അനായാസം പാകം ചെയ്ത് അനുനിമിഷം കഴിയ്ക്കാമെന്നതിനാൽ ന്യൂഡിൽസിന് ആരാധകർ ഏറെയാണ്. പാചകം കാര്യമായി അറിയാത്തവർക്കുള്ള എളുപ്പപണിയും കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന രുചിയുമാണ് ന്യൂഡിൽസിന്റേത്. എന്നാൽ ആരോഗ്യത്തിന് അത്ര നല്ലതല്ല ന്യൂഡിൽസ്.
നമ്മുടെ ആഹാരശൈലിയിലേക്ക് വളരെ പെട്ടെന്ന് കടന്നുകൂടിയ ന്യൂഡിൽസ് അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിയ്ക്കരുത്; കുട്ടികൾക്ക് ഇത് വലിയ വിനയാകും
ന്യൂഡിൽസിൽ ഉപ്പിന്റെ അംശം ധാരാളം അടങ്ങിയിരിക്കുന്നു. എന്നാൽ, ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ശരീരത്തിൽ അധികമായി എത്തുന്നത് ദോഷം ചെയ്യും. മാത്രവുമല്ല, ശരീരത്തിന് ആവശ്യമായ ഫൈബര്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ പോലുള്ള പോഷകങ്ങൾ ഒന്നും ഇവയിൽ അടങ്ങിയിട്ടില്ല.
അതിനാൽ തന്നെ ഇവ വിശപ്പിനെ ശമിപ്പിക്കുമെങ്കിലും ആരോഗ്യത്തിന് ഗുണകരമാകുന്നില്ല. സാധാരണ നമ്മൾ വീട്ടിലുണ്ടാക്കുന്ന ന്യൂഡിൽസുമായി ഇന്‍സ്റ്റന്റ് ന്യൂഡില്‍സിനെ താരതമ്യം ചെയ്യുമ്പോൾ, ഇവ ദഹിക്കാൻ കൂടുതൽ സമയമെടുക്കും. അതായത് രണ്ടിൽ കൂടുതൽ മണിക്കൂറുകൾ ഇതിന് ആവശ്യമായി വരുന്നു. അതിനാൽ കുടല്‍ ഉള്‍പ്പെടെയുള്ള ദഹനാവയവങ്ങളെയും ഇവ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകും.
ന്യൂഡിൽസ് ശരീരത്തിനെ എങ്ങനെ ദോഷകരമാകുന്നു?
ശരീരത്തിന്റെ താല്‍ക്കാലിക ഭാരം വർധിക്കുന്നതിന് ന്യൂഡില്‍സ് കാരണമാകുന്നു. ന്യൂഡിൽസ് കഴിച്ചു കഴിഞ്ഞ് മണിക്കൂറുകളോളം ഇവ ദഹിക്കാതെ കിടക്കുന്നു. പ്രോസസ്സ് ചെയ്ത നൂഡില്‍സ് ദഹിക്കാതെ തന്നെ അതുപോലെ വയറ്റില്‍ അവശേഷിക്കുന്നു. ഇത് ദഹന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു.
രോഗങ്ങൾ ഇടയ്ക്കിടയ്ക്ക് നിങ്ങളെ സന്ദർശിക്കുന്നതിനും ന്യൂഡില്‍സ് കാരണമാകുന്നു. അതായത്, ആഴ്ചയില്‍ രണ്ടുതവണ ഇന്‍സ്റ്റന്റ് നൂഡില്‍സ് പതിവാക്കുന്ന സ്ത്രീകളുടെ ആരോഗ്യത്തിന് പല രോഗാവസ്ഥകളും ഉണ്ടാകാം. പ്രമേഹവും ഹൃദ്രോഗവും പോലുള്ളവയും ഇതിന്റെ ഫലമായി ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളാണ്. തലവേദന, ഓക്കാനം പോലുള്ള ശാരീരിക ബുദ്ധിമുട്ടുകളും ന്യൂഡിൽസ് അമിതമായി കഴിയ്ക്കുന്നതിലൂടെ ഉണ്ടാകുന്നു.
ന്യൂഡില്‍സ് കഴിക്കുന്നതിലൂടെ കാഴ്ച മങ്ങുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഇതിന് കാരണം ന്യൂഡില്‍സില്‍ ഉൾക്കൊള്ളുന്ന വിഷ അഡിറ്റീവുകളാണ്. ഈ വിഷ അഡിറ്റീവുകളിലൊന്ന് കാഴ്ച മങ്ങുന്നതിന് കാരണമാകുന്നു.
നമ്മൾ വിപണികളിൽ നിന്ന് വാങ്ങുന്ന ഇൻസ്റ്റന്റ് ന്യൂഡിൽസിൽ ഈയം അടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കൂടാതെ, ലെഡിന്റെ അളവും ഇവയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം ശരീരത്തെ മാരകമായി ബാധിക്കുന്നവയാണ്.
ന്യൂഡിൽസ് സ്ഥിരമായി കഴിക്കുമ്പോൾ വയറ്റിനകത്ത് ക്യാന്‍സര്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. ഇതിലുള്ള ടിബിഎച്ച്ക്യു (TBHQ) എന്ന പ്രിസര്‍വേറ്റീവാണ് ഭയാനകമായ ഇത്തരം രോഗങ്ങളിലേക്ക് നയിക്കുന്നതെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
എന്നിരുന്നാലും ന്യൂഡിൽസിനോട് അമിതമായി ഇഷ്ടമുള്ളവർക്ക് ഈ ഭക്ഷണം പൂർണമായും ഒഴിവാക്കുന്നത് പ്രയാസകരമായിരിക്കും. ഇങ്ങനെയുള്ളവർ നിര്‍ബന്ധമുള്ളപ്പോള്‍ ന്യൂഡിൽസ് വീട്ടില്‍ തയ്യാറാക്കി കഴിയ്ക്കുന്നതിനായി ശ്രദ്ധിക്കുക. ഇതിലേക്ക് ധാരാളം പച്ചക്കറികളും മറ്റ് പോഷക സാധനങ്ങളും ചേരുവകളും ചേര്‍ക്കുന്നതും രാസവസ്തുക്കൾ അടങ്ങിയ മസാലകളും ഫ്ലേവര്‍ പാക്കറ്റുകളും ഒഴിവാക്കുന്നതും നല്ലതാണ്.