പോഷകസമൃദ്ധമായ ഇലക്കറിയാണ് മധുരച്ചീര അഥവാ ചെക്കുര്‍മാനിസ്. ബ്ലോക്ക് ചീര, മൈസൂര്‍ ചീര, സിംഗപ്പൂര്‍ ചീര, പ്രമേഹ ചീര എന്നിങ്ങനെ പല പേരുകളില്‍ മധുരച്ചീര അറിയപ്പെടുന്നുണ്ട്. സൗറോപ്പസ് ആന്‍ഡ്രോഗൈനസ് എന്നാണ് ശാസ്ത്രീയനാമം.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണിത്. മാംസ്യം, വൈറ്റമിന്‍ സി, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ’ വൈറ്റമിന്‍ ആന്‍ഡ് മള്‍ട്ടി മിനറല്‍ പാക്ക്ട് ഗ്രീന്‍ ‘എന്നാണ് മധുരച്ചീരയെ വിശേഷിപ്പിക്കുന്നത്.
കടുത്ത പച്ചനിറമുള്ള ഇലകളും തണ്ടുകളുമാണ് മധുരച്ചീരയുടേത്. ഇലയുടെ മധ്യഭാഗത്ത് വെള്ളനിറത്തില്‍ നേരിയ വരെയുണ്ടാകും. ഇലകള്‍ മുഖാമുഖമായി ഇലത്തണ്ടുകളിലാണ് ക്രമീകരിച്ചിരിക്കുന്നത്. വെള്ള നിറം കലര്‍ന്ന ചുവന്ന പൂക്കളും ഉരുണ്ട കായ്കളും ഉണ്ട്.
അടുക്കളത്തോട്ടങ്ങളിലും വീട്ടുമുറ്റത്തും വേലിയാക്കാന്‍ പറ്റിയ ഇനമാണ് മധുരച്ചീര.
തണലുള്ള ഇടങ്ങളിലും നന്നായി വളരുന്നു. ഏകദേശം രണ്ടര മീറ്റര്‍ ഉയരമുണ്ടാകും. വളര്‍ന്നുവരുന്ന ഇളം തണ്ടുകള്‍ പാചകം ചെയ്യാം. തോരനുണ്ടാക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്.
നടാനായി മൂപ്പെത്തിയ 20 സെന്റീമീറ്റര്‍ നീളമുള്ള കമ്പുകള്‍ ഉപയോഗിക്കാം. 30 സെന്റീമീറ്റര്‍ ആഴത്തില്‍ ജൈവവളം ചേര്‍ത്ത് തയ്യാറാക്കിയ ചാലുകളിലാണ് മധുരച്ചീര നടേണ്ടത്. ചെടികള്‍ തമ്മില്‍ 15 സെന്റീമീറ്റര്‍ അകലം ഉണ്ടാക്കാന്‍ ശ്രദ്ധിക്കണം. കടല പിണ്ണാക്ക് ലായനിയോ ബയോഗ്യാസ് സ്ലറിയോ ഒഴിച്ചു കൊടുത്താല്‍ തണ്ടുകള്‍ പെട്ടെന്ന് വളരും. നട്ട് മൂന്നു നാല് മാസത്തിനുള്ളില്‍ വിളവെടുക്കാനാകും. വേനല്‍ക്കാലത്ത് നനച്ചു കൊടുക്കുന്നത് നല്ല വിളവ് കിട്ടാന്‍ സഹായിക്കും.
ഓരോ തവണ വിളവെടുത്ത ശേഷവും നേരിയ തോതില്‍ ജൈവവളം ചേര്‍ക്കുന്നതും നല്ലതാണ്. വലിയ രോഗകീട ബാധകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ വളരെ എളുപ്പത്തില്‍ മധുരച്ചീര വീടുകളില്‍ കൃഷി ചെയ്യാം.