Features

രുചിയേറിയ ചക്ക വിഭവങ്ങൾ

ചക്കയുടെ കാലമാണ് ഇപ്പോൾ. മഴ വന്നുതുടങ്ങിയാൽ ചക്കപ്പഴത്തിൽ വെള്ളം കയറി അതിന്റെ മധുരം കുറയും. അതിനാൽ ചക്ക പഴമായി കഴിക്കാൻ നില്കാതെ ചക്കയുടെ ഇളം പ്രായത്തിൽ ഇടിഞ്ചക്കയായും മൂത്ത പച്ച ചക്ക പുഴുക്കായും, ചക്ക ചിപ്സായും മൂല്യ വർധിത ഉത്പന്നമാക്കി മാറ്റുകയാണ് നിറയെ ചക്ക ലഭിക്കുന്ന ഇടങ്ങളിൽ ചെയ്യുക പതിവ്. ചക്കയ്ക്കി അന്യ ദേശങ്ങളിൽ വാൻ ഡിമാന്റുള്ളതിനാൽ നിറയെ കായ്ച്ചു നിൽക്കുന്ന പ്ലാവ് നോക്കി ഇടനിലക്കാർ വിലപറഞ്ഞു നിർത്തും. പിന്നീട് മൂക്കുമ്പോൾ അവയെല്ലാം പറിച്ചു കൊണ്ട് പോവുകയും ചെയ്യും. അങ്ങനെ തമിഴ് നാട്ടിലേക്കും മറ്റും ചക്ക കയറ്റിപോകുന്ന വാഹനങ്ങൾ നിറയെ കാണാനാകും മൂവാറ്റുപുഴ , തൊടുപുഴ, കോതമംഗലം ഭാഗങ്ങളിൽ.

ഏതായാലും ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി തെരഞ്ഞെടുത്തു. അത് തന്നെ ഒരു സന്തോഷ വാർത്തയാണ്. ചക്ക നിറയെ ഉള്ള സ്ഥലങ്ങളിൽ പഴുത്തു ചാടിയ ചക്കപ്പഴം വഴിയിൽ വീണു കിടക്കുന്നതു കാണാം. നിറയെ ഈച്ച ആർത്തുകിടക്കുന്ന ചക്കപ്പഴത്തിൽ ചവിട്ടാതെ മാറി പോകേണ്ടി വന്നിട്ടുണ്ട് സങ്കടത്തോടെ. ഉയരത്തിൽ നിൽക്കുന്ന പ്ലാവിൽ നിന്ന് ചക്ക പറിക്കാൻ ഇന്ന് ആളെ കിട്ടുന്നില്ല എന്നതാണ് പലരും കാരണമായി പറയുന്നത്. ചക്കചുള പ്രോട്ടീൻ, കൊഴുപ്പു, അന്നജം, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ A , C ഇരുമ്പു എന്നിവയുടെ നിറകുടം ആണ് എന്ന് കൂടി അറിയുക.

JACKFRUIT
(ആ അവസരത്തിലാണ് ചക്കയെ ക്കുറിച്ചു , അല്ലെങ്കിൽ ചക്കയുടെ വിവിധ വിഭവങ്ങളെ ക്കുറിച്ചു ആലോചിച്ചു പോയത്. അതൊന്നു കുറിക്കുന്നു ഇവിടെ. ഞാനൊരു മികച്ച പാചകക്കാരിയൊന്നുമല്ല. എങ്കിലും ചക്ക വിഭവങ്ങൾ ഒന്നാംതരമായി ഉണ്ടാക്കുന്ന അമ്മയുടെ ( ഭർത്താവിന്റെ) കൂടെ നിന്ന് കണ്ടു പഠിച്ച ചില അറിവുകളാണിവിടെ. തെറ്റുകൾ ക്ഷമിക്കുമല്ളോ).

ചക്ക അട

chakka ada

ആദ്യം തന്നെ എന്റെ ഇഷ്ട വിഭവമായ ചക്കയടയെക്കുറിച്ചു തന്നെ പറയാം.ചക്ക കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും മികച്ച വിഭവം എന്ന് കരുതുന്നത് ചക്ക അടയാണ്. അതിനായി നന്നായി പഴുത്ത ചക്കപ്പഴം കുരു കളഞ്ഞത് എടുക്കുക. അതിലേക്കു അരിപ്പൊടിയോ റവയോ ഗോതമ്പു പൊടിയോ ചേർത്ത് കുറച്ചു ശർക്കരയും ( മധുരമേറിയ ചുളയെങ്കിൽ ശർക്കര കുറവ് മതി ) ചേർത്ത് അതിൽ കുറച്ചു തേങ്ങയും ചിരകി ചേർക്കണം. പിന്നീട് അല്പം ഏലക്കായ പൊടിച്ചു ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് പൊടി കുഴക്കും പോലെ ഉരുട്ടി എടുത്തു വയ്ക്കുക. ഇടന ഇലയിൽ കുമ്പിൾ കുത്തി അതിൽ കുഴച്ച പൊടി നിറച്ചു ഇലകൊണ്ടു തന്നെ കുമ്പിൾ അടച്ചു അപ്പച്ചട്ടിയിൽ വേവിക്കുക.

ചക്കപ്പുഴുക്ക്.

jakka puzhukk

ചക്കപ്പുഴുക്കിന് പച്ച ചക്ക ചുള ചെറുതായി നുറുക്കി എടുക്കുക. കുറച്ചു ചക്ക കുരുവും അതിൽ അരിഞ്ഞിടുക. തേങ്ങാ ചിരവി അതിൽ ഒരു നുള്ളു ഉപ്പും മഞ്ഞളും ജീരകവും കാന്താരിയും ഉള്ളിയും വെളുത്തുള്ളിയും വേപ്പിലയും വേണമെങ്കിൽ അല്പം ഇറച്ചി മസാലയും ആകാം.ചക്ക ചുള ഒഴികെമറ്റെല്ലാം ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക.ഈ അരപ്പു അരിഞ്ഞു വച്ച ചക്ക ചുളയിൽ ചേർത്തിളക്കുക. ഒരല്പം വെള്ളം ചേർത്തിളക്കി യോജിപ്പിച്ചു അടുപ്പിൽ വയ്ക്കുക. വെന്തു കഴിഞ്ഞു വീണ്ടും ഇളക്കി യോജിപ്പിക്കുക. ചക്കപ്പുഴുക്ക് റെഡിയായി.

ചക്കചിപ്സ്

chakka chips

പച്ച ചക്കച്ചുള കൊണ്ടുണ്ടാക്കാവുന്ന ഏറ്റവും വിലപിടിച്ചതും ആവശ്യക്കാരുള്ളതുമായ വിഭവമാണ് ചക്ക ചിപ്സ്. ചക്ക ചുള ചെറുതായി നുറുക്കി അത് എണ്ണയിൽ വറുത്തു കോരി എടുത്താൽ ചക്ക ചിപ്സ് റെഡി.

ചക്കക്കുരു മാങ്ങാക്കറി

chakkakuru curry

ചക്ക ക്കുരു ചെറുതായി നുറുക്കി എടുത്തു വേവിക്കുക. അതിലേക്കു അരിഞ്ഞെടുത്ത മാങ്ങയും ചേർത്ത് നന്നായി കുരു വെന്തുടയുന്ന പാകത്തിൽ വേവിക്കുക. മഞ്ഞൾപ്പൊടിയും ഒരൽപം മുളകുപൊടിയും ഉപ്പും ചേർക്കാം. അതിലേക്കു തേങ്ങാ അരപ്പു ചേർത്ത് കടുക് പൊട്ടിച്ചു കറിയായി ഉപയോഗിക്കാം. ചക്കകുരുവിന്റെ ഒപ്പം മുരിങ്ങ കോൽ കീറിയിട്ടു വേവിച്ചാൽ കറിക്കു സ്വാദു കൂടും.ചക്കക്കുരുവിൽ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പു, കാൽസ്യം, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്.

ഇനിയും ധാരാളം വിഭവങ്ങൾ ചക്ക കൊണ്ട് ഉണ്ടാക്കാം. ചക്കച്ചുള പഴുത്താൽ തനിയെ കഴിക്കുന്നതും നല്ലതാണ്. രുചിയേറിയ വരിക്ക ചുള തേനിൽ മുക്കി കഴിച്ചിട്ടുള്ളവർക്കു അത് പ്രത്യേകം ഓർമ്മ വരും.

ഇനിയും ചക്ക മരത്തിൽ കിടന്നു നശിച്ചു പോകാതെ അത് ഉപയോഗപ്രദമായ രീതിൽ വിനിയോഗിക്കൂ എന്നാണു ഇത് വായിക്കുന്ന ഏവരേയും ഓർമ്മിപ്പിക്കാനുള്ളത്.

 ---


Share your comments