വീട്ടിൽ എലി ശല്യം രൂക്ഷമാണോ? ആഹാരസാധനങ്ങളായാലും ഇലക്ട്രിക് ഉപകരണങ്ങളായാലും കാർന്നു തിന്നുന്ന എലിയെ തുരത്താൻ കെണി ഒരുക്കി മടുത്തവരാണോ നിങ്ങൾ? ആഹാരസാധനങ്ങൾ നശിപ്പിക്കുന്നത് കൊണ്ട് മാത്രമല്ല, എലി പല മാരക രോഗങ്ങളും പരത്തുന്നതിനാലും എലിശല്യം ഒഴിവാക്കേണ്ടത് (to get rid of rats) അനിവാര്യമാണ്.
എലിയെ വീട്ടിൽ നിന്ന് തുരത്താൻ വളരെ എളുപ്പമുള്ള ഒരു പൊടിക്കൈ ആണ് ചുവടെ വിവരിക്കുന്നത്. നിങ്ങളുടെ പറമ്പിൽ കാണുന്ന ഒരു ഔഷധച്ചെടി മാത്രം മതി എലിയെ തുരത്താൻ.
എരിക്ക് എന്ന ആയുർവേദ ഗുണങ്ങൾ അടങ്ങിയ സസ്യം എലി ശല്യത്തിന് പ്രതിവിധിയായി ഉപയോഗിക്കാം. എരിക്കില പ്രമേഹത്തിന് വളരെ ഗുണപ്രദമാണെന്ന് ആയുർവേദത്തിൽ പ്രതിപാദിക്കുന്നുണ്ട്. പ്രമേഹത്തിന് മാത്രമല്ല, പല രോഗങ്ങള്‍ക്കും പരിഹാരം എരിക്കിന്റെ ഇലയിലുണ്ട്. ദഹനം മെച്ചപ്പെടുത്താന്‍ ഇത് വളരെ ഫലപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇത്രയും പ്രശ്നങ്ങളകറ്റാൻ ഒരു കഷ്ണം മഞ്ഞൾ മാത്രം മതി
ഈ ചെടിയുടെ ഇലകളിൽ ലാക്‌സേറ്റീവ് ഗുണം അടങ്ങിയിട്ടുള്ളതിനാൽ ഇവ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്നു. ഇതിന് പുറമെ, വയറിനെ സംബന്ധിക്കുന്ന പല തരത്തിലെ രോഗങ്ങള്‍ക്കും, ഛര്‍ദി, വയറിളക്കം എന്നിവയ്‌ക്കുമെല്ലാം എരിക്ക് മികച്ച പ്രതിവിധിയാണെന്ന് ആയുർവേദം വ്യക്തമാക്കുന്നു.
ഔഷധമൂല്യങ്ങൾ സമ്പുഷ്ടമായി അടങ്ങിയിട്ടുള്ള എരിക്കിന്റെ ഇല അടുക്കളയിൽ നിന്നും ബേസ്മെന്റിൽ നിന്നും മേശയിൽ നിന്നുമെല്ലാം എലിയെ പമ്പ കടത്താനുള്ള ഫലപ്രദ ഉപായം കൂടിയാണ്. വീടിനകത്ത് രാസവസ്തുക്കൾ അടങ്ങിയ, വിഷാംശം നിറഞ്ഞ ജെല്ലുകളും സ്പ്രേകളും ഗുളികളും ഉപയോഗിക്കുന്നതിനേക്കാൾ സുരക്ഷിതമായ മാർഗവുമാണിത്.
എലിയെ വളരെ അനായാസം തുരത്താമെന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
ബന്ധപ്പെട്ട വാർത്തകൾ: കുരുമുളകിൽ ഉണ്ടാകുന്ന കീട/രോഗബാധ എങ്ങനെ നിയന്ത്രിക്കാം
എരിക്കിൻ ഇല ഉപയോഗിച്ച് എങ്ങനെ എലിയെ തുരത്താമെന്ന് നോക്കാം.
ആയുർവേദ മൂല്യങ്ങൾ അടങ്ങിയിട്ടുള്ള എരിക്കിന്റെ മണം മനുഷ്യർക്കു പോലും അസഹ്യമാണ്. ഇത് തന്നെയാണ് എലിയെ തുരത്താനായി പ്രയോജനപ്പെടുന്നത്.
എലിയ്ക്ക് എതിരെ എരിക്ക്
നമ്മുടെ പാടത്തും പറമ്പിലും ധാരാളമായി കാണപ്പെടുന്ന സസ്യമാണ് എരിക്ക്. എരിക്കിന്റെ ഇല കൈകൊണ്ട് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് എലി ശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ വയ്ക്കുക. എലി കയറാൻ സാധ്യതയുള്ള അലമാരയ്ക്കുള്ളിലും മേശയിലും ബേസ്മെന്റിലുമെല്ലാം എരിക്കിന്റെ ഇല വിതറാവുന്നതാണ്. എന്നാൽ ഇവ മുറിച്ചിടണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇവയുടെ രൂക്ഷഗന്ധമാണ് എലിയെ വീട്ടിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കുന്നത്.
എങ്കിലും, കുട്ടികൾ ഈ ഇല ഭക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇതുകൂടാതെ, മറ്റ് ചില ഔഷധ പദാർഥങ്ങളും എലിയെ തുരത്താൻ ഫലപ്രദമാണ്.
വീടിനുള്ളിൽ കർപ്പൂരതുളസി തൈലം പഞ്ഞിയിൽ മുക്കി വയ്ക്കുന്നതും ഉള്ളിയുടെ തൊലി കളഞ്ഞ് വയ്ക്കുന്നതും എലിയെ തുരത്താൻ സഹായിക്കും. കറുവാപ്പട്ടയും എലിയെ തുരത്താൻ ഉപയോഗിക്കാം.
അതായത്, ഒരു തുണിയിൽ അൽപം കറുവാപ്പട്ടയെടുത്ത് മൂടി എലിവരാനിടയുള്ള ഭാഗങ്ങളിൽ സൂക്ഷിച്ചാൽ എലിശല്യം തടയാം. ചെറിയ പാത്രങ്ങളിലോ അതല്ലെങ്കിൽ സ്പ്രേ ബോട്ടിലിലോ അമോണിയ കലക്കി വയ്ക്കുന്നതും എലിയെ തുരത്താനുള്ള മികച്ച ഉപായമായി കണക്കാക്കുന്നു. അമോണിയയുടെ രൂക്ഷഗന്ധം എലിയെ പമ്പ കടത്തും.