Updated on: 30 June, 2022 12:53 PM IST

ഡയറിഫാമിന്റെ വിജയത്തില്‍ കാലിത്തീറ്റയ്ക്ക് നിര്‍ണായക പങ്കുണ്ട് . ഗുണമേന്മയുള്ള തീറ്റ ശരിയായ അളവില്‍ നല്‍കുന്നത് പശുവിന്റെ ആരോഗ്യത്തിനും ഉടമയുടെ സാമ്പത്തിക ഭദ്രതയ്ക്കും ആവശ്യമാണ്. പ്രകൃതിദത്ത ഭക്ഷണം ലഭിക്കന്‍ ധാരാളം പരിമിതികള്‍ ഉള്ളതിനാല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമീകൃത തീറ്റ ഉല്പാദിപ്പിച്ചു ലഭ്യമാക്കുന്ന രീതിയ്ക്ക് പ്രചാരമേറുന്നു.

ടി.എം ആര്‍.തീറ്റ, ബൈപാസ് പ്രോട്ടീന്‍ തീറ്റ, ബൈപാസ് കൊഴുപ്പ് തീറ്റ, അസോള, പ്രോബയോട്ടിക്കുകള്‍, യൂറിയ മൊളാസ്സ്‌സ് ബ്ലോക്ക് ലിക്കുകള്‍, ഹൈഡ്രോപോണിക് തീറ്റ, സമ്പുഷ്ട വൈക്കോല്‍ കട്ട എന്നിവയാണ് ഇന്ന് ലഭ്യമായ നൂതന തീറ്റകള്‍
ടി.എം. ആര്‍ കാലിത്തീറ്റ (ടോട്ടല്‍ മിക്‌സഡ് റേഷന്‍ സമ്പൂര്‍ണ സമ്മിശ്രതീറ്റ) പശുക്കള്‍ക്ക് കാലിത്തീറ്റയും പരുഷാഹാരവും വെവ്വേറെ കൊടുക്കാതെ സാന്ദ്രീകൃത തീറ്റയും പരുഷാഹാര വസ്തുക്കളും ധാതുലവണങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടെ സമീകൃത ആഹാരത്തിന്റെ അളവ് തയ്യാറാക്കി യന്ത്രസഹായത്താല്‍ കൂട്ടിച്ചേര്‍ത്താണ് ടി.എം. ആര്‍ തീറ്റ നിര്‍മ്മിക്കുന്നത്. ഇതില്‍ 90.37% ശുഷ്‌കപദാര്‍ഥങ്ങള്‍ (ഡ്രൈമാറ്റര്‍), 12.79% ക്ഷാരം, 244% നൈട്രജന്‍, 15.25% മാംസ്യം എന്നിവയടങ്ങിയിരിക്കുന്നു. പശുവിന് ആവശ്യമായ അളവില്‍ നാരും സാന്ദ്രീകൃത ഘടകങ്ങളും അടങ്ങിയ ഈ തീറ്റ നന്നായി ചവച്ചരച്ച് കഴിക്കുമ്പോള്‍ ധാരാളം ഉമിനീര് ചേരുകയും അത് ആമാശയത്തിലെ അമ്ലത കുറയ്ക്കുകയും വഴി അണുജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പാലില്‍ കൊഴുപ്പിന്റേയും മാംസ്യത്തിന്റെയും അളവു വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ ചാണകം സാധാരണമട്ടില്‍ ആകും. പശുവിന്റെ മൊത്തം ആരോഗ്യനില മെച്ചപ്പെടുന്നു. തീറ്റ പാഴാകുന്നില്ല, ദഹന സംബന്ധിയായ രോഗങ്ങള്‍ കുറയുന്നു, യന്ത്രവല്‍ക്കരണത്തിലൂടെ തീറ്റ അനായാസം നല്‍കാനാകുന്നു. തീറ്റ പരിവര്‍ത്തനശേഷിയും പാലുല്പാദനവും വര്‍ധിക്കുന്നു. ചാണകം മുറുകുന്നതിനാല്‍ തൊഴുത്ത് വൃത്തിയാക്കുകയും എളുപ്പമാകും.

