Updated on: 29 May, 2022 5:14 AM IST
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ എല്ലാ മേഖലയിലും പരിവർത്തനം അനിവാര്യം

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ജലവിഭവമുൾപ്പെടെ എല്ലാ മേഖലയിലും പരിവർത്തനം ആവശ്യമാണെന്ന് തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ. 'കേരളത്തിലെ നദീതടങ്ങളുടെ ജലസ്രോതസ്സുകളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഭൂവിനിയോഗ മാറ്റത്തിന്റെയും ജലശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ'എന്ന വിഷയത്തിൽ സി.ഡബ്ല്യൂ.ആർ.ഡി.എമ്മിൽ സംഘടിപ്പിക്കുന്ന ദ്വിദിന സിമ്പോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അടുത്തിടെ ഏറ്റവും കൂടിയതോതിൽ അനുഭവിക്കേണ്ടിവന്ന സംസ്ഥാനമാണ് കേരളം. കാലവർഷത്തിലുൾപ്പെടെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മാറ്റം വന്നുകൊണ്ടിരിക്കുന്നതായി കാണാം.

പ്രളയവും വരൾച്ചയും മാറിമാറി വരുന്നതായും നമുക്കറിയാം. അതിരൂക്ഷമായ വെള്ളപ്പൊക്കത്തിന്റെ വാർഷിക ആവർത്തനങ്ങളും സംസ്ഥാനത്ത് സംഭവിക്കുന്നുണ്ട്. ഇത്തരം പ്രകൃതിദുരന്തങ്ങൾ നമ്മു‌ടെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പഠനവിധേയമാക്കുന്ന ഈ പദ്ധതിയും സമാന ​ഗവേഷണ പദ്ധതികളും ആ​ഗോളവും പ്രാദേശികവുമായ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനായുള്ള നമ്മുടെ യാത്രയിൽ ശക്തമായ പ്രവർത്തനങ്ങൾ രൂപപ്പെടുത്താനുള്ള വഴികാട്ടിയായി വർത്തിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചർച്ചായോ​ഗം പശ്ചിമഘട്ട മേഖലയിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള നമ്മുടെ ബോധ്യം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

‘തദ്രി മുതൽ കന്യാകുമാരി വരെയുള്ള നദികളിലെ ജലസ്രോതസ്സുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം’ എന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് സിമ്പോസിയം സംഘടിപ്പിക്കുന്നത്. ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ നാഷണൽ കമ്മിറ്റി ഓൺ ക്ലൈമറ്റ് ചേഞ്ചി(ഐ.എൻ.സി.സി.സി)ന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഐ.ഐ.ടി ബോംബെ, സി.ഡബ്ല്യൂ.ആർ.ഡി.എം കാലിക്കറ്റ്, എൻ.ഐ.ടി സൂറത്ത്കൽ എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് ഗവേഷണ പദ്ധതി നടത്തുന്നത്. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന ആഘാതങ്ങൾ, ജലസ്രോതസ്സുകളിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ സിമ്പോസിയത്തിൽ ചർച്ച ചെയ്യും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സിമ്പോസിയത്തിൽ നാലു സെഷനുകളിലായി അനുബന്ധ വിഷയങ്ങളിൽ ചർച്ചകളും പാനൽ ഡിസ്കഷനും സംഘടിപ്പിക്കും. രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പ്രൊഫസർമാരും ശാസ്ത്രജ്ഞരും സെഷനുകൾ നയിക്കും.

ചടങ്ങിൽ പ്രൊജക്ട് വെബ്സൈറ്റിന്റെയും, സി.ഡബ്ല്യു.ആർ.ഡി.എം വെബ്സൈറ്റിൽ ലഭ്യമാക്കുന്ന റൂഫ് ടോപ് റെയിൻ വാട്ടർ ഹാർവെസ്റ്റിങ് കാൽക്കുലേറ്ററിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം 'നീരറിവ്' എന്ന പേരിൽ പുറത്തിറക്കിയ പുസ്കത്തിന്റെ പ്രകാശനവും സ്ഥാപനത്തിന് പുതുതായി അനുവദിച്ച ഇലക്ട്രിക് കാറിന്റെ ഫ്ളാ​ഗ് ഓഫും മന്ത്രി നിർവഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക മേഖലയിലുണ്ടാകുന്ന നഷ്ടം കുറയ്ക്കാനായി പുതിയ നിര്‍ദേശങ്ങളുമായി കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ റിപ്പോര്‍ട്ട്

സി.ഡബ്ല്യൂ.ആർ.ഡി.എം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ അധ്യക്ഷനായി. ഐ.ഐ.ടി ബോംബെയിലെ പ്രൊഫ. ടി.ഐ. എൽദോ കാലാവസ്ഥാ വ്യതിയാന പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജലശക്തി മന്ത്രാലയത്തിന്റെ ​ഗം​ഗാ പുനരുജ്ജീവന പദ്ധതി ഡയറക്ടർ രവി ഭൂഷൺ കുമാർ, ഐ.എൻ.സി.സി.സി മെമ്പർ സെക്രട്ടറി ഡോ. ആർ.പി. പാണ്ഡെ എന്നിവർ ഓൺലൈനിൽ സംസാരിച്ചു. സി.ഡബ്ല്യു.ആർ.ഡി.എം രജിസ്ട്രാർ ഇൻ ചാർജ് ഡോ. പി.എസ്. ഹരികുമാർ സ്വാ​ഗതവും സീനിയർ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ നന്ദിയും പറഞ്ഞു.

English Summary: Minister Ahammad Devarkovil Said That Change Is Necessary In Every Sector To Combat Climate Change
Published on: 29 May 2022, 05:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now