കൊണ്ട് തല കഴുകി വൃത്തിയാക്കുന്നതിലൂടെ മുടിയുടെ സംരക്ഷണം ഒതുക്കി നിർത്താനാവില്ല. തല കഴുകുന്നതിന് മുൻപും അതിന് ശേഷവുമൊക്കെ മുടിയ്ക്ക് അത്യാവശ്യം കരുതൽ നൽകേണ്ടതുണ്ട്.
ദിനചൈര്യയിൽ ഇവ ശീലമാക്കിയാൽ മികച്ച ഫലം തരുമെന്നതും ഉറപ്പാണ്. കുളിച്ചു കഴിഞ്ഞ് നനഞ്ഞ മുടി ചീകരുതെന്ന് മുതിർന്നവർ നമ്മളോട് നിർദേശിക്കാറുണ്ട്. അതുപോലെ തന്നെ നനവല്ലാത്ത മുടി ദിവസവും ചീകുന്നതും ഒരുപാട് മികച്ച ഫലങ്ങൾ ലഭിക്കാൻ കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുടി പൊട്ടുന്നെങ്കിൽ കുളി കഴിഞ്ഞ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…
മുടി കൊഴിയുമെന്ന് പേടിച്ച് പലരും പ്രത്യേകിച്ച് വരണ്ട മുടിയുള്ളവർ മുടി ചീകാൻ മടിക്കാറുണ്ടെന്ന് ഏതാനും പഠനങ്ങൾ പറയുന്നു. എന്നാൽ, രാവിലെയും വൈകുന്നേരവും മുടി ചീകുന്നത് നല്ലതാണ്. അതായത് രാവിലെയും വൈകുന്നേരം കിടക്കുന്നതിന് മുമ്പും മുടി ചീകണം എന്നാണ് പറയുന്നത്.
മുടി ചീകുന്നത് കൊണ്ടുള്ള ശാസ്ത്രീയ ഗുണങ്ങൾ
രക്തയോട്ടം വർധിക്കുന്നു
തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർധിക്കുന്നതിന് മുടി ചീകുന്നത് സഹായിക്കും. രോമകൂപങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതിന് ഇങ്ങനെ ചെയ്യുന്നത് വഴിയൊരുക്കുന്നു. മുടിയുടെ വേരുകളെ പോഷിപ്പിക്കാനും, വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായകരമാണ്. മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി ചീകുന്നത് പ്രയോജനപ്പെടും.
തലയിലെ അഴുക്ക് വൃത്തിയാക്കുന്നു
ദിവസേന മുടി ചീകുന്നത് തലയോട്ടിയിലും മുടിയിലും അടിഞ്ഞ് കൂടിയിട്ടുള്ള പൊടിയും അഴുക്കും കളഞ്ഞ് മുടി വൃത്തിയാക്കാൻ സഹായിക്കും. തലയോട്ടിയിലെ സുഷിരങ്ങൾ അടയാതിരിക്കാനും അവ സംരക്ഷിക്കുന്നതിനും ഇത് നല്ലതാണ്. താരൻ ഒരു പരിധി വരെ നിയന്ത്രിച്ച്, മുടിയെ പുനരുജ്ജീവിപ്പിക്കുന്നതിനും മുടി ചീകുന്നത് ശീലമാക്കാം.
മുടിയുടെ ഉള്ള് വർധിക്കുന്നു
ഇടയ്ക്കിടെ ചീകുന്നത് നല്ല തിളക്കമുള്ള മുടി ഉണ്ടാവാൻ സഹായിക്കും. മുടിയിഴകളുടെ എണ്ണം വർധിപ്പിക്കും. ആരോഗ്യകരവും പുതുമയുള്ളതുമായ മുടിയുണ്ടാകാനും മുടിയിലെ കുരുക്കുകളും കെട്ടുകളും മാറ്റാനും ഇത് സഹായിക്കുന്നു. എണ്ണമയമുള്ള തലയോട്ടിയാണെങ്കിൽ പതിവായി മുടി ചീകുന്നത് വളരെ ഗുണം ചെയ്യും.
എന്നാൽ, മുടി ചീകുമ്പോഴും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. മുടിക്ക് അനുയോജ്യമായ ചീപ്പ് ഉപയോഗിക്കണം. വളരെ മൂര്‍ച്ചയേറിയ പല്ലുകളുള്ള ചീപ്പ് ഉപയോഗിക്കരുത്. കൂടാതെ, മുടി പൊട്ടിപോകാതിരിക്കാൻ തടി കൊണ്ടുള്ള ചീപ്പാണ് ഉപയോഗിക്കേണ്ടത്. മുടി മുഴുവനായി മുകളിൽ നിന്ന് ചീകുന്ന ശീലം പിന്തുടരരുത്. പകരം, മുടി കുറച്ച് വീതമെടുത്ത് ചീകുന്നതാണ് നല്ലത്.
അതുപോലെ തലയോട്ടിയിൽ അമർത്തി ചീകുന്നതും നല്ലതല്ല. ഇത് മുടിവേരുകളുടെ ബലം കുറയ്ക്കും. നനഞ്ഞ മുടി ചീകിയാൽ മുടി പെട്ടെന്നു പൊട്ടിപ്പോകാനുള്ള സാധ്യത വർധിപ്പിക്കും.