1. Environment and Lifestyle

വൈകി ആഹാരം കഴിയ്ക്കുന്നതിന് കാരണം ഇവയാണ്; ശ്രദ്ധിച്ചാൽ വലിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാം

രാത്രി വൈകി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്ന കാരണങ്ങളെന്തെന്ന് മനസിലാക്കാം.

Anju M U
food
വൈകി ആഹാരം കഴിയ്ക്കുന്നതിനുള്ള കാരണം

അത്താഴം വയറു നിറയെ കഴിച്ചാലും രാത്രി വൈകിയോ അർധരാത്രിയിലോ ഭക്ഷണം കഴിക്കാൻ തോന്നുന്നവരുണ്ട്. ഫാസ്റ്റ് ഫുഡ്ഡോ എരിവുള്ള ഭക്ഷണങ്ങളോ സ്നാക്സോ സ്ഥിരമായി കഴിക്കാറുണ്ട്. എന്നാൽ രാത്രി വൈകി ആഹാരം കഴിയ്ക്കുന്നത് പതിവാക്കി മാറ്റിയാൽ ശരീരത്തിനെ അത് വളരെ ദോഷകരമായി ബാധിക്കും. എന്തുകൊണ്ടായിരിക്കും രാത്രി വൈകി ആഹാരം കഴിയ്ക്കാനുള്ള പ്രവണത തോന്നുന്നതെന്നും അതുമൂലം ആരോഗ്യത്തിനുണ്ടാകുന്ന പ്രശ്നങ്ങളും മനസിലാക്കാം.

ഏകാന്തതയോ, മാനസിക പിരിമുറുക്കങ്ങളോ അല്ലെങ്കിൽ വിഷാദമോ അനുഭവപ്പെടുന്ന അവസ്ഥയിൽ ഭക്ഷണം കഴിയ്ക്കുന്നവരുണ്ട്.

ഭക്ഷണസമയത്ത് ലഭിക്കേണ്ട പ്രോട്ടീൻ-കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയുടെ അസന്തുലിതാവസ്ഥയും പിന്നീട് വൈകി ആഹാരം കഴിയ്ക്കുന്നതിന് കാരണമാകുന്നു.

അമിതമായ ഡയറ്റിങ്ങും കലോറി കുറവും രാത്രി വൈകി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിച്ചേക്കാം. ഗ്രെലിൻ അഥവാ ലെഫ്റ്റിൻ പോലെയുള്ള ഹോർമോണുകളുടെ അസന്തുലിതാവസ്ഥയും കാരണമാകുന്നു. ഗ്രെലിൻ വിശപ്പ് ഹോർമോണും ലെപ്റ്റിൻ സംതൃപ്തി ഹോർമോണുമാണ്.

വൈകിയുള്ള ഭക്ഷണത്തിന്റെ പ്രത്യാഘാതങ്ങൾ

അർധരാത്രിയിൽ ഭക്ഷണം കഴിക്കുന്നത് ദഹനത്തെയും അതിലൂടെ ശരീരത്തിന്റെ അനുബന്ധ പ്രവർത്തനങ്ങളെയും ബാധിക്കാറുണ്ട്. ഭക്ഷണം ശരിയായി ദഹിക്കാതെ വന്നാൽ അത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾക്കും മറ്റും കാരണമാകുന്നു.

പൊണ്ണത്തടി വൈകി ഭക്ഷണം കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്നം. വൈകി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് ശരീരത്തില്‍ അധിക കലോറി വളരെക്കാലം സൂക്ഷിക്കുന്നതിനും കൊഴുപ്പ് സംഭരിക്കപ്പെടുന്നതിനും കാരണമാകുന്നു.

രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെ പല രോഗങ്ങൾക്കും കൂടി ഇത് കാരണമാകാറുണ്ട്. അതായത്, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന ബിപിയ്ക്കും പ്രമേഹത്തിനും കാരണമാകുന്നു. ഇത് ഗ്ലൂക്കോസ് വര്‍ധിപ്പിക്കുന്നതിനും വഴി വയ്ക്കും. രക്തത്തിലെ ഒരു പ്രത്യേക കൊഴുപ്പ് വർധിപ്പിക്കുന്നതിനാൽ, ഹൃദ്രോഗങ്ങളിലേക്കും ഇത് നയിക്കുന്നു. അതിനാൽ തന്നെ രാത്രി വളരെ വൈകിയുള്ള ഭക്ഷണ ശീലം ഒഴിവാക്കേണ്ടതാണ്.

അത്താഴം കഴിയ്ക്കുന്നതും നേരത്തെയാക്കാം...

നേരത്തെ അത്താഴം കഴിക്കുന്നത് ദഹനത്തെയും ആരോഗ്യത്തെയും മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു. രാത്രി നേരത്തേ ഭക്ഷണം കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ പോലുള്ള മിക്ക ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കും. ഭക്ഷണം നന്നായി ദഹിക്കാനും ഇത് സഹായിക്കും.

ഒരു ദിവസത്തെ അവസാനത്തെ ഭക്ഷണമായതിനാൽ ശരിയായ സമയത്ത് കൃത്യമായ അളവിൽ തന്നെ ഭക്ഷണം കഴിയ്ക്കാനും ശ്രദ്ധിക്കണം.

ഒരു ദിവസത്തിന്റെ അവസാന സമയത്തിൽ ആധിപത്യം പുലർത്തുന്നത് ശരീരത്തിലെ മൂന്ന് ദോഷങ്ങളിൽ ഒന്നായ കഫ ദോഷമാണെന്ന് ആയുർവേദം വിശദമാക്കുന്നു. അതിനാൽ അത്താഴത്തിനായി തെരഞ്ഞെടുക്കുന്ന ഭക്ഷണം കഫദോഷത്തെ സന്തുലിതമാക്കാനുള്ളതാവണം എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, ജങ്ക് ഫുഡുകൾ, എണ്ണമയമുള്ള ഭക്ഷണങ്ങൾ, നോൺവെജിറ്റേറിയൻ ഇനങ്ങൾ, ഫ്രോസൺ ഫുഡുകൾ, ഹെവി-ടു-ഡൈജസ്റ്റ് ഭക്ഷണങ്ങൾ, തൈര്, ഐസ്ക്രീം എന്നിവയൊക്കെ പരമാവധി രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.

English Summary: Reasons of late night eating and its causes

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds