ശരീരത്തിന് വണ്ണമില്ലെങ്കിലും ചിലപ്പോഴൊക്കെ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ കഴിയാതെ വരാറുണ്ട്. ചിലപ്പോൾ ചാടിയ വയർ കാരണമായിരിക്കാം, അല്ലെങ്കിൽ തുട വണ്ണമായിരിക്കാം.
അതുമല്ലെങ്കിൽ കൈകളുടെയോ കാലുകളുടെയോ അമിത വണ്ണമോ മറ്റോ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചേക്കാം. സ്ലീവ്‌ലെസ് ഷർട്ടുകളും ടോപ്പുകളും ധരിക്കുന്നതിൽ കൈവണ്ണം ഒരു പ്രധാന പ്രശ്നമായി തോന്നുവർക്ക് ചുവടെ പറയുന്ന ടിപ്സുകൾ പരീക്ഷിക്കാം.
കൈകളിലെ അമിത വണ്ണം (Arm fat) ഏറ്റവും കൂടുതൽ പ്രശ്നമായി തോന്നാറുള്ളത് സ്ത്രീകൾക്ക് തന്നെയാണ്. ദിവസവും വ്യായാമം ചെയ്താലും, ജിമ്മിൽ ചെലവഴിച്ചാലും കൈവണ്ണം കുറയ്ക്കാൻ സാധിച്ചെന്ന് വരില്ല.
എന്നാൽ എങ്ങനെ കൃത്യമായി വ്യായാമം ചെയ്താലാണ് കൈയിലെ അമിത വണ്ണം കുറയുക (Excercise for arm fat) എന്ന് നോക്കാം. ഇതിനായി മുഖ്യമായും ചെയ്യാവുന്ന നാല് വ്യായാമങ്ങൾ ചുവടെ വിവരിക്കുന്നു.
1. ആദ്യം നിവർന്ന് നിൽക്കുക. ശേഷം കൈകൾ രണ്ടും തോളിന്റെ ലെവലിൽ ഉയർത്തി പിടിക്കുക. കൈകൾ മുകളിലോട്ടോ താഴേയ്‌ക്കോ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കൈകൾ ഇങ്ങനെ വിരിച്ച് പിടിച്ച് നിന്ന ശേഷം മുമ്പോട്ടും പുറകോട്ടും വട്ടത്തിൽ കറക്കുക. ഇത്തരത്തിൽ ഏകദേശം 20 തവണ എങ്കിലും ചെയ്യുക. പിന്നീട് 10 സെക്കന്റ് വിശ്രമിച്ച്, വീണ്ടും 20 തവണ ഇതുപോലെ ആവർത്തിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: പ്രായമേറിയവരിൽ കൊളസ്‌ട്രോള്‍ വരാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
2. ആദ്യം നിവർന്ന് നിൽക്കുക. തുടർന്ന് രണ്ടു കൈകളും വശങ്ങളിലേക്ക് ഉയർത്തി തോളിന് സമാന്തരമായി പിടിക്കുക. കൈകൾ മുകളിലേക്കോ താഴേയ്‌ക്കോ പോകാൻ പാടില്ല എന്നത് ശ്രദ്ധിക്കുക. തോളിന്റെ ലെവലിൽ കൈകൾ പിടിച്ച ശേഷം ഇരു കൈകളും ക്രോസ്സ് ചെയ്യുക. കൈ കുറുകെ വയ്ക്കുമ്പോൾ ഒരു കൈയുടെ മുകളിൽ മറ്റേ കൈ വരുന്ന രീതിയിൽ വയ്ക്കുക.
കൈകൾ മടങ്ങാതിരിക്കാനും ശ്രദ്ധിക്കണം. ഇത് ഒരു 20 പ്രാവശ്യമെങ്കിലും ചെയ്യുക. അതിനു ശേഷം ഒരു 10 സെക്കൻഡ് വിശ്രമം നൽകി, തുടർന്ന് ഈ വ്യായാമം ആവർത്തിക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ കൈത്തണ്ടയിലെ അമിത വണ്ണം കുറയുന്നതായിരിക്കും.
3. കൈവണ്ണം കുറയാനുള്ള ഈ വ്യായാമത്തിൽ, കൈകൾ രണ്ടും മടക്കിയ ശേഷം കൈമുട്ടുകൾ തോളിന് നേരെ ഉയർത്തുക. ഇങ്ങനെ ചെയ്യുമ്പോൾ മുഷ്ടികൾ നെഞ്ചിന് നേരെ വരത്തക്ക വിധത്തിലാണ് പിടിക്കേണ്ടത്. അതിനു ശേഷം ഈ കൈമുട്ടുകൾ മാത്രം മുകളിലേയ്ക്ക് ഉയർത്തുക.
ഇങ്ങനെ ചെയ്യുമ്പോൾ കൈത്തണ്ടയുടെ താഴെ വേദന അനുഭവപ്പെടാം. എന്നാൽ ഈ വ്യായാമം 20 തവണ ചെയ്യുക. ശേഷം കുറച്ച് നേരം വിശ്രമിച്ചിട്ട് 20 തവണ വീണ്ടും ആവർത്തിക്കുക.
4. രണ്ടു കൈകളും വശങ്ങളിലേക്ക് വിരിച്ച് പിടിച്ചുകൊണ്ട്, കൈകൾ തോളിന്റെ ഉയരത്തിൽ നിന്ന് അല്പം മുകളിലേയ്ക്ക് കൊണ്ടുവരുക. ശേഷം കൈകൾ താഴോട്ട് കൊണ്ടുവരണം. കൈകൾ തോളിന്റെ ലെവലിൽ നിന്ന് താഴ്ത്തി കൊണ്ടുവന്ന് ശരീരത്തിൽ നിന്ന് കുറച്ച് അകത്തി വേണം പിടിക്കേണ്ടത്.
ഇത് ഒരു 40 സെക്കന്റ് വരെ ചെയ്യാം. 10 സെക്കന്റ് വിശ്രമിച്ച ശേഷം 40 സെക്കന്റ് നേരത്തേക്ക് വീണ്ടും ആവർത്തിക്കാം. വളരെ വേഗത കൂട്ടാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് കൈകൾക്ക് ഉളുക്ക് വീഴാനോ മറ്റ് അപകടങ്ങൾക്കോ കാരണമാകാം. എങ്കിലും, വ്യായാമം എത്രത്തോളം വേഗത്തിൽ ചെയ്യാമോ എന്നതും ശ്രദ്ധിക്കുക.