ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് പാലും പാലുൽപ്പന്നങ്ങളും. എന്നാൽ പലരിലും കാണുന്ന ഒരു പ്രശ്‌നമാണ് പാല് കുടിക്കുമ്പോൾ ഉണ്ടാകുന്ന അലർജി. ഇങ്ങനെയുള്ളവക്ക് പാലിൻറെ കുറവ് എങ്ങനെ നികത്താം? ബദാം മിൽക്ക്, സോയ മിൽക്ക് തുടങ്ങി സാധാരണ പാലിന് പകരമായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവയെല്ലാം വില കൂടിയവയാണ്. ഇതിനൊരു പരിഹാരവുമായി കാണുകയാണ് സ്വീഡൻ ആസ്ഥാനമായുള്ള DUG എന്ന കമ്പനി. പാലിന് പകരമായി ഉരുളക്കിഴങ്ങ് പാൽ (Potato Milk) വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ കമ്പനി. പാലിൻറെ മാത്രം ചെലവ് വരുന്ന ഉരുളക്കിഴങ്ങ് പാൽ വലിയ അളവിൽ ഉൽപ്പാദിപ്പിക്കാനും കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: സംരംഭം : പാലും പാലുൽപ്പന്നങ്ങളും
ഉരുളകിഴങ്ങ് കൊണ്ടുള്ള പാൽ പശുവിൻ പാലിനും ബദാം മിൽക്ക്, സോയ മിൽക്ക് എന്നിവയ്ക്കും എങ്ങനെ പകരമാകുമെന്നായിരുന്നു പലരുടെയും ചോദ്യം. കാരണം ഉരുളക്കിഴങ്ങ് പാൽ രുചികരമായ ഒന്നായിരിക്കുമെന്ന് പലരും കരുതുന്നില്ല. മാത്രമല്ല ഓട്‌സ് അല്ലെങ്കിൽ സോയ മിൽക്ക് പോലെ ഉരുളക്കിഴങ്ങ് പാൽ അത്ര ജനപ്രിയവുമല്ല. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ ഉരുളക്കിഴങ്ങ് പാൽ പോഷകങ്ങളാൽ സമ്പന്നമാണ്. കൂടാതെ സാധാരണ പാലിന്റെ അതേ കൊഴുപ്പുള്ള ഘടനയും ഉരുളക്കിഴങ്ങ് പാലിനുണ്ട്. പാൽ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് അധിക ചിലവില്ലാതെ വളരെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാൻ കഴിയുന്നതാണ് എന്ന മെച്ചവുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഉരുളകിഴങ്ങ് കൃഷി ചെയ്യാം
നിലവിൽ DUG എന്ന കമ്പനി തങ്ങളുടെ ഉരുളകിഴങ്ങ് പാൽ യുകെയിൽ വില്പനയ്ക്ക് എത്തിച്ചു കഴിഞ്ഞു. മറ്റ് നിരവധി യൂറോപ്യൻ വിപണികളിലും അമേരിക്കയിലും ചൈനയിലും ഉടനെ ഉരുളകിഴങ്ങ് പാൽ അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ ഉരുളകിഴങ്ങ് പാലിന് ആരാധകർ കുറവാണെങ്കിലും മറ്റ് രാജ്യങ്ങളിൽ ഈ പാനീയം അതിവേഗം ജനപ്രീതി നേടുന്നുണ്ട്. ലാക്ടോസ് അടങ്ങിയിട്ടുള്ള പാൽ ഉപയോഗിക്കാൻ കഴിയാത്തവർക്ക് സ്വന്തം വീട്ടിൽ തന്നെ വേണമെങ്കിൽ ഉരുളകിഴങ്ങ് പാൽ ഉണ്ടാക്കാമെന്ന് കമ്പനി പറയുന്നു. ഉരുളക്കിഴങ്ങ് പാൽ വീട്ടിലുണ്ടാക്കുന്നതിനുള്ള പാചക കുറിപ്പുകൾ ഇതിനകം ഇന്റർനെറ്റിൽ ലഭ്യമാണ്.
ഉരുളകിഴങ്ങ് പാൽ വീട്ടിലെങ്ങനെ ഉണ്ടാക്കാം?
ഉരുളക്കിഴങ്ങ് വേവിച്ച ശേഷം വെള്ളം ചേർത്ത് ബ്ലെൻഡറിൽ അരച്ചെടുക്കുക. ഈ മിശ്രിതം ഫിൽട്ടർ ചെയ്‌ത് എടുക്കുക. തുടർന്ന് ഇതിൽ വെള്ളം ചേർത്ത് കട്ടി കുറയ്ക്കുക.
പാൽ കൂടുതൽ പോഷകഗുണമുള്ളതാക്കാൻ ഉരുളക്കിഴങ്ങിനൊപ്പം ഗ്രീൻ പീസ്, റാപ്സീഡ് ഓയിൽ, കാൽസ്യം കാർബണേറ്റ് എന്നിവയും കുറച്ചു പഞ്ചസാരയും ഉപയോഗിച്ചിട്ടുണ്ടെന്ന് DUG വ്യക്തമാക്കി. സോയ പാലിൽ കാണപ്പെടുന്നതിന്റെ നാലിരട്ടി പ്രോട്ടീൻ ഈ പാനീയത്തിന്റെ ഒരു ഗ്രാമിൽ അടങ്ങിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.