ചർമത്തിനും മുടിക്കും കൂടാതെ ഉദരപ്രശ്നങ്ങൾക്കുമെല്ലാം അത്യുത്തമമാണ് കറ്റാർവാഴ (Aloe vera). ചർമപ്രശ്നങ്ങൾക്കെല്ലാം ഒറ്റമൂലിയാണ് കറ്റാർവാഴയെന്ന് ആയുർവേദത്തിലും നിർദേശിക്കുന്നു. കാരണം, ചർമത്തിൽ പുരട്ടിയാൽ പോഷകഗുണങ്ങളാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കറ്റാർവാഴയ്ക്ക് സാധിക്കും. ചർമത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനും കേടായ മുടി നന്നാക്കുന്നതിനും കറ്റാർ വാഴ ജെല്ല് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമം തിളങ്ങുന്നതിനും, മുഖക്കുരു മാറുന്നതിനും ഇനി ഇത് പ്രയോഗിക്കൂ…
ഇതിൽ 80 ശതമാനവും ജലാംശം അടങ്ങിയിരിക്കുന്നു. ജലാംശവും പോഷകഘടകങ്ങളും നിറഞ്ഞ കറ്റാർവാഴ ചർമത്തെ പോഷിപ്പിക്കുന്നതിനാൽ, ചർമത്തിൽ മുറിവുകളോ പൊള്ളലുകളോ ഉരച്ചിലുകളോ മൂലമുണ്ടാകുന്ന പാടുകൾ അകറ്റാനും ഇത് ഉപയോഗിക്കാവുന്നതാണ്.
വരണ്ട ചർമത്തിന് എതിരെ മോയ്‌സ്ചുറൈസറായി കറ്റാർവാഴ പ്രയോഗിക്കാം. തിളങ്ങുന്ന മുഖത്തിനും ആരോഗ്യമുള്ള ചർമത്തിനും കറ്റാർവാഴ സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയുടെ ജെല്ല് നേരിട്ട് മുഖത്ത് പുരട്ടാം. എന്നാൽ, മറ്റ് പ്രകൃതിദത്ത പദാർഥങ്ങളോടൊപ്പമാണ് നിങ്ങൾ കറ്റാർവാഴ ഉപയോഗിക്കുന്നതെങ്കിൽ (Ways to use aloe vera) അത് ഇരട്ടി ഫലം തരും. ചർമത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും.
1. മോയ്‌സ്ചുറൈസറിന് പകരം കറ്റാർ വാഴ
വരണ്ട ചർമ പ്രശ്‌നങ്ങൾക്ക് കറ്റാർവാഴ ഉപയോഗിക്കാം. ഇതിന് കറ്റാർവാഴ നേരിട്ട് തന്നെ ചർമത്തിൽ പ്രയോഗിക്കാവുന്നതാണ്. ചർമത്തിന് ജലാംശം നൽകുന്നതിന് ഇത് സഹായിക്കും. ഷേവിങ്ങിന് ശേഷം ചർമത്തിൽ കറ്റാർ വാഴ പുരട്ടുന്നതിലൂടെ മുഖത്തെ ചുവപ്പും പ്രകോപനവും കുറയ്ക്കാൻ കഴിയും. ചർമത്തെ ശമിപ്പിക്കാനും ഇത് സഹായിക്കും.
2. കറ്റാർവാഴയും പഞ്ചസാരയും
സ്കിൻ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ കറ്റാർവാഴ ജെൽ ഉപകരിക്കും. അതായത്, നിർജ്ജീവ കോശങ്ങളിൽ നിന്ന് മുക്തി നേടാനും മുഖത്തെ അഴുക്കും പാടുകളും മായ്‌ക്കാനും കറ്റാർവാഴ നല്ലതാണ്. ഇത് ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായതിനാൽ മുഖക്കുരു, ചർമത്തിലെ അണുബാധ എന്നിവക്കെതിരെ പ്രവർത്തിക്കുന്നു. ഇതിനായി കറ്റാർ വാഴ ജെല്ലിനൊപ്പം പഞ്ചസാര തരികൾ കൂടി കലർത്തി പരീക്ഷിക്കാം. ഇത് ദിവസത്തിൽ രണ്ട് തവണ മുഖത്ത് പുരട്ടിയാൽ പ്രയോജനകരമാണ്.
3. രാത്രി കിടക്കുന്നതിന് മുൻപ്
കിടക്കുന്നതിന് തൊട്ട് മുൻപ് കറ്റാർ വാഴ ജെൽ ഉപയോഗിച്ച് മുഖവും കഴുത്തും കൈകളും മസാജ് ചെയ്യുക. കറ്റാർ വാഴ എണ്ണമയമില്ലാത്തതും മൃദുവായതും ചർമത്തിന് ആഴത്തിലുള്ള മോയ്സ്ചറൈസേഷൻ നൽകുന്നതുമാണ്. മിനുസമാർന്ന ചർമത്തിനായി കറ്റാർവാഴ ഉപയോഗിക്കാം. അതിനാൽ, ഉറങ്ങുന്നതിന് മുൻപ് കുറച്ച് നാരങ്ങാനീരും കറ്റാർ വാഴ ജെല്ലും കലർത്തി മുഖത്ത് പുരട്ടുക. ഇത് പതിവായി ഉപയോഗിക്കാം.
4. പുരികത്തിന് കറ്റാർവാഴ
മുഖത്തിന് മാത്രമല്ല, പുരികത്തിനും കറ്റാർവാഴ പ്രയോഗിക്കാം. നിങ്ങളുടെ പുരികങ്ങൾക്ക് കണ്ടീഷണർ പോലെ കറ്റാർ വാഴ ഉപയോഗിക്കാം. പുരികത്തിലെ രോമങ്ങൾ കൊഴിയുന്ന പ്രശ്നങ്ങൾക്ക് എതിരെയും കറ്റാർ വാഴ പരിഹാരമാകും.
5.സൺടാനിനെതിരെ കറ്റാർവാഴ
സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പിന് പ്രതിവിധിയാണ് കറ്റാര്‍വാഴ. സണ്‍ടാനിനെ പ്രതിരോധിക്കാന്‍ കറ്റാര്‍ വാഴയില്‍ അല്‍പം നാരങ്ങ നീര് ചേർത്ത് ടാന്‍ ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റ് കഴിഞ്ഞ് ഒരു പഞ്ഞി കൊണ്ട് ഇത് തുടച്ചെടുത്ത്, ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്താൽ മികച്ച ഫലം ലഭിക്കും.
6. കറ്റാർവാഴയും മഞ്ഞൾപ്പൊടിയും
ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ നീരിൽ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ കടലമാവും ചേർത്തുള്ള പേസ്റ്റ് മുഖത്ത് തേച്ച് പിടിപ്പിക്കാം. പത്ത് മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. തിളക്കവും നിറവുമുള്ള ചർമത്തിന് ഇത് സഹായിക്കുന്നു.
7. കറ്റാർവാഴയും പനിനീരും
പിഗ്മന്‍ഷേൻ പോലുള്ള ചർമപ്രശ്നങ്ങൾക്ക് പരിഹാരം കാണാന്‍ കറ്റാര്‍വാഴ നല്ലതാണ്. ഇതിനായി കറ്റാര്‍ വാഴയോടൊപ്പം റോസ് വാട്ടര്‍ കൂടി കലർത്തി പിഗ്മന്‍ഷേന് പരിഹാരം കാണാം.
8. കറ്റാർവാഴയും തേനും
നിങ്ങളുടെ ചർമം എണ്ണമയമുള്ളതാണെങ്കിൽ അതിനും പരിഹാരം കറ്റാര്‍ വാഴയിലുണ്ട്. ഇതിനായി തേനും കറ്റാര്‍ വാഴയും കലർത്തിയുള്ള ഫേസ് പാക്ക് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്തെ എണ്ണമയം മാറ്റാൻ ഈ കൂട്ട് ഫലപ്രദമാണ്.
9. കറ്റാർവാഴക്കൊപ്പം കസ്തൂരി മഞ്ഞളും തേനും…
കറ്റാര്‍വാഴ ജെല്ലില്‍ ഒരു നുള്ള് കസ്തൂരി മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ യോജിപ്പിച്ച് ഇതിലേക്ക് ചെറുനാരങ്ങാ നീര് കൂടി കലർത്തി രാത്രി കിടക്കുന്നതിന് മുന്‍പ് പുരട്ടുക. ഇത് രാവിലെ കഴുകിക്കളയുക. തിളങ്ങുന്ന ചർമം ആഗ്രഹിക്കുന്നവർക്ക് പതിവായി പരീക്ഷിക്കാവുന്ന കൂട്ടാണിത്.
10. കറ്റാർവാഴക്കൊപ്പം അരിപ്പൊടി
കറ്റാര്‍വാഴ ജെല്ലില്‍ അരിപ്പൊടി കൂടി ചേര്‍ത്ത് സ്ക്രബ്ബറായി ഉപയോഗിക്കാം. കറ്റാർവാഴയും അരിപ്പൊടിയും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിലെ പാടുകളെ നീക്കാനും, ചർമം തിളങ്ങാനും സഹായിക്കും.