ഇന്നത്തെ ജീവിത ശൈലികളും, മതിയായ ശ്രദ്ധയില്ലാത്തത് കൊണ്ടും ഇപ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് താരൻ. ഇത് കാരണം മുടി കൊഴിയുകയും, തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും ഒക്കെ ചെയ്യുന്നു. താരൻ മാറ്റുന്നതിന് അത്ഭുതകരമായ വീട്ടുവൈദ്യങ്ങളുണ്ട്. നിങ്ങൾക്ക് താരൻ ശല്യം ഉണ്ടെങ്കിൽ, വിഷമിക്കേണ്ട, ചില വീട്ടുവൈദ്യങ്ങൾ കൊണ്ട് വേഗത്തിൽ താരനെ ഇല്ലാതാക്കുന്നതിന് സാധിക്കും.
താരൻ്റെ ലക്ഷണങ്ങൾ:
തലയോട്ടിയിൽ അമിതമായ അളവിൽ വെളുത്ത അടരുകൾ പ്രത്യക്ഷപ്പെടുന്നതും കടുത്ത ചൊറിച്ചിലുമാണ് താരന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ.
താരൻ കാരണങ്ങൾ:
വിവിധ കാരണങ്ങളാൽ താരൻ ഉണ്ടാകാം. സമ്മർദ്ദം, തെറ്റായ ഭക്ഷണക്രമം, ഫംഗസ് അണുബാധ, മുടി ഇടയ്ക്കിടെ കഴുകാത്തത്, വൃത്തിയില്ലാത്തത് എന്തിനേറെ ചില മരുന്നുകൾ പോലും താരൻ ഉണ്ടാക്കാം.
താരനെ ഇല്ലാതാക്കുന്നതിന് ചില പ്രതിവിധികൾ
1. കറ്റാർ വാഴ:
ഒരു പാത്രത്തിൽ പുതിയ കറ്റാർ വാഴ ജെൽ ഒരു ടീസ്പൂൺ എടുക്കുക. ഇനി ഇതിലേക്ക് അര നാരങ്ങയുടെ നീര് ചേർത്ത് ഹെയർ പാക്ക് ആയി ഉപയോഗിക്കാം. കറ്റാർ വാഴയ്ക്കും നാരങ്ങയ്ക്കും ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് താരനെ വേഗത്തിൽ ചികിത്സിക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് പുതിയ കറ്റാർ വാഴ ഇല്ലെങ്കിൽ, കടകളിൽ നിന്നും വാങ്ങിയ കറ്റാർവാഴ ഉപയോഗിക്കാനും പറ്റും എന്നിരുന്നാലും പ്രകൃതിദത്തമായ കറ്റാർവാഴ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
2. ഉലുവ:
ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ഉലുവപ്പൊടി എടുക്കുക. ഒരു കുഴമ്പ് ഉണ്ടാക്കാൻ ആവശ്യമായ തൈര് ചേർക്കുക. ഇപ്പോൾ ഇത് 30 മിനിറ്റ് മാറ്റിവെക്കുക, ഇനി ഇത് ഒരു സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്ത് ഹെയർ പാക്ക് ആയി പുരട്ടുക. ഉലുവയും തൈരും പ്രത്യേകിച്ച് പുളിച്ച തൈര് മാസ്‌കായി പുരട്ടുമ്പോൾ താരൻ ഉൾപ്പെടെയുള്ള തലയോട്ടിയിലെ എല്ലാ അണുബാധകളെയും വളരെ ഫലപ്രദമായി ചികിത്സിക്കുന്നതിന് സഹായിക്കുന്നു.
3. ആര്യവേപ്പ് കൊണ്ട് മുടി കഴുകുക:
വേപ്പില കൊണ്ട് മുടി കഴുകാൻ, വെള്ളത്തിന്റെ നിറം മാറുന്നത് വരെ വേപ്പില വെള്ളത്തിൽ തിളപ്പിക്കുക. അരിച്ചെടുക്കുക, പൂർണ്ണമായും തണുപ്പിക്കുക, പകുതി നാരങ്ങ നീര് ചേർക്കുക, ഇത് കൊണ്ട് മുടി കഴുകുക. താരന് വളരെ ഫലപ്രദമായ ചികിത്സയാണ് ഇത്. മാത്രമല്ല ഇത് മുടിക്ക് നല്ല തിളക്കം നൽകുന്നതിനും സഹായിക്കുന്നു.
4. നെല്ലിക്ക:
ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ നെല്ലിക്ക പൊടി എടുക്കുക. ആവശ്യത്തിന് ഫ്രഷ് കറ്റാർ വാഴ ജെൽ ചേർക്കുക/ അല്ലെങ്കിൽ കടകളിൽ നിന്നും കിട്ടുന്ന കറ്റാർവാഴ ഉപയോഗിക്കുക, മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ഹെയർ പാക്ക് ആയി ഉപയോഗിക്കുക. 20 മിനുറ്റ് കാത്തിരുന്നതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകാം. ഈ ഹെയർ പാക്ക് താരൻ ചികിത്സിക്കുക മാത്രമല്ല, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
5. ആപ്പിൾ സിഡെർ വിനെഗറും നാരങ്ങയും:
ഒരു പാത്രത്തിൽ തുല്യ അളവിൽ നാരങ്ങ നീരും ആപ്പിൾ സിഡെർ വിനെഗറും മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു ടീസ്പൂൺ എടുത്ത് അതിൽ ഒരു കപ്പ് വെള്ളം ചേർത്ത് മുടി കഴുകാൻ ഉപയോഗിക്കുക. താരൻ ചികിത്സിക്കാൻ ഇത് വളരെ അത്ഭുതകരമായി പ്രവർത്തിക്കുന്നു.
6. നാരങ്ങ:
ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ എടുക്കുക. ഇനി ഇതിലേക്ക് തുല്യ അളവിൽ നാരങ്ങാനീര് ചേർക്കുക. നന്നായി ഇളക്കി ഒരു കഷ്ണം കോട്ടൺ ഉപയോഗിച്ച് തലയോട്ടിയിൽ പുരട്ടുക. 15 മിനിറ്റ് കാത്തിരുന്നതിന് ശേഷം കഴുകാം. താരനെതിരെ ഇത് അത്ഭുതകരമായി പ്രവർത്തിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തലമുടി തഴച്ച് വളരാൻ ഇതൊന്ന് ഉപയോഗിച്ച് നോക്കൂ!!!