പയർ, കടല, പരിപ്പ് എന്നിവ കുറച്ചധികം വാങ്ങി സൂക്ഷിക്കുന്നത് നമ്മുടെ ശീലമാണ്. എന്നാൽ അടുക്കളയിൽ എത്തിക്കഴിഞ്ഞാലോ പിന്നെ അവ പ്രാണികൾ കയ്യടക്കുന്നു. ഇവ ധാന്യങ്ങളെ മുഴുവനായും നശിപ്പിക്കുകയും ചെയ്യുന്നു. പിന്നെ എത്ര കഴുകി ഉണക്കിയാലും ധാന്യങ്ങൾ ശരിയായി ഉപയോഗിക്കാൻ സാധിക്കണം എന്നില്ല. എന്തൊക്കെ ചെയ്താലും പരിപ്പും പയറും പോലെയുള്ള ധാന്യങ്ങളിലെ പ്രാണികളെ തുരത്തുന്നത് ബുദ്ധിമുട്ടാണ്. അതിനുള്ള ചില പൊടിക്കൈകൾ പരിചയപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: സൺസ്ക്രീൻ ഉപയോഗം കാൻസറിലേക്ക് നയിക്കുമോ?
-
വെളുത്തുള്ളി
ആരോഗ്യത്തിനും ചർമ സംരക്ഷണത്തിനും വെളുത്തുള്ളി വളരെ നല്ലതാണ്. കൂടാതെ പ്രാണികളെ തുരത്താനും ഇവ ബെസ്റ്റാണ്. ധാന്യങ്ങൾ സൂക്ഷിക്കുന്ന ടിന്നിൽ വെളുത്തുള്ളി സൂക്ഷിക്കാം. എന്നാൽ മുള വന്ന വെളുത്തുള്ളി ഒഴിവാക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ വെളുത്തുള്ളി ചീഞ്ഞ് പോകാൻ സാധ്യതയുണ്ട്.
-
ഗ്രാമ്പൂ
കറികളിലെ രുചിയും മണവും കൂട്ടാൻ മാത്രമല്ല, ധാന്യങ്ങളിലെ പ്രാണികളെ ഒഴിവാക്കാനും ഗ്രാമ്പൂ നല്ലതാണ്. ധാന്യങ്ങൾ സൂക്ഷിക്കുന്ന പാത്രത്തിലോ ടിന്നിലോ എട്ടോ പത്തോ ഗ്രാമ്പൂ ഇട്ട് വെക്കാം. പിന്നെ പ്രാണികളുടെ ശല്യം ഉണ്ടാകില്ല. ധാന്യങ്ങൾക്ക് ഇടയിൽ ഗ്രാമ്പു ഇട്ട് വയ്ക്കണം.
-
കറിവേപ്പില
കറിവേപ്പില നല്ലൊരു പ്രകൃതിദത്ത കീടനാശിനിയാണ്. പ്രാണികളെ അകറ്റുന്നതിനൊപ്പം ധാന്യങ്ങൾ കേടാക്കാതെ സൂക്ഷിക്കാനും കറിവേപ്പിലയ്ക്ക് സാധിയ്ക്കും.
-
വേപ്പില
പ്രാണികളെ തുരത്താൻ ആര്യവേപ്പ് വളരെ നല്ലതാണ്. ധാന്യങ്ങൾ ഇട്ട് വയ്ക്കുന്ന ടിന്നിൽ വേപ്പില ഇട്ട് നല്ലപോലെ അടച്ച് വെച്ചാൽ പ്രാണികൾ വരില്ല.
-
വെയിലത്തിട്ട് ഉണക്കാം
ധാന്യങ്ങൾ വാങ്ങിച്ച് കൊണ്ടുവന്ന ഉടൻ തന്നെ ഉപയോഗിക്കരുത്. കൂടുതൽ കാലം കേട് വരാതെ സൂക്ഷിക്കാൻ നല്ലവണ്ണം ഉണക്കിയെടുത്ത ശേഷം സൂക്ഷിക്കുക. പ്രാണികളെ ഒരുവിധം തുരത്താൻ ഇത് സഹായിക്കുന്നു.
-
അൽപം കൂടി ശ്രദ്ധ നൽകാം
ധാന്യങ്ങൾ സൂക്ഷിക്കുന്ന പാത്രത്തിൽ ജലാംശമുണ്ടെങ്കിൽ അത് കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല പാത്രം വായു കടക്കാതെ അടച്ച് സൂക്ഷിക്കണം. വയണയില, മഞ്ഞൾ എന്നിവയും ഇതുപോലെ ധാന്യങ്ങളിലെ പെട്ടിയിൽ ഇട്ട് വയ്ക്കാവുന്നതാണ്. പച്ചക്കർപ്പൂരം അടുക്കളയിൽ വിതറിയാൽ ഈച്ചകളെയും മറ്റ് പ്രാണികളെയും അകറ്റാം. പഞ്ചസാരയിൽ ഉറുമ്പ് കയറുന്നത് ഒഴിവാക്കാനും ഗ്രാമ്പു പ്രയോഗം നല്ലതാണ്. പാറ്റകളെ അകറ്റാൻ പാറ്റ ഗുളികയെക്കാൾ നല്ലത് കർപ്പൂര ഗുളികയാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.