നമ്മുടെ അടുക്കളയില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. എല്ലാവര്‍ക്കും ഏറെ പ്രിയങ്കരമായ ഉരുളക്കിഴങ്ങിന് നമ്മുടെ നാട്ടില്‍ത്തന്നെ ഒരു അപരനുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുളക്കിഴങ്ങിന് പകരമായി നമ്മുടെ നാട്ടില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന കാച്ചില്‍ കുടുംബത്തില്‍പ്പെട്ട വളളിച്ചെടിയാണിത്. അടതാപ്പ് അഥവാ എയര്‍പൊട്ടറ്റോ എന്നാണിത് അറിയപ്പെടുന്നത്. പല സ്ഥലങ്ങളില്‍ പല പേരുകളിലാണിതിന്.
ഉരുളക്കിഴങ്ങ് പോലെ തന്നെ കിഴങ്ങുവര്‍ഗമാണ് നമ്മുടെ അടതാപ്പ്. കാച്ചില്‍ പോലെ വളളിയിലാണ് ഇത് കാണപ്പെടാറുളളത്. ഉരുളക്കിഴങ്ങ് മണ്ണിനടിയിലാണുണ്ടാകുന്നതെങ്കില്‍ അടതാപ്പ് വളളികള്‍ക്ക് മുകളിലുമുണ്ടാകുമെന്നതാണ് വ്യത്യാസം. എന്നാല്‍ ഉരുളക്കിഴങ്ങിനെക്കാള്‍ ആരോഗ്യഗുണങ്ങളില്‍ വമ്പനാണിതെന്ന് പറയപ്പെടുന്നു.
കേരളത്തിലെ മിക്ക പറമ്പുകളിലും മുന്‍കാലങ്ങളില്‍ അടതാപ്പ് സുലഭമായിരുന്നു. എന്നാല്‍ പിന്നീടെപ്പോഴോ അപ്രത്യക്ഷമായിത്തുടങ്ങി. ഈയ്യടുത്തകാലത്ത് ഗുണങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയ പലരും അടതാപ്പ് കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഏറെക്കാലം വിസ്മൃതിയിലായിരുന്ന ഈ കിഴങ്ങുവര്‍ഗത്തിന് ആവശ്യക്കാരും ഇപ്പോഴേറെയാണ്.
കാച്ചില്‍, ചെറുകിഴങ്ങ് എന്നിവയൊക്കെ പോലെ മരത്തിലോ പന്തലിലോ ഇത് വളര്‍ത്താം. അടതാപ്പിന്റെ മണ്ണിനടിയിലെ കിഴങ്ങും ഉപയോഗിക്കാം. നല്ല മൂപ്പെത്തിക്കഴിഞ്ഞാല്‍ അടതാപ്പ് വളളികളില്‍ നിന്ന് വീണുതുടങ്ങും. വിളവെടുത്തയുടന്‍ അടതാപ്പ് നടുന്നത് നല്ലതല്ല.
പ്രധാന മുള വന്നുകഴിഞ്ഞാല്‍ മാത്രം നടാവുന്നതാണ്. അല്ലെങ്കില്‍ ചീഞ്ഞുപോകാനിടയുണ്ട്. കാച്ചിലും ചേനയുമെല്ലാം നടുന്നതുപോലെ അടതാപ്പ് നടാം. നട്ടുകഴിഞ്ഞാല്‍ പുതയിട്ടുകൊടുക്കാവുന്നതാണ്. കിളിര്‍ത്ത ശേഷം വളളികള്‍ കെട്ടി പടര്‍ത്താനുളള സൗകര്യമൊരുക്കാം. സെപ്തംബര്‍- ഡിസംബര്‍ കാലയളവില്‍ കായകള്‍ ഉണ്ടാകാറുണ്ട്. ഒരു വളളിയില്‍ നിന്ന് ഇരുപത് കിലോയോളം കിഴങ്ങുകള്‍ കിട്ടും.
രുചിയിലും ഗുണത്തിലും നമ്മുടെ ഉരുളക്കിഴങ്ങിനെക്കാള്‍ മികച്ചതാണിത്. എന്നാല്‍ പലര്‍ക്കും ഇതേക്കുറിച്ച് ധാരണയില്ലെന്നതാണ് സത്യം.
അന്നജം, പ്രോട്ടീന്‍, കാത്സ്യം എന്നിവയാല്‍ സമ്പന്നമാണ് അടതാപ്പ്. മറ്റ് കാച്ചില്‍ ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നൂറും മധുരവുമെല്ലാം കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ധൈര്യമായി ഉപയോഗിക്കാം. അതുപോലെ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും അടതാപ്പ് ഉത്തമമാണ്. ഹൃദ്രോഗസാധ്യതകള്‍ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ദീര്‍ഘകാലം സൂക്ഷിച്ചുവയ്ക്കാമെന്നതാണ് അടതാപ്പിന്റെ മറ്റൊരു പ്രത്യേകത.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/farming/vegetables/different-types-of-asiatic-yam/