Farm Tips

ചേനയുടെ കടയഴുകിയാല്‍

Elephant yam

പൊതുവെ രൂക്ഷമായ കീട-രോഗബാധ വിമുക്തമാണ് ചേന. എന്നാല്‍ ചില രോഗങ്ങള്‍ അനുകൂല സാഹചര്യത്തില്‍ ചില അവസരങ്ങളില്‍ പ്രശ്‌നമായിത്തീരാറുണ്ട്. ചേന വളര്‍ന്ന് ഇലകളെല്ലാം കുട ചൂടിയതുപോലെ വിടര്‍ന്ന ശേഷം ചുവട്ടില്‍ ബാധിക്കുന്ന രോഗമാണ് കടചീയല്‍. ചേനത്തണ്ട് മണ്ണുമായി ചേരുന്ന ഭാഗത്ത് അല്പം മുകളിലായി വെള്ളം പിടിച്ചതുപോലുള്ള പാടുകളാണ് ആദ്യലക്ഷണം. തുടര്‍ന്ന് തണ്ട് പഴുത്ത് ഇലകള്‍ മഞ്ഞളിച്ച് വാടുകയും ചെയ്യും. രോഗത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കടഭാഗം അടര്‍ന്ന് ചെടി മൊത്തമായി മറിഞ്ഞുവീഴും. മണ്ണിലൂടെ പകരുന്ന രോഗമായതിനാല്‍ വളരെ വേഗം പടര്‍ന്ന് പിടിക്കുകയും ചെയ്യും.

'സ്‌ക്ലീറോഷിയം റോള്‍ഫ്‌സി' എന്ന ഒരു കുമിളാണ് രോഗഹേതു. ചേനത്തടത്തില്‍ മണ്ണ് കൂട്ടുമ്പോഴോ കിളയ്ക്കുമ്പോഴോ തൂമ്പാ ചെറുതായെങ്കിലും ചേനത്തടയില്‍ തട്ടിയുണ്ടാകുന്ന മുറിവുകള്‍, രോഗാണു ചെടിയ്ക്കുള്ളിലേക്ക് കടക്കാന്‍ സാഹചര്യമൊരുക്കും. ഉള്ളില്‍ കടക്കുന്ന രോഗാണുക്കള്‍ വളരുന്നതനുസരിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചെടിയുടെ വളര്‍ച്ചാഘട്ടത്തിന്റെ അവസാനത്തിലാണ് പ്രധാനമായും രോഗബാധ ഉണ്ടാകുന്നതെങ്കിലും ഏതു വളര്‍ച്ചാഘട്ടത്തിലും രോഗം പ്രത്യക്ഷപ്പെടാം. രോഗതീവ്രതയും വളര്‍ച്ചാഘട്ടവും അനുസരിച്ച് വിളവില്‍ ഗണ്യമായ കുറവുണ്ടാകാം.

ചേന നടുമ്പോള്‍ മുതല്‍ ശ്രദ്ധവച്ചാല്‍ കടചീയല്‍ നിയന്ത്രിക്കാം. നടുമ്പോള്‍ ഉപയോഗിക്കുന്ന ചാണകക്കുഴമ്പില്‍ ട്രൈക്കോഡെര്‍മ്മ 20 ഗ്രാം ഒരു ലിറ്റര്‍ കുഴമ്പിന് തോതില്‍ ചേര്‍ക്കുന്നത് പ്രതിരോധശേഷി നല്‍കും. ചേന വിളവെടുക്കുമ്പോള്‍ വിത്തിന് സൂക്ഷിക്കുന്ന ചേന കുമിള്‍നാശിനികളായ മാങ്കോസെബ്-കാര്‍ബന്‍ഡാസിം ചേര്‍ന്ന മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി, അതില്‍ മുക്കി സൂക്ഷിച്ചാല്‍ രക്ഷനേടാം. വളമിടുമ്പോള്‍ ജൈവവളത്തോടൊപ്പം ട്രൈക്കോഡെര്‍മ്മ ചേര്‍ക്കുന്നതും രോഗത്തെ പ്രതിരോധിക്കും. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കടചീയല്‍ രൂക്ഷമാകാറുണ്ട്. അതിനാല്‍ ചേന നടുന്ന സ്ഥലത്ത് നല്ല നീര്‍വാര്‍ച്ച വേണം. രോഗം കണ്ട ചെടിക്ക് മാങ്കോസെബ്-കാര്‍ബന്‍ ഡാസിം മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചുവട്ടില്‍ ഒഴിക്കുന്നത് രോഗാണു നാശനത്തിനും വ്യാപനം തടയാനും സഹായിക്കും. ട്രൈക്കോഡെര്‍മ്മ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച വെര്‍മി കമ്പോസ്‌റ്റോ (100 ഗ്രാം ചെടി ഒന്നിന്), വേപ്പിന്‍ പിണ്ണാക്കോ ചേര്‍ക്കുന്നതും രോഗം തടയും. രോഗം ബാധിച്ച ചേന നടരുത്.

വന്‍തോതില്‍ കൃഷി ചെയ്യുമ്പോഴുള്ള ആവശ്യത്തിന് ട്രൈക്കോഡെര്‍മ്മ വളരെ എളുപ്പം തയ്യാറാക്കാം. ഇതിനായി ചാണകവും വേപ്പിന്‍ പിണ്ണാക്കും ഒന്‍പതിന് ഒന്ന് എന്ന അനുപാതത്തില്‍ (9 കിലോ ചാണകം: 1 കിലോ വേപ്പിന്‍ പിണ്ണാക്ക്) എടുത്ത് വെള്ളം തളിച്ച് നന്നായി ഇളക്കിയിടണം. തണലുള്ള സ്ഥലമായിരിക്കണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഈ മിശ്രിതത്തിലേക്ക് 10 കിലോ മിശ്രിതത്തിന് 100 ഗ്രാം എന്ന തോതില്‍ ട്രൈക്കോഡെര്‍മ്മ പൊടിരൂപത്തില്‍ ലഭ്യമാകുന്നത് ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. വെള്ളം നനവ് നിലനിര്‍ത്താന്‍ മതി. അധികം വേണ്ട. ഈ മിശ്രിതം ഒരല്പം പൊക്കത്തില്‍ നിരത്തി പേപ്പറോ, ചണച്ചാക്കോ, സുഷിരങ്ങള്‍ ഇട്ട പ്ലാസ്റ്റിക്കോ കൊണ്ട് മൂടിവെയ്ക്കണം. അഞ്ചുദിവസം കഴിഞ്ഞ് ഇത് നന്നായി ഇളക്കി, വെള്ളം ആവശ്യമെങ്കില്‍ തളിച്ച് വീണ്ടും മൂടണം. ട്രൈക്കോഡെര്‍മ്മ-ചാണക-വേപ്പിന്‍ പിണ്ണാക്ക് മിശ്രിതത്തില്‍ ഇതിനോടകം വളരാന്‍ തുടങ്ങിയിട്ടുണ്ടാകും. തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞ് മിശ്രിതം ചെടികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ട്രൈക്കോഡെര്‍മ്മ വളര്‍ന്ന് സമ്പുഷ്ടീകരിക്കപ്പെട്ടിട്ടുണ്ടാകും. ഇത് ചേനയ്ക്ക് ഇട്ടുകൊടുക്കാം. കടചീയല്‍ വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നന്ന് വരാതെ ശ്രദ്ധിക്കുകയാണ്.

ഡോ. ടി. ശിവകുമാര്‍
കൃഷിവിജ്ഞാനകേന്ദ്രം, ആലപ്പുഴ, ഫോണ്‍: 94472222896


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox