ഇന്ത്യയിൽ കുട്ടികളിൽ അമിതവണ്ണം കൂടുതലായി കണ്ടുവരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനെ കുറിച്ചുള്ള പഠനങ്ങൾ ചെന്നെത്തിയത് ഭക്ഷണം കഴിയ്ക്കുമ്പോൾ കുട്ടികൾ ടിവി കാണുന്നതിലേക്കാണ്. ടിവിയോ ലാപ്‌ടോപ്പോ മൊബൈൽ ഫോണോ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികളിൽ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.
എന്നാൽ കുടുംബത്തിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ടിവി കണ്ട് ഭക്ഷണം കഴിച്ചാൽ...
ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ, മെറ്റബോളിസം മന്ദഗതിയിലാകുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ടിവിയോ ലാപ്ടോപ്പിലോ മൊബൈൽ ഫോണിലോ എന്തെങ്കിലും പരിപാടികൾ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ മുഴുവൻ ടിവിയിലെ പരിപാടിയിൽ മാത്രമായി ഒതുങ്ങും. അതിനാൽ താൻ എത്രമാത്രം കഴിക്കുന്നുണ്ടെന്ന് കുട്ടിയ്ക്ക് മനസിലാകില്ല. അതായത്, പ്രായത്തിന് അനുസരിച്ച് ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: അനീമയയ്ക്ക് ഇരുമ്പടങ്ങിയ ഭക്ഷണം മാത്രം മതിയോ?
ടിവി കണ്ടുകൊണ്ട് അത്താഴമോ ഉച്ചഭക്ഷണമോ കഴിയ്ക്കുന്ന കുട്ടിയായാലും ജങ്ക് ഫുഡ് കഴിയ്ക്കുന്നവരായാലും അത് പൊണ്ണത്തടിക്ക് കാരണമാകുന്നു.
വയറിൽ ഇതുവഴി കൊഴുപ്പ് അടിയുന്നത് കുട്ടികളിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിനെയും ബാധിക്കും.
ഫൈബര്‍ അടങ്ങിയ പോഷക ഗുണമുളള ഭക്ഷണങ്ങൾ നൽകി അവരുടെ ആരോഗ്യം പരിപാലിക്കേണ്ടതുണ്ട്. എണ്ണ കലർന്ന പലഹാരങ്ങളും മധുരങ്ങളും കഴിക്കുന്നതിന് പകരം ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ കുട്ടികളെ പ്രോത്സഹിപ്പിക്കുകയാണ് വേണ്ടത്.
കുട്ടികൾ ആഹാരം കഴിയ്ക്കുമ്പോൾ അവരുടെ ശ്രദ്ധ മുഴുവൻ ടിവിയിൽ മാത്രമാകുന്നു. കുട്ടികൾ കാർട്ടൂണുകളിലെ സംഭാഷണം പോലെ സംസാരിക്കാൻ ശ്രമിക്കുന്ന പ്രവണതയും കാണാം. ഇത് കുട്ടികൾ വളരുമ്പോൾ ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരാനും കാരണമാകും.
പണ്ട് കാലത്ത് കുട്ടികൾക്ക് കഥകൾ പറഞ്ഞ് നൽകിയിരുന്നതിന് പകരം രക്ഷിതാക്കൾ കുട്ടികൾക്ക് ഫോൺ നൽകുന്നു. എന്നാൽ, ഇത് കുട്ടികളെ അനാരോഗ്യമായാണ് ബാധിക്കുന്നത്.
അതിനാൽ ആദ്യം ഭക്ഷണം കഴിക്കുക, പിന്നീട് സുഖമായി ടിവി കാണുക എന്ന ശീലം കുട്ടികളിൽ തുടക്കത്തിലേ വളർത്തിയെടുക്കാൻ ശ്രമിക്കണം.