പാലായിലെ ചക്കാമ്പുഴ (Pala, Chakkambuzha) എന്ന സ്ഥലത്തിന്റെ പേര് പോലെ തന്നെയാണ് അവിടത്തെ തോമസ് കട്ടക്കയം എന്ന തോമസ് ചേട്ടനും. 316 ഇനത്തോളം വിവിധയിനം പ്ലാവുകളാണ് തോമസ് ചേട്ടന്റെ ജാക്ക് ഫ്രൂട്ട് പാരഡൈസ് എന്ന ചക്കയുടേത് മാത്രമായ നഴ്സറിയിൽ ഉള്ളത്.പാലായിൽ നിന്ന് 8 കിലോമീറ്റർ ദൂരെ രാമപുരത്തേക്കുള്ള റൂട്ടിലാണ് ജാക്ക് ഫ്രൂട്ട് പാരഡൈസ് ( Jack fruit paradise) എന്ന ഫാ൦ സ്ഥിതി ചെയ്യുന്നത്. പിതാവിൽ നിന്നുമാണ് തോമസ് ചേട്ടന് പ്ലാവുകളോടുള്ള പ്രിയം കിട്ടിയത്. അങ്ങനെ കേരളത്തിൽ അങ്ങോളമിങ്ങോളം യാത്രചെയ്തു ചക്കകളിലെ വിവിധയിനങ്ങൾ കണ്ടെത്തി തന്റെ ഫാമിലെത്തിച്ചുകൊണ്ടിരിക്കുന്നു.
തന്റെ ചെറുപ്പം മുതൽ കണ്ടു വരുന്നരീതിയാണ് തോമസ് ചേട്ടൻ പിന്തുടരുന്നത്. അതായത് അദ്ദേഹത്തിന്റെ പിതാവ് നല്ല ചക്ക എവിടെ കണ്ടാലും അത് പുഴുങ്ങിയതായാലും പഴമായാലും കഴിച്ചു കഴിഞ്ഞാൽ നല്ലതാണെന്നു കണ്ടാൽ ഉടൻ അതിന്റെ കുരു എവിടെയെങ്കിലും കുഴിച്ചിടും. ചാച്ചൻ നടുന്ന രീതി ഇങ്ങനെയാണ്. ഒരു കുഴിക്കകത്തു ഒന്നൊന്നര കോൽ അകലത്തിൽ രണ്ടു കുരു ഇടും. ഒന്ന് വരിക്ക പ്ലാവിന്റെയും മറ്റൊന്ന് കൂഴ പ്ലാവിന്റെയും. തന്റെ പിതാവ് പ്ലാവിനെ ഇത്ര മാത്രം സ്നേഹിച്ചു വളർത്തിയെടുക്കുന്നത് നേരിട്ട് കണ്ടിട്ടുള്ള താനും അതേ നിലപാട് തുടർന്നു. പ്ലാവിന് എന്തോ ഒരു വലിയ വിലയുണ്ടെന്നും അനുഭവത്തിൽ നിന്ന് തനിക്കു ബോധ്യപ്പെട്ടു എന്നാണ് തോമസ് ചേട്ടൻ പറയുന്നത്. അതിനു പുറമെ തന്നോട് പിതാവ് പറഞ്ഞിട്ടുള്ളത് പ്ലാവ് വെട്ടരുത്. വെട്ടിയാൽ തന്നെ പകരം രണ്ടു പ്ലാവ് നട്ടു പിടിപ്പിച്ചു അത് കായ്ച്ചതിനു ശേഷം മാത്രമേ മറ്റൊന്ന് വെട്ടാവൂ. പ്ലാവിന് അത്രയായിരുന്നു തന്റെ വീട്ടിൽ കൊടുത്തിരുന്ന പ്രാധാന്യം. ചക്കയിലെ വ്യത്യസ്ത രുചികൾ തേടിയുള്ള തോമസ് ചേട്ടന്റെ യാത്ര തുടങ്ങിയിട്ട് കാലങ്ങളായി.ഇന്ന് ചക്ക മുറിച്ചു വച്ച് ആളുകൾ തോമസ് ചേട്ടനായി കാത്തിരിക്കും. അദ്ദേഹം അത് കഴിച്ചു അതിന്റെ രുചിയറിയും ഇനവും തിരിച്ചറിയും. പഴം കഴിച്ചും പുഴുങ്ങി തിന്നും ചക്കയുടെ ഇന്നത്തെ കുറിച്ച് കൃത്യമായി അറിയാം തോമസ് ചേട്ടന്. ഏതു സമയത്തു കായ്ക്കുന്ന പ്ലാവാണ് എന്നറിഞ്ഞിട്ടു ആ ഇനത്തിന്റെ കമ്പു കൊണ്ട് വന്നു ബഡ് ചെയ്തു വളർത്തി എടുത്താൽ അതേ സമയത്തു തന്നെ നമുക്കും ചക്ക കിട്ടും.അതേ ഗുണ നിലവാരത്തോടെയുള്ള പഴങ്ങൾ തന്നെ കിട്ടും. മണ്ണിന്റെ ഉപരിതലത്തിലും ആഴത്തിലും ദൂരത്തിലും ഇറങ്ങി ചെന്ന് വളമെടുക്കുന്ന വേരുകളുള്ളതാണ് പ്ലാവ് . അതിനാൽ തന്നെ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള പഴമായി മാറി ചക്ക. ചക്ക ബഡ് ചെയ്തു വൈക്കുമ്പോളുള്ള രുചിയുള്ള പിന്നെയൊരു അഞ്ചു വർഷം കഴിയുമ്പോൾ കിട്ടുന്നത് . മറ്റേതൊരു ഫലത്തിനും ഇത്തരമൊരു മാജിക് ഇല്ല എന്നദ്ദേഹം പറയുന്നു. ചക്ക ഒരു സമ്പൂർണ്ണ ആഹാരം എന്ന് നമുക്കറിയാം. ചക്ക കഴിച്ചാൽ പിന്നെ ഭക്ഷണമായി നമുക്ക് മറ്റൊന്നും വേണ്ട എന്നാണ് ചോറിനു പകരം ചക്ക കഴിക്കാൻ ഇഷ്ടപ്പെടുന്ന തോമസ് ചേട്ടന്റെ വിദഗ്ധാഭിപ്രായം. .അതിലേക്കു ലോകത്തുള്ളവരും എത്തിച്ചേരണം എന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷി മന്ത്രിയും ധനമന്ത്രിയു തന്റെ വീട്ടിൽ വന്നു കൃഷി രീതികൾ കണ്ടു. കോട്ടയം ജില്ലയിലെ ബയോ ഡൈവേഴ്സിറ്റി ബോർഡിന്റെ മീറ്റിങ് തന്റെ ഫാമിൽ വച്ചാണ് നടത്തിയത്. പഞ്ചായത്ത൦ഗങ്ങളും കുറച്ചു കുട്ടികളും ഒക്കെ വന്നിരുന്നു. അങ്ങനെ നിരവധി ആളുകൾ തന്റെ ഫാ൦ കാണാൻ എത്താറുണ്ട്. കൊറോണക്കാലത്തും നിരവധി ആളുകൾ എത്തിച്ചേരുന്നുണ്ട്, പ്ലാവിൻ തൈകൾ വാങ്ങാനും വിവിധ ഇനങ്ങൾ കാണാനുമായി. ഈ ഫാമിൽ ഇപ്പോൾ 316 ഇനങ്ങളിലുള്ള പ്ലാവുകളാണ് നട്ടു വളർത്തുന്നത്. 300 വെറൈറ്റി തന്റെ ഫാമിൽ നാട്ടു. 16 വെറൈറ്റി കൂടെ നടാനുള്ള സ്ഥലമില്ലാത്തതുകൊണ്ടു മുൻ വശത്തുള്ള കുറച്ചു റബ്ബർ മരങ്ങൾ കൂടെ വെട്ടി മുറിച്ചിട്ട് പ്ലാവിൻ തൈകൾ വയ്ക്കാനുള്ള നടപടികൾ നടത്തുകയാണ് തോമസ് ചേട്ടൻ. ഇതിനു പുറമെ ഒരു 40 വെറൈറ്റികൾ കൂടെ താൻ മനസ്സിലാക്കി വച്ചിട്ടുണ്ട് എന്നും തോമസ് ചേട്ടൻ പറയുന്നു.
ആദ്യകാലത്തു താൻ റബ്ബർ വെട്ടി മാറ്റുന്നത് കണ്ടപ്പോൾ മകൻ അത്ഭുതപ്പെട്ടുപോയി. നിറയെ പാലെടുക്കുന്ന റബ്ബർ തോട്ടമാണ് താൻ വെട്ടി മാറ്റുന്നത്. തനിക്കു നിരവധി റബ്ബർ നേഴ്സറികളും ഉണ്ടായിരുന്നതാണ്. അങ്ങനെയുള്ള താനാണ് റബ്ബർ മുറിച്ചു അവിടെ പ്ലാവ് വച്ച് പിടിപ്പിച്ചത്. ആദ്യം ആഞ്ഞിലി വെട്ടി, പിന്നെ റബ്ബറും വെട്ടി എത്രയും വേഗം പ്ലാവ് നടുക എന്ന തന്റെ ആഗ്രഹം സാധിച്ചെടുത്തു. ഇപ്പോൾ മക്കലും നാട്ടുകാരും എല്ലാവരും തനിക്കൊപ്പമുണ്ട്.തന്റെ തീരുമാനം ശെരിയായിരുന്നു എന്നവർക്ക് അറിയാം.
പ്ലാവിനെ മാത്രം സ്നേഹിക്കുന്ന കർഷകനല്ല തോമസ് ചേട്ടൻ. ഇന്ത്യൻ നാളികേര വികസന ബോർഡിൽ നിന്നും തന്റെ പ്ലാവിന്റെ കൃഷിയെക്കുറിച്ചന്വേഷിച്ചെത്തിയവരോടു താൻ തെങ്ങിന്റെ ചെല്ലി കുത്തലിനുള്ള കണ്ടുപിടിച്ച മരുന്നിനെക്കുറിച്ചു പറഞ്ഞു. കക്ക നീറ്റിയ കുമ്മായം തെങ്ങിന്റെ കവിളിലും സകല മടലിലും ഇട്ടു കൊടുക്കുക. എല്ലാ ചെല്ലികളും പൊയ്ക്കോളും എന്നതാണ് തോമസ് ചേട്ടൻ കണ്ടു പിടിച്ചു ഫലപ്രദമായ മരുന്ന്. .മഴക്കാലത്ത് ഓരോ മാസവും ഇട്ടു കൊടുക്കുകയും വേണം.
. 70 വ്യത്യസ്ത ഇനംവരിക്കയുടെയും 5 ഇനം കൂഴയുടെയും തൈകളാണ് ഈ ജാക്ക് ഫ്രൂട്ട് പാരഡൈസിൽ ഇപ്പോൾ വില്പനയ്ക്കുള്ളത്. ചോക്ലേറ്റ് രുചിയുള്ള ചക്കയുടെ പ്ലാവ് ,ആദ്യ വിളവിലെല്ലാം വെള്ളനിറത്തിൽ ചക്കപ്പഴം ലഭിച്ച വെള്ളക്കൂഴ , (വർഷങ്ങൾ ഏറുംതോറും വെള്ളകൂഴയുടെ രുചിയും നിറവും മാറിവരുന്നുണ്ട്.) ഒക്ടോബറിൽ വിളവാകുന്ന വൻ ഡിമാന്റുള്ള ഒരു തേൻ വരിക്ക, ഡിസംബറിൽ വിളവാകുന്ന മറ്റൊരു പ്ലാവ്, ചകിണയില്ലാത്ത ചക്കയുള്ള പ്ലാവ്, സ്ഥലപരിമിതിയുള്ളവർക്കു നട്ടു പിടിപ്പിക്കാൻ കഴിയുന്ന വിയറ്റ്‌നാം സൂപ്പർ ഏർലി അങ്ങനെ പോകുന്നു തോമസ് ചേട്ടന്റെ ജാക്ക് ഫ്രൂട്ട് പാരഡൈസിലെ ചക്കയുടെ ഇനങ്ങളുടെ വൈവിധ്യം.
പണ്ടൊരിക്കൽ താൻ തൃപ്പൂണിത്തുറ ഹിൽ പാലസിൽ പോയപ്പോൾ അവിടുത്തെ അധികാരികൾ പറഞ്ഞറിഞ്ഞു അവിടെയൊരു നല്ല ഇനം പ്ലാവുണ്ടെന്ന്. അവിടെ നിന്നും അതിന്റെ കമ്പ് കൊണ്ട് വന്നു ബഡ് ചെയ്തു നട്ടു വളർത്തി. അതിനു കൊട്ടാരം വരിക്ക എന്നാണ് പേരിട്ടിരിക്കുന്നത്. തോമസ് ചേട്ടന്റെ ഉദ്ദേശം വളരെ ലളിതമാണ്. ചക്കയുടെ വിവിധ ഇനങ്ങളുടെ ഒരു ശേഖരം. ഏറ്റവും രുചിയുള്ള ഇനങ്ങളുടെ ഒരു കളക്ഷൻ. താൻ പല സ്ഥലത്തു നിന്നും കണ്ടെത്തി കൊണ്ട് വന്ന പല ഇനങ്ങളും ആ വീട്ടുകാർ മുറിച്ചു കളഞ്ഞു. നഷ്ടപ്പെട്ടേക്കാമായിരുന്ന ചില ഇനങ്ങൾ തനിക്കു സംരക്ഷിക്കാൻ സാധിച്ചു എന്നത് ഒരു മഹാ ഭാഗ്യമായി കരുതുന്നു.
ആദ്യമായി ചക്ക കളക്ഷൻ തുടങ്ങുന്നതിനു കാരണമായത് തന്റെ ഇടവകയിലെ ഒരു അച്ഛന്റെ പ്രചോദനമാണ്. അച്ഛന്റെ ഓർമ്മയിലുള്ള ഏറ്റവും രുചിയേറിയ ചക്കയെക്കുറിച്ചു ചോദിച്ചപ്പോളാണ് ആ വികാരിയച്ചൻ പറഞ്ഞത് കളത്തൂക്കടവ് പള്ളിമുറിയുടെ പുറകിൽ ഒരു പ്ലാവുണ്ട് എന്നും അതിന്റെ പഴം വളരെ വിശേഷപ്പെട്ടതാണ് എന്നും. തുടർന്ന് അദ്ദേഹത്തോട് പള്ളിയുടെ നമ്പർ വാങ്ങി അന്വേഷിച്ചാണ് പ്ലാവ് കണ്ടെത്തിയത്. തന്റെ സ്വന്തം കൈ കൊണ്ട് ആദ്യം ബഡ്ചെയ്തു വച്ച പ്ലാവ് അതാണ് എന്നും തോമസ് ചേട്ടൻ ഓർക്കുന്നു.
തികച്ചും ജൈവ രീതിയിലാണ് തോമസ് ചേട്ടൻ പ്ലാവുകളെ നട്ടു പരിപാലിക്കുന്നത്. പച്ചപ്പുല്ല് വെട്ടി മരത്തിന്റെ ചുവട്ടിലിട്ടു കൊടുത്താൽ തന്നെ പല വിധ രോഗങ്ങളിൽ നിന്ന് ചക്കയേയും പ്ലാവിനെയും സംരക്ഷിക്കാമെന്നാണ് തോമസ് ചേട്ടന്റെ അഭിപ്രായം. പ്ലാവ് നടുമ്പോൾ തന്നെ ഉണങ്ങിയ ചാണകപ്പൊടി ഒരു തൈക്ക് 10 കിലോ ചാണകപ്പൊടി ഇട്ടാലും കുഴപ്പമില്ല. മേൽമണ്ണിൽ ചാണകപ്പൊടി ഇട്ടു കിളച്ചു മിക്സ് ചെയ്തതിനു ശേഷം കൂടു ഇറക്കി നിർത്താൻ മാത്രം ആഴത്തിൽ കുത്തിയ കുഴിയിലേക്ക് തൈ വയ്ക്കുക. തൈയുടെ ചുവട്ടിലെ മണ്ണും കുഴിയുടെ വശങ്ങളിലെ മണ്ണും ഒരേ നിരപ്പിൽ വരണം. കുഴി മൂടി ഉറപ്പിക്കുക. മേൽമണ്ണിലിട്ട ചാണകപ്പൊടി മതിയാകും ആ പ്ലാവിന് വളരാൻ. പ്ലാവുകൾക്കുള്ള ഏറ്റവും നല്ല വളം എന്ന് പറയുന്നത് പച്ചപ്പുല്ല് തന്നെയാണ്. പുല്ലു വെട്ടി പ്ലാവിന്റെ തടത്തിനു ചുറ്റിലുമായി ഇടുക. തോമസ് ചേട്ടന്റെ അനുഭവത്തിൽ പ്ലാവിനെന്നല്ല മറ്റേതൊരു കൃഷിക്കും ഇതൊരു നല്ല വളമാണ്. പച്ചപ്പുൽ വളം കൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. പ്ലാവിന് ചീയൽ രോഗം ബാധിച്ചാൽ പോലും വീണ്ടും മറ്റൊരു ഭാഗത്തു നിന്നും പ്ലാവ് വളർന്നു വന്നുകൊള്ളും .ഇതും തോമസ് ചേട്ടന്റെ അനുഭവ പാഠം.
പ്ലാവുകളെ പരിപാലിക്കുന്ന തോമസ് ചേട്ടനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വ്യത്യസ്ത ഇനം പ്ലാവുകൾ നാട്ടു വളർത്തിയതിനു യു ആർ എസ് ഏഷ്യൻ റെക്കോർഡും സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും അടക്കം ഒട്ടനേകം പുരസ്കാരങ്ങൾ. പ്ലാവുകൾ നട്ടു കഴിഞ്ഞാൽ പിന്നെ മുതൽ മുടക്കില്ല. സീറോ ബജറ്റിൽ ചെയ്യുന്ന ഈ കൃഷിയിൽ നിന്നും തലമുറകൾക്കു വരുമാനം കിട്ടുമെന്നാണ് തോമസ് ചേട്ടൻ പറയുന്നത്. ചക്കയുടെ വിപണി സാധ്യത കൂടിയതും മികച്ച വരുമാനം നേടുന്ന കൃഷിയുടെ ഗണത്തിൽ ഇപ്പോൾ ചക്കയുമുണ്ടെന്നും തോമസ് ചേട്ടൻ കൂട്ടിച്ചേർത്തു. ചക്ക വാണിജ്യാടിസ്ഥാനത്തിൽ ചെയ്യുമ്പോൾ ഒരു ചക്കയിൽ നിന്നും 1000 രൂപ കിട്ടും. പഴമായി ഉണക്കിയാൽ 1500 രൂപ ഒരു കിലോയ്ക്ക് കിട്ടും. പച്ച ഉണ്ടെങ്കിൽ 500 മുതൽ 1000 രൂപ വരെ ആവശ്യമനുസരിച്ചാണ് വില.തോമസ് ചേട്ടന്റെ കുടുംബവും നാട്ടുകാരും എല്ലാവരും തോമസ് ചേട്ടന്റെ ചക്കഇനങ്ങളുടെ വ്യത്യസ്ഥയെ ക്കുറിച്ചുള്ള അന്വേഷണത്തിൽ കൂടെയുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ വിജയത്തിനുള്ള ഊർജം. ആൻസി, റീന,മിനി, മനോജ്, അനുപമ എന്നിവരാണ് മക്കൾ. ചക്കാമ്പുഴയിലെ പ്ലാവുകൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചതോമസ് ചേട്ടൻ ഓരോ ദിവസവും പുതിയ ഇനം പ്ലാവുകൾക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ്. തോമസ് ചേട്ടന്റെ പ്ലാവ് ബാങ്കിലേക്ക് ഇനിയും ഒരുപാട് വെറൈറ്റി പ്ലാവുകൾ എത്തിച്ചേരുന്നതിന്റെ വാർത്തകൾക്കായി നമുക്ക് കാത്തിരിക്കാം.തോമസ് ചേട്ടന്റെ ഫോൺ നമ്പർ 94495213264
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ചക്കയിങ്ങനെ പാഴാക്കിക്കളയാമോ ?
#Jack fruit#Pala#Thomas#farmer#agriculture