Farm Tips

ചായമൻസ അഥവാ (Cnidoscolus aconitifolius) മെക്സിക്കൻ ചീര

അമേരിക്കയിൽ , പ്രാചീനമായ മായൻ സമൂഹം കൃഷി ചെയ്തിരുന്ന ഇലക്കറിയാണ് ചായമൻസ. നമുക്ക് അത്ര പരിചിതമല്ല ഈ ഇലക്കറി.  എങ്കിലും ചുരുക്കം ചില സ്ഥലങ്ങളിൽ ചായ മൻസ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. മരച്ചീര, മായൻ ചീര,മെക്സിക്കൻ ചീര എന്നും  ഈ ചെടിക്ക് പേരുകളുണ്ട്.

മഴയേയും വെയിലിനേയും അതിജീവിച്ചു വളരാൻ കഴിയുന്ന  ചായമൻസയ്ക്ക് നിരവധി ഔഷധ ഗുണങ്ങളാണുള്ളത്.

പച്ചനിറമുള്ള ഇതിന്റെ ഇല നന്നായി വേവിച്ച് പോഷക മൂല്യമുള്ള വിഭവങ്ങൾ തയ്യാറാക്കാം'

ചായമൻസ പാചകം ചെയ്തു മാത്രമേ ഉപയോഗിക്കാവൂ. ഇതിലടങ്ങിയിരിക്കുന്ന ഹൈഡ്രോസൈനിക് ഗ്ലൂക്കോസൈഡ് വേവിക്കുമ്പോൾ മാത്രമേ നഷ്ടപ്പെടുകയുള്ളൂ. അതിനാൽ പച്ചയ്ക്ക് കഴിക്കാനോ  ഇലകൾ ചെറുതായി വാട്ടിയോ കഴിക്കരുത്.  നാട്ടിൻ പുറങ്ങളിൽ ഇതിനെ "കട്ട് " എന്ന് പറയും. ഈ കട്ട് പോകാനാണ് നന്നായിവേവിക്കണം എന്ന് പറയുന്നത്.  അലൂമിനിയം പാത്രത്തിൽ  പാചകം ചെയ്യരുത്. കൂടാതെ പാത്രം തുറന്നു വച്ചു വേവിക്കുക.

ചായമൻസയുടെ തണ്ട് മുറിക്കുമ്പോൾ ഒരു വെള്ളക്കറ മുറിഞ്ഞ ഭാഗത്തു നിന്നും വരും. ഇത് കൈയിൽ പറ്റിയാലുടൻ കഴുകിക്കളയുക. ചീര പോലുള്ള മറ്റ് ഇലക്കറികളുടെ ഉപയോഗം തന്നെയാണ് ചായമൻസയ്ക്കും. ഉപ്പേരി, മെഴുക്കുപുരട്ടി, കറികൾ എന്നിവയും ഉണ്ടാക്കാം. കൂടാതെ ചായയും ഉണ്ടാക്കാം. അതിനാലാണ് ഈ പേര് തന്നെ.

ചായ മൻസ പോക്ഷക-ഔഷധ ഗുണങ്ങളിൽ മറ്റെല്ലാ ചീരയിനങ്ങളെയും കടത്തിവെട്ടുന്നുന്നതാണ്. മറ്റ് ഇലക്കറികളിലുള്ളതിനേക്കാൾ 3 മടങ്ങ് പോഷകമൂല്യം  ചായ മൻസയ്ക്കുണ്ട്.  മായൻ വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസ്സരങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. മായൻ വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതികളിലെ പ്രധാന ഔഷധം കൂടിയാണ് ചായ മൻസ.

ചായ മൻസയിലെ പോക്ഷക നിലവാരം

പ്രോട്ടീൻ- 5.7%

നാരുകൾ- 1.9%

കാത്സിയം- 199.4 mg/100g

പൊട്ടാസ്യം- 217.2 mg/100g

ഇരുമ്പ്- 11.4 mg/100g

വിറ്റാമിൻ C- 164.7 mg/100g

കരോട്ടിൻ- 0.085 mg/100g

രുചികരമായ ചായ മൻസ ചീര കഴിക്കുന്നത്‌ കൊണ്ടുള്ള പ്രയോജനങ്ങൾ ഇനിപ്പറയുന്നവയണ്.

