1. Health & Herbs

മുരിങ്ങയില എണ്ണ തേച്ച് സമൃദ്ധമായി മുടി വളർത്താം

മുടി സമൃദ്ധമായി വളരാൻ മുരിങ്ങയില കൊണ്ടുള്ള എണ്ണയും കഞ്ഞിവെള്ളം ചേർത്തുള്ള പായ്ക്കും മികച്ചതാണ്.

Anju M U
moringa
മുരിങ്ങയില എണ്ണ തേച്ച് സമൃദ്ധമായി മുടി വളർത്താം

ഔഷധങ്ങളുടെ കലവറയാണ് മുരിങ്ങയില. പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിവിധി കൂടിയായ മുരിങ്ങയെ മിറക്കിള്‍ ട്രീ എന്നും വിളിക്കുന്നു. മുരിങ്ങയ്ക്കായും മുരിങ്ങയിലയുമെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ കണ്ണിന് മാത്രമല്ല ഗുണം, പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ എല്ലാ ജീവിതശൈലി രോഗങ്ങളെയും മറികടക്കാനും സഹായിക്കും.

ഇതിന് പുറമെ നമ്മുടെ പൂന്തോട്ടങ്ങളിലും അടുക്കളത്തോട്ടങ്ങളിലും വളർത്തുന്ന ചെടികൾക്ക് വളം കൂടിയാണ് മുരിങ്ങ. അധികം വിളവുണ്ടാക്കാനും അതിനായി ചെടികളിൽ വളർച്ചാ ഹോർമോണുകൾ ഉൽപാദിപ്പിക്കാനും മുരിങ്ങാ നീര് പ്രയോഗത്തിലൂടെ സാധിക്കും.

എന്നാൽ കേശ സമൃദ്ധിക്കായി മുരിങ്ങയില അത്യുത്തമമാണെന്ന് അറിയാമോ? കൃത്രിമ വഴികളില്ലാതെ, നമ്മുടെ നാടൻവിദ്യകളിൽ മുടി വളരാനുള്ള മാർഗങ്ങളാണ് ഒട്ടുമിക്കവരും തെരഞ്ഞെടുക്കുന്നത്. കെമിക്കലുകളുടെ ഉപയോഗം, കീമോ പോലുള്ള ചികിത്സാ രീതികള്‍, ചില അസുഖങ്ങള്‍, മാനസിക സമ്മർദങ്ങൾ തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്.

മുടിയുടെ ആരോഗ്യത്തെ കൃത്രിമ വസ്തുക്കൾ മോശമായി ബാധിക്കുമെന്നതിനാലാണ് വീടുകളിൽ തന്നെ നിർമിച്ച്, ഉപയോഗിക്കാനാവുന്ന രീതികളെ ആശ്രയിക്കുന്നതും. നമ്മുടെ തൊടിയിലും മറ്റും വളരുന്ന താളിയും ചെമ്പരത്തിയും തുളസിയും മൈലാഞ്ചിയും ഉപയോഗിച്ച് പൊടിക്കൈകൾ പ്രയോഗിച്ച് വിചാരിച്ച ഫലം കിട്ടാത്തവർക്ക് മികച്ച ഓപ്ഷനാണ് മുരിങ്ങ. മുരിങ്ങയില കൊണ്ടുണ്ടാക്കുന്ന എണ്ണ നല്ല ഫലം തരുന്നു.

ഇതിന് പുറമെ മുരിങ്ങയിലയും കഞ്ഞിവെള്ളവും ചേർത്തുള്ള കൂട്ട് മുടിയിൽ തേക്കുന്നതും ആരോഗ്യവും സമ്പുഷ്ടവുമായ മുടിയുണ്ടാകാൻ സഹായിക്കും. ഇതിനായി പുളിപ്പിച്ച കഞ്ഞിവെള്ളവും മുരിങ്ങയിലയുമാണ് വേണ്ടത്. മുടിയുടെ നീളം അനുസരിച്ച് മുരിങ്ങയിലയുടെ അളവും എടുക്കാം. മുരിങ്ങയില അരച്ചോ, മുരിങ്ങയില പൊടിയിലോ കഞ്ഞിവെള്ളം ചേർത്ത് പായ്ക്കുണ്ടാക്കുക. ഇത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കണം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.

ഷാംപൂ ഉപയോഗിയ്ക്കാതിരിക്കുന്നതാണ് നല്ലത്. മുടിയെ യാതൊരു വിധത്തിലും പ്രതികൂലമായി ബാധിക്കാത്തതിനാൽ ഈ പ്രകൃതിദത്ത മരുന്ന് ഏതു തരം മുടിയുള്ളവര്‍ക്കും പരീക്ഷിക്കാവുന്നതാണ്.

ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സ്ഥിരമായി തേച്ചാൽ ഗുണമുണ്ടാകും. മുടി വളരാനും കറുപ്പ് നിറം നല്‍കാനും നര തടയാനുമെല്ലാം ഇത് നന്നായി ഗുണം ചെയ്യും.

ആരോഗ്യഗുണങ്ങളിൽ മുരിങ്ങ സമ്പന്നനാണെന്ന് ശാസ്ത്രീയമായി വരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. തളർച്ച, ക്ഷീണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുരിങ്ങ സംരക്ഷിക്കുന്നു. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാനും സഹായിക്കുന്നു. സ്ത്രീ-പുരുഷ വന്ധ്യതയ്ക്ക് സഹായിക്കുന്ന പ്രകൃതി ദത്ത ഔഷധം കൂടിയാണെന്ന് പറയാം. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഹോര്‍മോണല്‍ ഇംബാലന്‍സിനും പുരുഷനെ ബാധിയ്ക്കുന്ന ഉദ്ധാരണ, ബീജ പ്രശ്‌നങ്ങള്‍ക്കും മുരിങ്ങയില ആഹാരമാക്കുന്നതിലൂടെ മറികടക്കാനാകും.

അസ്ഥികളുടെ ആരോഗ്യത്തിന് ഗുണകരമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടം കൂടിയാണ് മുരിങ്ങ ഇല. സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പ്രവർത്തിക്കാനും ഇത് സഹായിക്കുന്നു. എല്ലുകൾക്ക് ശക്തി നൽകാനും ഇത് മികച്ചതാണ്.

ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി തുടങ്ങി നിരവധി സവിശേഷതകൾ ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ  മുരിങ്ങയില കറിയാക്കിയും തോരൻ വച്ചും മുരിങ്ങയില ജ്യൂസാക്കിയുമൊക്കെ ആഹാരത്തിലേക്ക് ഉൾപ്പെടുത്തിയാൽ ഏത് പ്രായത്തിലുള്ളവർക്കും ഒരുപോലെ ഫലം ചെയ്യുന്നു.

English Summary: Drumstick oil is effective for hair growth

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds