ഡ്രോൺ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കൃഷിയിൽ പ്രായോഗികമായി നടപ്പാക്കിയ സ്റ്റാർട്ടപ്പിന് ദേശീയ അംഗീകാരം. ഫ്യൂസലേജ് അഗ്രിടെക് സ്റ്റാർട്ടപ്പ് മുന്നോട്ടുവെച്ച ആശയത്തിനാണ് അംഗീകാരം. സ്റ്റാർട്ടപ്പ് മിഷനും ശാരദ ലോഞ്ച്പാഡ് ഫെഡറേഷനും ദേശീയതലത്തിൽ നടത്തിയ തിരഞ്ഞെടുപ്പിലാണ് കാർഷികവിഭാഗത്തിൽ ഇവർ അംഗീകാരം നേടിയത്. പരിശീലനത്തിനും മാർഗനിർദേശത്തിനും പുറമേ സാമ്പത്തികസഹായവും ഫെഡറേഷനിൽനിന്ന് ഇവർക്ക് ലഭിക്കും.
കളമശ്ശേരി ഇലക്‌ട്രോണിക് ഇൻക്യുബേറ്റർ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവർത്തനം. മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രത്തിന്റെയും കേരള കാർഷിക സർവകലാശാലയുടെയും മാർഗനിർദേശവും കമ്പനിയുടെ പ്രവർത്തനത്തിന് സഹായകമാകുന്നുണ്ട്.
കുട്ടനാട്ടിൽ നെല്ലിന് കീടബാധയുണ്ടായപ്പോൾ നെല്ലുഗവേഷണകേന്ദ്രത്തിന്റെ മാർഗനിർദേശത്തോടെ നടത്തിയ ഇടപെടലാണ് കമ്പനിയെ ശ്രദ്ധേയമാക്കിയത്. ഡ്രോൺചിത്രങ്ങളുടെയും ഉപഗ്രഹചിത്രങ്ങളുടെയും സഹായത്തോടെ വിളകളിലെ രോഗബാധയും പ്രശ്‌നങ്ങളും മനസ്സിലാക്കും. പിന്നീട് കാർഷികവിദഗ്‌ധരുടെ സഹായത്തോടെ പരിഹാരവും ഡ്രോൺവഴിതന്നെ നടപ്പാക്കും.
വിളകളുടെ ആരോഗ്യവും മൂലകങ്ങളുടെ കുറവും കണ്ടെത്തുന്നതിനും വളപ്രയോഗത്തിനും ഡ്രോൺ തന്നെ ഉപയോഗപ്പെടുത്താനാവുമെന്ന് ഫ്യൂസലേജ് സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ പറഞ്ഞു. കുറഞ്ഞ ചെലവിൽ ഡ്രോൺ ഉപയോഗിച്ച് വളവും കീടനാശിനിയും നൽകാനാകുമെന്നും അദ്ദേഹം പറയുന്നു. പ്രശ്നങ്ങൾക്കനുസരിച്ച് ഏക്കറിന് 400 രൂപ മുതലാണ് കർഷകരിൽനിന്ന് ഈടാക്കുന്നത്.
കേരളത്തിനു പുറമേ കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഫ്യൂസലേജ് സേവനം നൽകിവരുന്നുണ്ട്. രാമച്ചം, മഞ്ഞൾ,പൈനാപ്പിൾ തുടങ്ങിയ വിളകൾക്കും ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കാനാവും.
റിലയൻസ് ഫാർമേഴ്സ് പ്രൊസസിങ് കമ്പനി, പ്രമുഖ സ്പൈസ് എക്സ്പോർട്ടുകൾ ആയ സിൻതൈറ്റ് ഇൻഡസ്ട്രീസ്, കെ.സി.പി.എം., കൃഷിവിജ്ഞാൻ കേന്ദ്ര എന്നിവർ ഫ്യൂസലേജിന്റെ ഡ്രോൺ സൊല്യൂഷൻസ് ഉപയോഗിക്കുന്നുണ്ട്.
യുണൈറ്റഡ് നേഷൻസിന്റെ സസ്റ്റൈനബിൾ ഗോളിൽ ഫ്യൂസലേജ് ഇടംപിടിക്കുകയും അഞ്ചുലക്ഷം രൂപ ഗ്രാന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിെന്റ അഗ്നി ഇനീഷിയേറ്റീവ് പ്രകാരം കമ്പനിയെ ലിസ്റ്റ് ചെയ്തിരുന്നു.