 1. രക്ത ചങ്ക്രമണം വർദ്ധിപ്പിക്കും.
 2. ദഹനത്തെ സഹായിക്കുന്നു.
 3. കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു.
 4. വെരികോസ് വെയിൻ എന്ന രോഗത്തെ തടയുന്നു.
 5. കൊളസ്ട്രോൾ നിയന്ത്രിക്കുന്നു.
 6. ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
 7. ചുമയെ തടയുന്നു.
 8. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളർച്ചയെ സഹായിക്കുന്നു.
 9. ശ്വാസ കോശത്തിന്റെ സുഗമമായ പ്രവർത്തനത്തെ സഹായിക്കും
 10. വിളർച്ച തടയുന്നു.
 11. തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മശക്തിയും വർദ്ധിപ്പിക്കും.
 12. വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു.
 13. പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം ഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
 14. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം
 15. മൂലക്കുരു നിയന്ത്രിക്കുന്നു.
 16. മുഖക്കുരുക്കളെ തടയുന്നു.

ചായ മൻസ കൃഷിരീതി

ധാരാളമായുണ്ടാകുന്ന ശാഖകൾ 6”-8” നീളത്തിൽ മുറിച്ചതോ വിത്തുകളോ നടീൽ വസ്തുവായിട്ടുപയോഗിക്കാം. മായൻ ചീര 6 മീറ്ററോളം ഉയരത്തിൽ വളരുന്ന മരമാണ്. ഇലകൾ പറിച്ചെടുക്കാനുള്ള സൌകര്യത്തിന് 2 മീറ്ററിൽ കൂടുതൽ വളരാനനുവദിക്കാതെ കോതി നിർത്തുകയാണ് സാധാരണ രീതി.

കേരളത്തിൽ നന്നായി വളരുന്നതാണ് ചായ മൻസ. ഈ മരച്ചീര വീട്ടിലൊരെണ്ണം നട്ടുപിടിപ്പിച്ചാൽ പോക്ഷക സമ്പുഷ്ടവും ഔഷധ ഗുണപ്രധാനവുമായ ഇലക്കറി കാലങ്ങളോളം ലഭിക്കാൻ സഹായിക്കും.

ചായ മൻസ പാചക വിധികൾ

1.ചായ മൻസ ടീ

ചായ മൻസ ഇലകൾ കൊണ്ടുണ്ടാക്കുന്ന ചായ പ്രമേഹം നിയന്ത്രിക്കാനും കരൾ ശുദ്ധീകരിക്കാനും ഉത്തമമാണ്. അഞ്ച് വലിയ ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് ഒരു ലിറ്റർ വെളളം ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട് വേവിക്കണം. തണുക്കുമ്പോൾ ഒരു നുള്ള് ഉപ്പും കുറച്ചു നാരങ്ങാ നീരും ചേർത്താൽ ചായ മൻസ ടീ തയ്യാർ. ദിവസ്സവും മൂന്ന് ഗ്ലാസ്‌ വരെ കുടിക്കാം.

2. സാലഡ്

ചായ മൻസ ഇലകൾ ചെറുതായി അരിഞ്ഞ് കുറച്ചു വെളളം (ഇലകൾ വേവുന്നതിനു വേണ്ടത് മാത്രം) കൂടി ചേർത്ത് ചെറു ചൂടിൽ 20 മിനിട്ട് വേവിച്ചെടുക്കണം. ഈ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന എല്ലാവിധ സലാഡുകളുമു ണ്ടാക്കാവുന്നതാണ്.

3. തോരനും മറ്റും

ചായ മൻസ ഇലകൾ കൊണ്ട് സാധാരണ ചീരവർഗ്ഗങ്ങളുപയോഗിച്ചുണ്ടാക്കാവുന്ന തോരനും മറ്റെല്ലായിനം കറികളും ഉണ്ടാക്കാവുന്നതാണ്. കറികൾ 15 മുതൽ 20 മിനിട്ട് വരെ സമയം വേവിക്കണമെന്നുള്ളതാണൊരു പ്രത്യേകത


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox