മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ഒരു പരമ്പരാഗത ചികിത്സയായി പലരും ഹെയർ ഓയിലിങ് (Hair oiling) ഉപയോഗിക്കുന്നു. എന്നാൽ, ആരോഗ്യകരമായ കേശ പരിപാലനം (Hair care) ഉറപ്പാക്കുന്നതിൽ എണ്ണ എങ്ങനെ ഉപയോഗിക്കുന്നു (How to use oil) എന്നതും പ്രധാനമാണ്. മുടി കൊഴിച്ചിലിനും നരയ്ക്കും മുത്തശ്ശിവൈദ്യത്തിലെ ഒറ്റമൂലിയാണ് തലയോട്ടിയിലും മുടിനാരിഴകളിലും എണ്ണ തേയ്ക്കുന്നത്.
എന്നാൽ തലയിൽ ശരിയായി എണ്ണ തേയ്ക്കാത്തത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരത്തിൽ എണ്ണ തേക്കുമ്പോൾ നിങ്ങൾ വരുത്തുന്ന പിഴവുകൾ എന്തെല്ലാമെന്ന് അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാം
1. തലയിൽ ശക്തിയായി മസാജ് ചെയ്യുക
കഠിനമായ ഓയിൽ മസാജുകൾ മുടിയിഴകൾക്കിടയിൽ ഘർഷണം ഉണ്ടാക്കുകയും ഇതുവഴി എളുപ്പത്തിൽ മുടി പൊട്ടിപ്പോകുകയും ചെയ്യും. നിങ്ങളുടെ തലയോട്ടിയിൽ ദീർഘനേരം മസാജ് ചെയ്യുന്നത് നിങ്ങളുടെ മുടി ഇഴകൾ പൊട്ടിപ്പോകുന്നതിനും അത് ദുർബലപ്പെടുന്നതിനും കാരണമാകും. ആരോഗ്യമുള്ള മുടിക്കും ശിരോചർമത്തിനുമായി എണ്ണ തേച്ചതിന് ശേഷം 5 മിനിറ്റ് തലയോട്ടിയിൽ മൃദുവായി തടവുക.
2. ഹെയർസ്റ്റൈലുകളിലെ പിഴവ്
എണ്ണ തേച്ചതിന് ശേഷം മുടി ബണ്ണ് ഉപയോഗിച്ചും മറ്റും ഇറുക്കി കെട്ടുന്ന ശീലം വേരുകളെ ദുർബലപ്പെടുത്തുകയും മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ട്രാക്ഷൻ അലോപ്പീസിയയിലേക്കും നയിച്ചേക്കാം. മുടി ഇങ്ങനെ ഇറുക്കി കെട്ടുന്നത് അഗ്രം പൊട്ടുന്നതിനും കാരണമാകും.
3. എണ്ണ കൂടുതലായാൽ
എണ്ണ കൂടുതലായി ഉപയോഗിക്കുന്നത്, ഷാംപൂ അധികം ഉപയോഗിക്കുന്നതിലേക്കും നയിക്കും. അതുപോലെ രാത്രിയിൽ എണ്ണ തേച്ച് കിടക്കുന്ന പതിവും ഉപേക്ഷിക്കണം. നിങ്ങളുടെ മുടി വരണ്ടതാണോ അല്ലയോ എന്ന് നോക്കിയാകണം എണ്ണ പുരട്ടേണ്ടത്. എണ്ണമയമുള്ള മുടിയിൽ കാൽ മണിക്കൂർ മാത്രം എണ്ണ തേച്ച് പിടിപ്പിച്ചാൽ മതി. എന്നാൽ വരണ്ട മുടിയുള്ള ആളുകൾ തലമുടിയിൽ കൂടുതൽ സമയം എണ്ണ പുരട്ടി ഉണങ്ങാനായി അനുവദിക്കുക. കൂടാതെ, നനഞ്ഞ മുടിയിൽ എണ്ണ പുരട്ടുന്നത് ഒഴിവാക്കുക. കാരണം ഇത് തലയോട്ടിയിലെ സുഷിരങ്ങൾ അടയുന്നതിന് കാരണമാകും.
4. എണ്ണ തണുത്തതായാൽ
തണുത്ത എണ്ണ പുരട്ടുന്നത് തലയ്ക്കും തലമുടിയ്ക്കും അത്രയധികം നല്ലതല്ല. നിങ്ങളുടെ മുടിയിലും തലയോട്ടിയിലും ചൂടുള്ള എണ്ണ തേച്ചുപിടിപ്പിച്ചാൽ അത് സുഷിരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത് എളുപ്പത്തിലാക്കും. ചൂടുള്ള എണ്ണ തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു. ഇത് ആരോഗ്യമുള്ള മുടി പ്രോത്സാഹിപ്പിക്കാൻ സഹായിക്കും. രോമകൂപങ്ങളെ പോഷിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
5. രാത്രി മുഴുവൻ എണ്ണ സൂക്ഷിക്കുക
നിങ്ങളുടെ തലമുടി 12 മണിക്കൂറിൽ കൂടുതൽ എണ്ണ തേച്ച് പിടിപ്പിച്ച് വക്കുന്നത് തലയോട്ടിയിൽ അഴുക്ക് അടിയുന്നതിലേക്ക് നയിക്കും. മാത്രമല്ല, ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണയുമായി കലരുന്നതിനും കാരണമാകും. പഴമക്കാർ ചെയ്തിരുന്നത് പോലെ രാത്രി മുഴുവൻ എണ്ണ പുരട്ടുന്നത് തലയിണയിലെയും കിടക്കയിലെയും പൊടി മുടിയിലേക്ക് ഒട്ടിപ്പിടിക്കുന്നതിലേക്ക് നയിക്കും. തൽഫലമായി, ഇത് മുടി കൊഴിച്ചിലിനും കേശ സംബന്ധമായ മറ്റ് പ്രശ്നങ്ങൾക്കും കാരണമാകും.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.