Features

ചക്കയിങ്ങനെ പാഴാക്കിക്കളയാമോ ?

ചക്കയെ സംസ്ഥാനഫലമായി  പ്രഖ്യാപിച്ചിട്ടും ചക്കയ്ക്കും ചക്കയുടെ മൂല്യ വർദ്ധിത ഉല്പന്നങ്ങൾക്കും പ്രിയമേറെയുണ്ടായിട്ടും  സീസണിൽ വീടുകളിൽ നിർലോഭം ഉണ്ടാകുന്ന ചക്ക വെറുതേ പാഴായി പോകുന്നത് കണ്ട് , ആകാശവാണി മാധ്യമ പ്രവർത്തകൻ എഴുതിയ ഫേസ് ബുക്ക് പോസ്റ്റാണ് ഈ വാർത്തയ്ക്ക് ആധാരം.

ആകാശവാണിയിലെ D പ്രദീപ് കുമാറിന്റെ FBപോസ്റ്റ്

മാവേലിക്കര വീട്ടിലെ പ്ലാവ്. കേരളത്തിലിങ്ങനെ ലക്ഷക്കക്കിന് പ്ലാവുകളുണ്ട്.മൂന്നാല് മഴ പെയ്താൽ ഈ ചക്കയെല്ലാം ചീഞ്ഞു പോകും. താഴെ വീണ്, ഈച്ചയരിക്കും.നാട്ടിൽ പുറങ്ങളിലെ റോഡുകളിലൂടെ ധൈര്യമായി നടക്കാൻ പോലുമാകില്ല. എപ്പോഴാണ് ചക്ക തലയിൽ വീഴുന്നതെന്നറിയില്ലല്ലോ...

ചക്കയെക്കുറിച്ച്, അതിന്റെ മൂല്യവർദ്ധകോല്പന്നങ്ങളെക്കുറിച്ച് കാർഷികവിദഗ്ദ്ധരും കൃഷി മന്ത്രിമാരും കാക്കത്തൊള്ളായിരം പ്രാവശ്യം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടും ചക്കയുടെ തലവര മാറിയിട്ടില്ല. ഈ ലോക് ഡൗൺ കാലത്ത് ചക്കപ്പുഴുക്കും ചിപ്സുമൊക്കെ ഉണ്ടാക്കി സ്വന്തം പറമ്പിലെ ചക്കയുടെ രുചിയറിഞ്ഞവരൊക്കെ , ലോക്ഡൗണാനന്തരം പുറത്തിറങ്ങുമ്പോൾ ഈ ചക്കയെ കണ്ടഭാവം നടിക്കില്ല.

എന്തെന്നാൽ, കപ്പയെ  പോലെ എളുപ്പത്തിൽ ചക്കയെ കൈകാര്യം ചെയ്യാനാവില്ല. പഴുത്ത ചക്കയിൽ നിന്ന് ചുളയെടുക്കുന്നതു പോലും ഏറെ സമയം വേണ്ടി വരുന്ന പണിയാകുന്നു. നഗരങ്ങളിലും ഫ്ലാറ്റുകളിലും ചക്കയുടെ മുള്ളും ചവിണിയും മടലുമൊക്കെ സംസ്കരിക്കുക ഏറെ പ്രയാസവുമാണ്.

അതിനാൽ,ചക്കയെ രക്ഷിക്കാൻ, ഭക്ഷ്യസ്വാശ്രയത്വത്തിനായി കർമ്മപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നവർ വിട്ടുപോയ, നയാപൈസ മുതൽ മുടക്കില്ലാത്ത, വലിയ വരുമാനവും   സാമൂഹികാരോഗ്യവുമുറപ്പു വരുത്തുന്ന ഒരു എളുപ്പവഴി പറയാം.

കുടുംബശ്രീ  യൂണിറ്റുകൾക്ക് ഇന്നുതന്നെ ചെയ്യാവുന്നത് :

മൂപ്പെത്താത്ത ചക്ക, പാചകം ചെയ്യാൻ പരുവത്തിൽ ചുള, കൂഞ്ഞ്, ചക്കക്കുരു എന്നിവയായി വേർതിരിച്ച്,പാക്ക് ചെയ്ത്, തൊട്ടടുത്ത പച്ചക്കറിക്കടകൾ / സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയിൽ നൽകുക.

നഗരങ്ങളിൽ നല്ല പഴുത്ത വരിക്കച്ചക്കയുടെ ചുള പായ്ക്കറ്റിലാക്കിയും നൽകാം. ഒറ്റ ദിവസം കൊണ്ട് വിറ്റുപോകും.

ഇടിച്ചക്ക കഷ്ണങ്ങളാക്കിയും,പച്ചച്ചക്ക കുഴയ്ക്കാൻ / വേവിയ്ക്കാൻ പാകത്തിലും അരക്കിലോ, ഒരു കിലോ പായ്ക്കറ്റുകളിൽ നൽകുക. പ്രമേഹരോഗികൾ ക്യൂ നിന്ന് വാങ്ങും.വഴിവക്കിൽ വച്ചാൽ പോലും വിറ്റുപോകും.

ഇനി,ഇതേ കുടുംബശ്രീയ്ക്ക് ചെയ്യാവുന്ന മുതൽ മുടക്കില്ലാത്ത വലിയ ഒരു കുടിൽവ്യവസായത്തെ പറ്റി പറയാം. പക്ഷേ, അതിന് സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. അതിനാൽ,ഇത് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരും , പ്രതിപക്ഷ കക്ഷി നേതാക്കളും കൂടിയാലോചിച്ച് തീരുമാനിക്കണം:

വളരെ ലളിതമാണിത്.

ചക്കയിൽ നിന്ന് വൈൻ ഉണ്ടാക്കുക. അതിനുള്ള ലൈസൻസ് കുടുംബശ്രീ യണിറ്റുകൾക്കും മറ്റും നൽകുക. കൃത്യമായ വ്യവസ്ഥകളോടെ, പ്രത്യേകിച്ചൊരു മുതൽ മുടക്കുമില്ലാതെ ഒന്നാന്തരം ചക്ക വൈൻ ഉണ്ടാക്കാം.

ലോക്ഡൗൺ കാലത്ത്, പഴയ വീടുകളുടെ സ്റ്റോർ മുറി /തട്ടിൻപുറം / പിന്നാമ്പുറം തുടങ്ങിയവയിൽ നിന്ന് കണ്ടെടുത്ത ഭരണി മതി. പിന്നെ,

പഞ്ചസാരയോ ശർക്കരയോ .... അങ്ങനെ സാധാരണ വൈനുണ്ടാക്കുന്നതു പോലെ തന്നെ. കുടിൽ വ്യവസായമായി ആർക്കും ചെയ്യാം.

പഴുത്താൽ മിക്കവരും ഉപയോഗിക്കാത്ത പഴംചക്ക അഥവാ കൂഴച്ചക്ക വൈൻ നിർമ്മാണത്തിനുപയോഗിക്കാം.

ഒരു ബ്രാന്റ് നെയിം കൊടുത്താൽ , കേരളത്തിന്റെ തനത് വൈനായി ലോകമെമ്പാടും വില്ക്കാം :ഗോവക്കാരുടെ ഫെനിയെപ്പോലെ .

ചക്കയിൽ നിന്നു മാത്രല്ല, പാഴായിപ്പോകുന്ന കശുമാങ്ങ, ചാമ്പയ്ക്ക തുടങ്ങിയവയിൽ നിന്നും വൈനുണ്ടാക്കാൻ അനുമതി നൽകാം. അതിനായി അബ്കാരിനിയമം ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കട്ടെ.

ചക്ക വൈനിന് എന്തായാലും നീരയുടെ ഗതിയുണ്ടാവില്ല. ഒരിക്കലും നഷ്ടക്കച്ചവടമാകില്ല.

പിൻകുറിപ്പ്: ചക്ക വൈനിന് വീര്യം കൂടുതലാണ്. വൈനിന് അനുവദനീയമായ വീര്യം കൂട്ടി ഈ പ്രശ്നം സർക്കാരിന് പരിഹരിക്കാവുന്നതേയുള്ളൂ.

എന്തായാലും ബ്രാന്റിക്കും വിസ്കിക്കും പകരം കുടിയൻമാർ ചക്ക വൈനിന് ചിയേഴ്സ് പറയില്ല. അഥവാ, അങ്ങനെ സംഭവിക്കുന്ന പക്ഷം, സർക്കാരിന് ഗജകേസരീ യോഗം തെളിയും !

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൊല്ലത്തെ ചക്കയ്ക്ക് സർവ്വകാല റെക്കാർഡ്


English Summary: Jackfruit

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds