Vegetables

കുഞ്ഞന്‍ ചേന കൃഷി ചെയ്യാം

chena

നാടന്‍ ചന്തകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് വരെയുള്ള വിപണിയില്‍ കുഞ്ഞന്‍ചേനയ്ക്ക് വന്‍ ഡിമാന്‍ഡാണ്. കുഞ്ഞന്‍ച്ചേന ഉത്പാദിപ്പിക്കുന്നതിനുള്ള എളുപ്പവിദ്യയാണ് മിനിസെറ്റ്. ചേനയുടെ വിളവ് കന്നു പാകുന്നതിനനുസരിച്ച് മാറും.

നടുന്ന ചേനക്കഷ്ണങ്ങളുടെ വലിപ്പവും നടീല്‍ അകലവും കുറച്ച് കുഞ്ഞന്‍ച്ചേന വിജയകരമായി കൃഷിചെയ്യാം. മുള ഇളക്കിമാറ്റി മുകുളഭാഗം ഓരോ കഷ്ണത്തിലും വരുന്നവിധം 100 ഗ്രാം തൂക്കമുള്ള ചേന മുറിച്ചെടുക്കണം. കുമിള്‍ബാധ പ്രതിരോധിക്കാന്‍ ചേനക്കഷ്ണങ്ങള്‍ ട്രൈക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പാലില്‍ മുക്കി തണലത്തുണക്കി നടുന്നതാണ് നല്ലത്. ഇതിനുപകരം ചാണകവും സ്യൂഡോമോണസും ചേര്‍ത്ത കുഴമ്പില്‍ അര മണിക്കൂര്‍ മുക്കിവെച്ച് തണലത്തുണക്കി നടാം. നിലം നന്നായി കിളച്ച് കട്ടയുടച്ച് ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴി തയ്യാറാക്കണം. വരികള്‍തമ്മില്‍ രണ്ടടി അകലവും കുഴികള്‍ തമ്മില്‍ ഒന്നരയടി അകലവും നല്‍കി കുഴികളെടുക്കാം. ഇങ്ങനെ നടീല്‍ അകലം കുറയ്ക്കുന്നതിനാല്‍ കുറച്ച് സ്ഥലത്തുനിന്നും കൂടുതല്‍ കുഞ്ഞന്‍ ചേനകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുവെന്നതാണ് മിനി സെറ്റിന്റെ അധിക മേന്മ.

ജൈവരീതിയില്‍ ചേന കൃഷി ചെയ്യുമ്പോള്‍ കുഴിയില്‍ഏറ്റവും അടിയിലായി ചകിരി മലര്‍ത്തി രണ്ടടുക്ക് നിരത്തി മേല്‍മണ്ണിടണം. ഇതിനുമുകളിലായി ട്രൈക്കോഡര്‍മ (50 ഗ്രാം) വളര്‍ത്തിയ ചാണകപ്പൊടി (2.5 കിലോഗ്രാം), വേപ്പിന്‍പിണ്ണാക്ക് (200 ഗ്രാം) മിശ്രിതവും ചേര്‍ത്ത് ചേന കഷ്ണം നടാം. കുറഞ്ഞ പരിചരണത്തോടുപോലും ഏറ്റവുമധികം പ്രതികരിക്കുന്ന കിഴങ്ങുവര്‍ഗ വിളയായ ചേന തെങ്ങിനിടയില്‍ വാണിജ്യാടിസ്ഥാനത്തില്‍ മിനി സെറ്റ് രീതിയില്‍ ഇടവിളയായി കൃഷിചെയ്യുകയാണെങ്കില്‍ 10 സെന്റില്‍നിന്ന് രണ്ട് ടണ്ണിലധികം കുഞ്ഞന്‍ചേന ഉത്പാദിപ്പിക്കാം.


 

കുംഭമാസത്തില്‍ വെളുത്തപക്ഷത്തിന്റെ ആദ്യദിവസം ചേന നട്ടാല്‍ പൂര്‍ണചന്ദ്രനെപ്പോലെ വളര്‍ന്നു വരുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. വെളുത്തവാവിന്റെ അന്നു നട്ടാലും ഇതേ വളര്‍ച്ച കിട്ടുമെന്നു മറ്റു ചിലരും കരുതുന്നു. ഏതായാലും കുംഭത്തില്‍ നട്ടാല്‍ കുടയോളം വലുപ്പത്തിലുള്ള ചേനയുണ്ടാകുമെന്നാണ് ചൊല്ല്. തുലാവര്‍ഷത്തിനുശേഷം നന്നായി കിളച്ചിട്ട പറമ്പുകളില്‍ കുംഭത്തില്‍ ചേന നടാനുള്ള കുഴി എടുക്കാം. ചേനക്കൃഷി ശാസ്ത്രീയമാക്കുമ്പോള്‍ 60 സെ.മീ. സമചതുരത്തിലും 45 സെ.മീ. ആഴത്തിലുമുള്ള കുഴികളിലാണ് നടേണ്ടത്. കുഴികള്‍ തമ്മില്‍ 90 സെ.മീ. അകലവും വേണം. ഇങ്ങനെ ചേന നടുമ്പോള്‍ ഇടയ്ക്കുള്ള സ്ഥലം പയറോ വെണ്ടയോ വളര്‍ത്താനും ഉപയോഗിക്കാം. കുഴികളില്‍ ഉണങ്ങിയ ഇലകളും മറ്റുമിട്ട് തീ കത്തിച്ചു കിട്ടുന്ന ചാരം ചേനയ്ക്കു വളരെ നല്ലതാണ്. കുഴി ഒന്നിന് രണ്ടര കി.ഗ്രാം ചാണകപ്പൊടി മേല്‍മണ്ണുമായി ചേര്‍ത്തിളക്കി വെച്ചശേഷം വേണം ചേന നടാന്‍.

മുന്‍വിളകളില്‍നിന്നും ലഭിച്ച ഇടത്തരം വലുപ്പമുള്ള ചേന മുളകുത്തിക്കളഞ്ഞശേഷം ഒരാഴ്ചയോളം തണലത്തു വെച്ചുണക്കിയതാണ് നടീല്‍വസ്തു. ഏകദേശം ഒരു കി.ഗ്രാം തൂക്കമുള്ളതും മുളയുള്ളതുമായ കഷണങ്ങളാക്കി മുറിച്ച് ഇവ നടാനുപയോഗിക്കാം. മുള കുത്തിയ ചേന ഒന്നുരണ്ടാഴ്ച പുകയത്തുവെച്ചശേഷം മുളപൊട്ടുമ്പോള്‍ മുറിച്ചെടുക്കുന്ന രീതിയുമുണ്ട്. മണ്ണും ചാണകപ്പൊടിയും ചേര്‍ത്തു നിറച്ച വലിയ കുഴികളുടെ മധ്യത്തില്‍ പിള്ളക്കുഴികളെടുത്ത് ചേന നട്ട് മണ്ണിട്ടു മൂടുന്നു. വിളസംരക്ഷണം: ചേന നട്ടശേഷം കുഴികളുടെ മുകളില്‍ ഉണങ്ങിയ ഇലകൊണ്ട് പുതയിടണം. ചേനയെ എത്രത്തോളം കരിയിലകൊണ്ട് നാം ചുമടെടുപ്പിക്കുന്നുവോ അത്രത്തോളം എന്റെ ചുമടും ഞാന്‍ നിങ്ങളെക്കൊണ്ട് എടുപ്പിക്കുമെന്നാണ് ചേന പറയുന്നത്. മീനംമേട മാസങ്ങളിലെ കഠിനമായ ചൂടില്‍നിന്നും ചേനക്കഷണങ്ങളെ സംരക്ഷിക്കാനാണ് കരിയിലകൊണ്ടു മൂടുന്നത്. പുതുമഴയോടെ കൂമ്പ് പുറത്തു വരുമ്പോള്‍ കരിയിലകള്‍ അഴുകി ചേനയ്ക്കു വളമായി മാറുന്നു.


Share your comments