കൊച്ചിക്കുവ (Maranta arundinacea)
വെസ്റ്റ് ഇൻഡ്യൻ ആരോറൂട്ട് എന്നറിയപ്പെടുന്ന കൊച്ചിക്കൂവയുടെ ശാസ്ത്രനാമം മരാന്താ അരുണ്ടിനേസിയേ എന്നാണ്. മരാന്റേസിയേ കുലത്തിൽപ്പെടുന്നു. കൂവയുടെ യഥാർത്ഥകാണ്ഡമാണ് മണ്ണിനടിയിൽ ആഹാരം ശേഖരിച്ച് കിഴങ്ങുപോലെ രൂപപ്പെടുന്നത്. ഇതിന്റെ കിഴങ്ങിൽനിന്നും ലഭിക്കുന്ന അന്നജം ഭക്ഷ്യയോഗ്യമാണ്. ബിസ്കറ്റ്, കേക്ക്,പുഡിംഗ്, ജെല്ലി തുടങ്ങിയ ബേക്കറി വസ്തുക്കൾ ഇതിന്റെ മാവുകൊണ്ട് ഉണ്ടാക്കാം.
കൂവ കിഴങ്ങിന്റെ ഏറ്റവും പ്രധാന ഉപയോഗം അന്നജനിർമ്മാണം തന്നെ. കൂവപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ആഹാരം എളുപ്പത്തിൽ ദഹിക്കുന്നു. അതിനാൽ രോഗികൾക്കും കുട്ടികൾക്കും ഇത് വളരെ പ്രയോജനം ലഭിക്കുന്നു. ഇതിന്റെ പൊടി ബിസ്കറ്റ്, കേക്ക്, ഗുളികകൾ, ഫേസ് പൗഡറുകൾ, പശകൾ എന്നിവ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. അന്നജം എടുത്ത ശേഷമുള്ള ചണ്ടി കന്നുകാലി തീറ്റയായും വളമായും ഉപയോഗിക്കാം. കൂവ മാവ് അതിസാരം, ദഹനക്കേട്, ചുമ എന്നിവയ്ക്ക് മരുന്നായും ഉപയോഗിക്കുന്നു.
വിളകാലം
കാലവർഷം തുടങ്ങുന്ന മെയ് മാസമാണ് ഇവ നടാൻ പറ്റിയ സമയം.
പ്രവർദ്ധന രീതികൾ
മുകുളങ്ങളോട് കൂടിയ മുറിച്ചു ചെറുതാക്കിയ കൂവ കിഴങ്ങുകളാണ് നടേണ്ടത്. 5 മുതൽ 7 സെന്റിമീറ്റർ നീളത്തിലാണ് കിഴങ്ങുകൾ മുറിക്കേണ്ടത്.
ഇനങ്ങൾ
നാടൻ ഇനങ്ങളാണ് പൊതുവെ കൃഷിക്കുപയോഗിക്കുന്നത്.
നിലമൊരുക്കൽ
നിലം നന്നായി ഉഴുതു നിരപ്പാക്കി ഹെക്ടറൊന്നിന് പത്ത് ടൺ ജൈവവളം ചേർത്ത് വാരങ്ങൾ ഉണ്ടാക്കിയാണ് കൊച്ചിക്കൂവ നടുന്നത്.
വിത്തളവ്
ഹെക്ടറിന് 750-1000 കിലോഗ്രാം നടീൽവസ്തു (കിഴങ്ങുകൾ)വേണം.
നടീൽ
തെങ്ങിൻതോപ്പിൽ കൂവ കൃഷി ചെയ്യുമ്പോൾ തെങ്ങിൻചുവട്ടിൽ നിന്ന് ഏകദേശം രണ്ടുമീറ്റർ വ്യാസത്തിൽ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കണം. ബാക്കി വരുന്ന സ്ഥലത്ത് തെങ്ങുകളുടെ ഇടയിലായി കൂവ നടുക. ഇതിനായ് 20 - 25 സെന്റിമീറ്റർ ആഴത്തിൽ നന്നായി കിളച്ച് നിരപ്പാക്കുക. അതിനുശേഷം വാരം കോരി അവയിൽ മൂന്നിഞ്ച് ആഴത്തിൽ ചെറിയ കുഴികൾ എടുത്ത് വിത്തുകിഴങ്ങുകൾ 30x30 സെ.മീ. അകലത്തിൽ നടുക.
വളപ്രയോഗം
കൂവക്ക് പ്രത്യേക വളം ഇട്ടുകൊടുക്കണം. തെങ്ങിന്റേയും കിഴങ്ങിന്റേയും വളർച്ചയ്ക്ക് പൊട്ടാഷ് ആവശ്യമാണ്. ഹെക്ടർ ഒന്നിന് 100 കി.ഗ്രാം ചാരവും 10 ടൺ പച്ചിലവളവും (അല്ലെങ്കിൽ കമ്പോസ്റ്റോ ചാണകമോ) ഇടുക. മണ്ണുമായി ഇത് നന്നായി കൂട്ടി കലർത്തുക. സാധാരണയായി കൂവക്കു രാസവളങ്ങൾ ഇടാറില്ല. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ രാസവളപ്രയോഗം ആവശ്യമാണ്. കേരളകാർഷിക സർവ്വകലാശാല നടത്തിയ പഠനത്തിൽ 10 ടൺ കാലി വളവും, 120 കി.ഗ്രാം നൈട്രജൻ, 50 കി.ഗ്രാം ഫോസ്ഫറസ്, 80 കി.ഗ്രാം പൊട്ടാഷ് എന്നിവ തെങ്ങിൻ തോപ്പിൽ ഒരു ഹെക്ടർ സ്ഥലത്തു വളർത്തിയ കൂവയ്ക്ക് നൽകിയപ്പോൾ വിളവ് വർദ്ധിക്കുന്നതായും കൃഷി ലാഭകരമാകുന്നതായും കണ്ടു.
അനന്തരപരിചരണം
നനയ്ക്കാതെ തന്നെ കൂവ വളരുമെങ്കിലും വേനലിൽ നനയ്ക്കുന്നതുകൊണ്ട് വിളവ് വർദ്ധിപ്പിക്കാം. മൂന്നോ നാലോ തവണ ഇടയിളക്കുകയും കള പറിയ്ക്കുകയും ചെയ്താൽ കൂവയുടെ വിളവ് വർദ്ധിക്കും.
സസ്യസംരക്ഷണം
ഈ വിളയിൽ എലിശല്യം വളരെ കൂടുതലാണ്. കൊടുവേലിയുടെ ഇടയിൽ കൃഷി ചെയ്യുന്നത് എലിശല്യം കുറയ്ക്കും. കൂവകൃഷി വിജയിപ്പിക്കുവാൻ എലിനിയന്ത്രണത്തിനുള്ള എല്ലാ മുൻകരുതലുകളും എടുത്തിരിക്കണം. കൂവയ്ക്ക് പൊതുവെ കീടരോഗബാധയില്ല.
നട്ട് ഏകദേശം 8 - 10 മാസമാകുമ്പോൾ വിളവെടുക്കാം.
വിളവ്
ഒരു ഹെക്ടറിൽ നിന്ന് 7 - 14 ടൺ കിഴങ്ങു ലഭിക്കുന്നു.