കർഷകർ കാത്തിരുന്ന ആ ദിവസം ഈ ശനിയാഴ്ച
പ്രമോദ് മാധവൻ
എന്താണാവോ ഈ വരുന്ന ശനിയാഴ്ചയ്ക്ക് ഇത്ര പ്രത്യേകത?
അന്നാണ് കുംഭ മാസത്തിലെ പൗർണമി. ചേനക്കർഷകർ കാത്തിരുന്ന ദിവസം.
ചേന നടാൻ പറ്റിയ ദിവസം
കുംഭ ചേന കുടത്തോളം
മീനത്തിൽ നട്ടാൽ മീൻ കണ്ണോളം എന്ന് പഴമൊഴി.
വിത്തിനെക്കാൾ പ്രാധാന്യം നടീൽ കാലത്തിന് എന്ന് ചുരുക്കം.
ചേന വയ്ക്കാത്തവനെ അടിക്കണം എന്നും ഉണ്ട്. കാരണം അത്ര മേൽ ലളിതമാണ് ചേന കൃഷി. അത് പോലും ചെയ്യാതെ വീട്ടിൽ കുത്തി ഇരിക്കുന്ന മടിയന്മാർക്കു അടിയല്ലാതെന്ത്? അടി.. അടി..
പണ്ടത്തെ പോലെ ആനച്ചേന ഉണ്ടാക്കിയാൽ വിൽക്കാൻ അല്പം പാടു പെടും. കാരണം ഇത് അണുകുടുംബങ്ങളുടെ കാലമാണേയ്. ഞങ്ങൾക്ക് മുറിക്കാതെ ചേന വാങ്ങാൻ ആണ് ഇഷ്ടം. ഒരു കിലോ, രണ്ടു കിലോ അച്ചിൽ വാർത്ത കരുപ്പട്ടി പോലെ ഉള്ള ചേന ആനാൽ സംഗതി സൂപ്പർ
അതിനെന്തു വഴി?
ചെറിയ ചേനപ്പൂള് നടാൻ എടുക്കണം, അത്ര തന്നെ. ചേന വിത്ത് (തള്ള ചേനയിൽ പറ്റി നിൽക്കുന്ന കുഞ്ഞന്മാർ, cormels എന്ന് ആംഗലേയം ) നടാൻ എടുത്താലും മതി. അരക്കിലോ തൂക്കമുള്ള പൂളുകൾ ഒന്നരയടി അകലത്തിൽ തടമെടുത്തു നടണം.
ഒരു സെന്റിൽ 198 എണ്ണം നടാം. 2കിലോ തൂക്കം കിട്ടിയാൽ സെന്റിൽ നിന്നും നാല് ക്വിന്റൽ ചേന.
കിലോക്ക് 25രൂപ വച്ചു കൂട്ടിയാലും രൂഭാ പതിനായിരം. പകുതിക്കു പകുതി ലാഭം. ഇൻഷുറൻസും വേണ്ട കൊടച്ചക്രവും വേണ്ട. സ്വസ്ഥം.
ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് തന്നെ ഈ കേമനെ.
സ്ത്രീകൾക്കിവൻ ഈസ്ട്രജൻ ദാതാവ്. ദഹന നാരുകളുടെ കലവറ. ആകയാൽ അർശസ്സ്, മൂലക്കുരു ബാധിതർക്കിവൻ ആപത് ബാന്ധവൻ.
പിന്നെ വിവരിക്കാൻ തുടങ്ങിയാൽ അതുക്കും മേലെ. വിസ്താര ഭയം..
സാധാരണ അകലം ചെടികൾ തമ്മിൽ മൂന്നടി. അപ്പടി ആനാൽ മുക്കാൽ കിലോ മുതൽ ഒരു കിലോ വരെ ഉള്ള പൂളുകൾ ആകാം. കണ്ണു കുത്തിക്കളഞ്ഞു അഗ്ര മുകുളത്തിന്റെ ഒരംശം വരത്തക്ക രീതിയിൽ പൂളുകൾ ആക്കാം. ചാണകപാലിൽ മുക്കി തണലത്തു ഉണക്കി, ഒന്നര അടി ആഴത്തിൽ കുഴിയെടുത്തു ഒന്നര കിലോ കംമ്പോസ്റ്റ് ചേർത്ത് കുഴി അറഞ്ഞു കുഴി പകുതി മൂടി ചേന പ്പൂള് വച്ചു മണ്ണിട്ട് മൂടി മുകളിൽ കൊട്ടക്കണക്കിനു കരിയില ഇട്ടു സൂക്ഷിച്ചാൽ മഴവരുവോളം ഉറക്കം.
മഴ വന്നാൽ പോപ്പിക്കുട.
പിന്നെ ഒരു ചിക്കൽ.
ഒന്നോ രണ്ടോ തവണ സ്യൂഡോമോണസ് കലക്കി തടം കുതിർക്കുന്നതും നന്ന്.
എന്നെ എത്ര ചവർ ചുമപ്പിക്കുന്നോ അത്രയും വലിയ ചേന ഞാൻ നിന്നെക്കൊണ്ടു ചുമപ്പിക്കും എന്ന് ചേന. പുതയിടൽ മാഹാത്മ്യം.
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം.പെയ്താൽ കൊള്ളാം. പ്രാർത്ഥിക്കാം
നട്ടാലേ നേട്ടമുള്ളൂ.. നടാതിരിരിക്കരുതേ...
ഉണ്ടെങ്കിലോണം, ഇല്ലെങ്കിൽ ഏകാദശി.വിത്ത് കയ്യിൽ ഉണ്ടെങ്കിൽ പിന്നെ താമസമെന്തിന്?
കർക്കിടക ചേന കട്ടിട്ടായാലും കഴിക്കണം, ജയിലിൽ ആകാതെ നോക്കണം.
ചൊറിയാത്ത ചേനയുണ്ടല്ലോ, നമ്മുടെ ഗജേന്ദ്ര. വെണ്ണ പോലെ വേകും . അവനെ വെല്ലാൻ വേറൊരുത്തൻ ഇനി പിറക്കണം.
ചേന ചുട്ടു നടണം
ചാമ കരിഞ്ഞു വിതയ്ക്കണം എന്ന് ചൊല്ല്. വേനലിൽ നടാൻ മടിക്കേണ്ട. നനയ്ക്കുകയും വേണ്ട.
അപ്പോ ഇനി എന്തിനു വൈകണം. ശനിയാഴ്ച തന്നെ ചേന നട്ടു പഴമൊഴിയെ പരീക്ഷിക്കുക തന്നെ.