പ്രോബയോട്ടിക്കുകള്‍


പശുവിന്റെ ദഹന വ്യൂഹത്തില്‍ ഉപകാരികളായ അണുക്കളുടെ ഉത്പാദനവും വളര്‍ച്ചയും കൂട്ടുകയും അപകടകാരികളായ അണുക്കളുടെ എണ്ണം കുറയ്ക്കുകയും ചെയ്ത് ആരോഗ്യവും രോഗപ്രതിരോധ ശക്തിയും നേടാന്‍ സഹായിക്കുന്ന പദാര്‍ഥങ്ങളാണ് പ്രോബയോട്ടിക്കുകള്‍.
പ്രകൃത്യാലുള്ള പ്രോബയോട്ടിക്കുകള്‍ ബാക്ടീരിയ, ഫംഗസ്, യീസ്റ്റ് എന്നിവയാണ്. കന്നുകാലിത്തീറ്റയില്‍ ചേര്‍ക്കാവുന്ന വില കുറഞ്ഞ പ്രോബയോട്ടിക് ആണ് യീസ്റ്റ്. കന്നുകുട്ടി മുതല്‍ ഏതു പ്രായത്തിലുള്ളതിനും യീസ്റ്റ് നല്‍കാം. ദഹനക്കേടുണ്ടാക്കുമെന്നതിനാല്‍ പെട്ടെന്ന് കൂടുതല്‍ കൊടുക്കരുത് എന്നു മാത്രം. ആദ്യം ഒരുനുള്ളുവീതം കൊടുത്തു തുടങ്ങണം. ക്രമേണ അതുവര്‍ധിപ്പിച്ച് ഒരു കിലോ കാലിത്തീറ്റ മിശ്രിതത്തിന് രണ്ട ഗ്രാം എന്ന അനുപാതത്തില്‍ നല്‍കാം. 6-10 മാസമായ കന്നുകുട്ടികള്‍ക്ക് ദിവസവും മൂന്ന്-അഞ്ച് ഗ്രാം യീസ്റ്റ് തീറ്റയില്‍ കുഴച്ചു കൊടുക്കുന്നത് നല്ലവളര്‍ച്ച ലഭിക്കുവാന്‍ കാരണമാകും. കറവ പശുവിന് യീസ്റ്റ് കൊടുക്കുമ്പോള്‍ പാലുത്പാദനവും പാലില്‍ കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും കൂടുന്നതായി തെളിയഞ്ഞിട്ടുണ്ട്. യീസ്റ്റ് പാക്കറ്റുകള്‍ കാറ്റും വെളിച്ചവും തട്ടാത്ത സ്ഥലത്തുവേണം സൂക്ഷിക്കുവാന്‍. നിശ്ചിത അളവില്‍ മാത്രമേ നല്‍കാവൂ. ദഹനക്കേട് ഉണ്ടാകുന്ന പക്ഷം ഒരാഴ്ചയ്ക്കുശേഷമേ നല്‍കാവൂ. അപ്പോഴും ക്രമപ്രകാരം വേണം നല്‍കാന്‍.


ബൈപാസ് കൊഴുപ്പ് തീറ്റ
കാലിത്തീറ്റയിലെ കൂടിയ തോതിലുള്ള കൊഴുപ്പ് പശുക്കള്‍ക്ക് ദഹനക്കേട് ഉണ്ടാക്കുമെന്നതിനാല്‍ കൊഴുപ്പിനെ ചില സാങ്കേതിക വിദ്യ ഉപയോഗിച്ച് കാത്സ്യവുമായി ബന്ധിപ്പിച്ചാണ് ബൈപാസ് കൊഴുപ്പ് തീറ്റ സൃഷ്ടിക്കുന്നത്. കൊഴുപ്പ് ശരീരത്തിലേക്ക് നേരിട്ട് വലിച്ചെടുക്കുവാനും കൂടുതല്‍ ഊര്‍ജം ലഭിക്കുവാനും പശുവിന് ഈ തീറ്റമൂലം സഹായകമാകുന്നു.


