ഒരു സ്ത്രീ വളരെ കരുതൽ നൽകേണ്ട സമയമാണ് ആർത്തവ കാലം. ശാരീരികമായും മാനസികമായും സ്ത്രീകളിൽ കാര്യമായ മാറ്റം വരുന്ന സമയമാണെന്ന് കൂടി പറയാം. വയറു വേദന, തലവേദന, നടുവേദന, ക്ഷീണം, വയറു വീർക്കൽ തുടങ്ങി മിക്കവരും ഈ സമയത്ത് ശാരീരിക ബുദ്ധിമുട്ടുകളും മാനസിക സമ്മർദങ്ങളും അനുഭവിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: അനീമയയ്ക്ക് ഇരുമ്പടങ്ങിയ ഭക്ഷണം മാത്രം മതിയോ?
ആർത്തവ കാലയളവിൽ സ്ത്രീകൾ ആഹാരശൈലിയിലും കാര്യമായ ശ്രദ്ധ നൽകേണ്ടതുണ്ട്. ആർത്തവത്തിന് മുമ്പും ശേഷവും സ്ത്രീകൾ ഇത്തരത്തിൽ ക്ലേശങ്ങളിലൂടെ കടന്നുപോകുന്നു. എന്നാൽ ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെ ഇവയിൽ നിന്ന് ആശ്വാസം കണ്ടെത്താനാകും. ആർത്തവത്തിന് മുൻപും ആർത്തവ കാലയളവിലും അതിന് ശേഷവും കഴിയ്ക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചും വിഭവങ്ങളെ കുറിച്ചും മനസിലാക്കാം.
-
ആർത്തവത്തിന് മുൻപ്
ആർത്തവ സമയത്ത് മാത്രമല്ല ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത്. ആർത്തവം ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപ് സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് കൂടുതലായിരിക്കും. അതിനാൽ, ശരീരത്തിലെ ഫോളിക്കിൾ-സ്റ്റിമുലേറ്റിങ് ഹോർമോൺ, ല്യൂട്ടിനൈസിങ് ഹോർമോൺ എന്നിവ കുറവായിരിക്കും.
ഈ സമയത്ത് ചിലർക്ക് പിഎംഎസ് അഥവാ പ്രീമെൻസ്ട്രൽ സിൻഡ്രോം ഉണ്ടാകാറുണ്ട്. സ്ത്രീകളിൽ ആർത്തവത്തിന്റെ ഭാഗമായി വരുന്ന ദേഷ്യം, വിഷമം, ക്ഷീണം, ഇഷ്ടപെട്ട ഭക്ഷണത്തോടുള്ള ആസക്തി എല്ലാം ഈ കാലയളവിലായിരിക്കും.
നാരുകൾ അടങ്ങിയ ഭക്ഷണമാണ് ഈ സമയത്ത് ഉചിതം. ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം, പരിപ്പ്, പയർ, ബീൻസ് എന്നിവയും ചീര പോലുള്ള ഇലക്കറികളും ആഹാരക്രമത്തിലേക്ക് അധികമായി ഉൾപ്പെടുത്തുക. ഡാർക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നതും നല്ലതാണ്. ശരീരത്തിന് നന്നായി വെള്ളം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കുക.
-
ആർത്തവ സമയത്ത്
ശാരീരിക വേദന ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സമയമാണിത്. വയറു വേദന, നടു വേദന, തലവേദന പോലുള്ള ശാരീരിക പ്രശ്നങ്ങളും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. ആഹാരത്തിലൂടെ ശരീരത്തിന് പോഷകം നൽകുന്നതിൽ ശ്രദ്ധിക്കുക. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.
ചൂടുള്ള പാനീയങ്ങൾ, കുരുമുളക് അല്ലെങ്കിൽ ഇഞ്ചി ഇട്ട ചായ എന്നിവ വേദനസംഹാരിയായി ഉപയോഗിക്കാം. നന്നായി വെള്ളം കുടിയ്ക്കുക. ഇരുമ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിയ്ക്കുക. അതായത്, ചീര, ബ്രൊക്കോളി, പയർ, പരിപ്പ്, കടല, സോയാബീൻ തുടങ്ങിയ പയർവർഗങ്ങൾ, കപ്പലണ്ടി, പെക്കൻ, വാൾനട്ട്, പിസ്ത, ബദാം, കശുവണ്ടി എന്നിവ ആർത്തവ സമയത്തെ ആഹാരശൈലിയാക്കുക.
-
ആർത്തവത്തിന് ശേഷം
ആർത്തവത്തിന് ശേഷവും ആഹാരം കഴിയ്ക്കുന്നതിലും ഭക്ഷണത്തിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്നതിലും ശ്രദ്ധിക്കണം. ആർത്തവത്തിന്റെ നാല് മുതൽ ഏഴു ദിവസത്തിന് ശേഷം ശരീരത്തിൽ ഈസ്ട്രജന്റെ അളവ് വർധിക്കുന്നു. ആർത്തവം തുടങ്ങി 14-ാം ദിവസം ശരീരത്തിൽ അണ്ഡോത്പാദന പ്രക്രിയയും ആരംഭിക്കുന്നു.
പയർവർഗങ്ങൾ, പാലുൽപ്പന്നങ്ങൾ, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഈ സമയത്ത് കഴിയ്ക്കുക. വൈറ്റമിൻ ബി, കാൽസ്യം അടങ്ങിയ ഭക്ഷണമാണ് ആരോഗ്യത്തിന് അത്യാവശ്യമായി ഈ സമയത്ത് വേണ്ടത്.
എരിവുള്ള ഭക്ഷണം അമിതമാകാതിരിക്കാൻ കരുതൽ വേണം. നാരുകളുള്ള പച്ചക്കറികൾ, പഴങ്ങൾ, പയർ, സ്ട്രോബെറി എന്നിവ കഴിയ്ക്കുക. ഓട്‌സ്, ബ്രൗൺ റൈസ്, ഫ്ളാക്സ് സീഡ്, പരിപ്പ് വർഗങ്ങൾ, ധാന്യങ്ങൾ, നാരുകൾ തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശരീരത്തിൽ ആവശ്യത്തിന് ജലത്തിന്റെ അളവ് നിലനിർത്തുന്നതിനും ശ്രദ്ധിക്കുക.