പിച്ചള പാത്രങ്ങളിൽ പറ്റിയിരിക്കുന്ന എണ്ണമയവും ക്ലാവും വൃത്തിയാക്കുന്നത് അത്ര നിസാരമല്ല. സോപ്പോ, ചകിരിയോ ഒന്നും തന്നെ ചിലപ്പോൾ ഫലപ്രദമാകില്ല. ചാരം, ഉപ്പ്, പുളി എന്നിവയെല്ലാം പ്രയോഗിച്ചാലും നിറം മങ്ങുന്നതല്ലാതെ പാത്രങ്ങൾ തിളങ്ങില്ല. എന്നാൽ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഏത് ക്ലാവും നിമിഷനേരം കൊണ്ട് പോകും. സമയമെടുക്കാതെ വലിയ ചിലവില്ലാതെ തന്നെ പാത്രങ്ങൾ തിളങ്ങുകയും ചെയ്യും.
കൂടുതൽ വാർത്തകൾ: മുടി കൊഴിച്ചിൽ കുറയ്ക്കാൻ സവാള നീര് ഇങ്ങനെ പരീക്ഷിച്ച് നോക്കൂ..
ഇഷ്ടികപ്പൊടിയും നാരങ്ങയും
പച്ച നിറത്തിലാണ് പാത്രങ്ങളിലും മറ്റ് വസ്തുക്കളിലും ക്ലാവ് പിടിച്ചിരിക്കുന്നത്. ഇഷ്ടികപ്പൊടിയും നാരങ്ങാനീരും മിക്സ് ചെയ്ത് പാത്രങ്ങളിൽ തേച്ച് പിടിപ്പിച്ച് 5 മിനിട്ടിന് ശേഷം തുണിയോ സ്ക്രബറോ ഉപയോഗിച്ച് ഇത് തുടച്ച് നീക്കാം. പാത്രങ്ങൾ വെട്ടിത്തിളങ്ങുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
സോപ്പ് പൊടി ആയാലും മതി
പാത്രങ്ങൾ അധികമുണ്ടെങ്കിൽ മറ്റൊരു വിദ്യ പ്രയോഗിക്കാം. ചൂടുവെള്ളത്തിൽ സോപ്പുപൊടി കലക്കണം. പാത്രങ്ങൾ കുറച്ചുനേരം ലായനിയിൽ മുക്കി വയ്ക്കാം. ശേഷം തുണിയോ, ടൂത്ത് ബ്രഷോ ഉപയോഗിച്ച് പതുക്കെ തുടച്ചെടുക്കണം.
വിനാഗിരി കയ്യിലുണ്ടോ
ക്ലാവ് പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ വിനാഗിരിയും ഉപ്പും അരിപ്പൊടിയും മതി. ഇവ മൂന്നും മിക്സ് ചെയ്ത് പാത്രങ്ങൾ തുടയ്ക്കണം. ശേഷം ചൂടുവെള്ളത്തിൽ കഴുകിയെടുത്താൽ മതി. അല്ലെങ്കിൽ ചൂടുവെള്ളത്തിൽ ഉപ്പും വിനാഗിരിയും ചേർത്ത് പാത്രങ്ങൾ തുടച്ചെടുത്താലും മതി.
നാരങ്ങാ നീര് മാത്രം
പിച്ചള പാത്രങ്ങൾ തിളങ്ങാൻ നാരങ്ങാ നീര് മാത്രം മതി. പാത്രങ്ങളിൽ നാരങ്ങാനീര് പുരട്ടിയ ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചെടുത്താൽ മതി, പാത്രങ്ങൾ പുത്തനാകും.
വെള്ളിപ്പാത്രങ്ങളും തിളങ്ങും; എളുപ്പവഴികൾ
വെള്ളിപ്പാത്രങ്ങൾ നിറം മങ്ങാതെ സൂക്ഷിക്കാൻ പ്രയാസമാണ്. ഒരുമുറി ഉരുളക്കിഴങ്ങെടുത്ത് ഉരച്ചാൽ വസ്തുക്കളുടെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സാധിക്കും. ടൂത്തും പേസ്റ്റും ബെസ്റ്റാണ്. തുണിയിലോ, ബ്രഷിലോ കുറച്ച് പേസ്റ്റെടുത്ത് പാത്രങ്ങൾ തുടയ്ക്കുകയോ പതിയെ ഉരയ്ക്കുകയോ ചെയ്താൽ മതി.
നിറം മങ്ങിയ വെള്ളി ആഭരണങ്ങളോ പാത്രങ്ങളോ ഒരു അലുമിനിയം പാത്രത്തിൽ എടുക്കണം. ഇതിൽ ബേക്കിംഗ് സോഡ വിതറിയ ശേഷം തിളച്ച വെള്ളം ഒഴിക്കുക. കുറച്ച് നേരം കഴിയുമ്പോൾ അഴുക്ക് മാറും. ശേഷം തുടച്ചെടുത്താൽ ആഭരണങ്ങൾ തിളങ്ങുന്നത് കാണാം.
പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പിച്ചള പാത്രങ്ങൾ ഒരിക്കലും ശക്തിയായി ഉരച്ച് കഴുകാൻ പാടില്ല. മൃദുലമായ തുണി ഉപയോഗിച്ച് തുടയ്ക്കണം. അല്ലെങ്കിൽ പാത്രത്തിൽ സ്ക്രാച്ചുകൾ വരുകയോ, മങ്ങുകയോ ചെയ്യും. പാത്രങ്ങളിൽ ക്ലാവ് പിടിക്കാതിരിക്കാൻ ഉപയോഗശേഷം തന്നെ കഴുകണം. പാത്രങ്ങളിലോ മറ്റ് വസ്തുക്കളിലോ എണ്ണമയം അധികനേരം ഉണ്ടാകാൻ അനുവദിക്കരുത്.