ബൈപാസ് പ്രോട്ടീന്‍ കാലിത്തീറ്റ
ഗുണമേന്മയേറിയ പോഷകങ്ങള്‍ ഒട്ടും നഷ്ടപ്പെടാതെയും സൂക്ഷ്മജീവികളുടെ സഹായം കൂടാതെയും നേരിട്ട് ലഭ്യമാക്കുന്നതിന് പശുക്കളെ സഹായിക്കുന്ന തീറ്റയാണ് ബൈപാസ് പ്രോട്ടീന്‍ കാലിത്തീറ്റ.


യൂറിയ-മൊളാസസ്സ് ബ്ലോക്ക് ലിക്കുകള്‍
യൂറിയ, മൊളാസസ്സ്, ഉപ്പ് ധാതുമിശ്രിതങ്ങള്‍, പരുത്തിപ്പിണ്ണാക്ക് എന്നീ ചേരുവകള്‍ പ്രത്യേക അനുപാതത്തില്‍ യോജിപ്പിച്ച് തണുപ്പിക്കല്‍ പ്രക്രിയ വഴി 25ഃ15ഃ6 സെമീ അളവിലുള്ള ഏകദേശം മൂന്നു കിലോയുള്ള കട്ടകളായി രൂപപ്പെടുത്തിയാണ് ഇത് നിര്‍മിക്കുന്നത്. ഒരു കറവമാടിന് 10 ദിവസം ഉപയോഗിക്കാന്‍ ഒരെണ്ണം മാത്രം മതി. പശുക്കളുടെ മുമ്പില്‍ പ്രത്യേകം ഉണ്ടാക്കുന്ന അറയില്‍ ബ്ലോക്ക് വയ്ക്കണം. ആവശ്യാനുസരണം നക്കിയെടുക്കുന്നതിനാലും ഉമിനീരും ഇതോടൊപ്പം ആമാശയത്തിലെത്തുമെന്നതിനാലും ഇരട്ടി ഗുണം ലഭിക്കും. ഇതോടൊപ്പം ധാരാളം പുല്ല്, വയ്‌ക്കോല്‍, വെള്ളം എന്നിവയും നല്‍കണം. ആമാശയത്തിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാനുള്ള നൈട്രജന്‍, ഊര്‍ജ്ജം എന്നിവ ലഭിക്കുന്നതിനാല്‍ ദഹനം വര്‍ദ്ധിക്കുകയും പാലുല്പാദനം സുഗമമാവുകയും ചെയ്യും. കൂടാതെ സാന്ദ്രീകൃത തീറ്റ ഗണ്യമായി കുറയ്ക്കാനും സാധിക്കും.


ഹൈഡ്രോപോണിക് തീറ്റ
ഗുണമേന്മയുള്ളതും യാതൊരു രാസവളവും കീടനാശിനിയുമില്ലാതെ ഈര്‍പ്പവും താപനിലയും ക്രമീകരിച്ച പ്രത്യേക ഉപകരണത്തില്‍ വളര്‍ത്തുന്ന തീറ്റപ്പുല്ലാണിത്. തീറ്റപ്പുല്ലായി പരക്കെ ഉപയോഗിക്കുന്ന മക്കച്ചോളത്തിന്റെ വിത്താണ് ഇങ്ങനെ മുളപ്പിക്കുന്നത്. ഇതില്‍ മികച്ച രീതിയില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃതമാംസ്യം 20.2 ശതമാനം, അസംസ്‌കൃതനാര് 11.3 ശതമാനം, കൊഴുപ്പ് 4.3 ശതമാനം, അന്നജം 15.4 ശതമാനം, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സള്‍ഫര്‍, ഫോസ്ഫറസ,് ബോറോണ്‍, കോപ്പര്‍, ഇരുമ്പ് എന്നി മൂലകങ്ങളും വിറ്റാമിന്‍ എ, ഇ എന്നിവയും ധാരാളമുണ്ട്. നാരിന്റെ അംശം കുറവായതിനാല്‍ വൈക്കോല്‍ ഇതോടൊപ്പം നല്‍കണം. ഇതില്‍ ദഹനരസം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ എളുപ്പം ദഹിക്കും. ആറ്, എഴ് ദിവസത്തെ വളര്‍ച്ച മാത്രമുള്ള ചെറു സസ്യമായതിനാല്‍ കന്നുകുട്ടിമുതല്‍ കറവപ്പശുക്കള്‍ക്കുവരെ രുചികരമായ തീറ്റയാണിത്. മണ്ണില്ലാ കൃഷി ആയതിനാല്‍ തീറ്റ തെല്ലും പാഴാകാതെ വേരോടെ ഭക്ഷിക്കുവാനും കന്നുകലികള്‍ക്ക് നല്‍കാം. പ്രതിദിനം 25 കിലോ ഹൈഡ്രോപോണിക് തീറ്റ, അഞ്ചു കിലോ ഉണക്കപ്പുല്ല് 10 കിലോ പച്ചപുല്ല് എന്നിവ നല്‍കിയാല്‍ ആറു ലിറ്റര്‍ പാലുത്പാദിപ്പിക്കാന്‍ മറ്റു സാന്ദ്രീകൃത കാലിത്തീറ്റ നല്‍കേണ്ടതില്ല.


 സമ്പുഷ്ട വയ്‌ക്കോല്‍ കട്ട
വയ്‌ക്കോല്‍ സൂക്ഷിക്കാനും കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനും വയ്‌ക്കോലിന്റെ പോഷകമൂല്യം മെച്ചപ്പെടുത്തുന്നതിനുമായി ധാതുലവണമിശ്രിതവും സാന്ദ്രീകൃതാഹാരവും വൈക്കോലുമായി ചേര്‍ത്ത് സമ്പുഷ്ടമാക്കി ബെയിലിങ് യന്ത്രം ഉപയോഗിച്ച് അമര്‍ത്തി ചെറിയ കട്ടകളായി സൂക്ഷിക്കുന്നു. ഇതുമൂലം സംഭരണസ്ഥലം കുറവുമതി എന്നതിനു പുറമേ വൈക്കോലിന്റെ പോഷക മൂല്യം വര്‍ധിക്കുകയും ദഹ്യമാംസ്യത്തിന്റെ അളവു ഏകദേശം മുപ്പത്തിയഞ്ചു ശതമാനത്തോളമായി വര്‍ധിക്കുകയും ചെയ്യുന്നു.

ആഴ്ചതോറും വില കയറുന്ന കാലിത്തീറ്റ നല്‍കി പശുപരിപാലനം ലാഭകരമായി കൊണ്ടുപോവുക ബുദ്ധിമുട്ടായതിനാല്‍ മേല്‍പറഞ്ഞ തീറ്റകള്‍ നല്‍കിയോ ഗുണമേന്മയേറിയതും ചിലവില്ലാത്തതും ആയ തീറ്റപ്പുല്ല് നട്ടുവളര്‍ത്തിയോ പശുക്കളെ തീറ്റപ്പോറ്റുക എന്ന തന്ത്രമാണ് അഭികാമ്യം
(ആലപ്പുഴ പട്ടക്കാട് ബ്ലോക്ക് ഫാം ഇന്‍സ്ട്രക്ടര്‍ ആണ്

ലേഖകന്‍ ഫോണ്‍ : 9447464008
എന്‍.തോമസ് ശാസ്താംകോട്ട

English Summary: Ready Made Cattle feed
Published on: 29 August 2017, 05:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now