ആരും അധികം ഇഷ്ട്ടപ്പെടാത്ത ഒരു പച്ചക്കറിയാണ് പാവയ്ക്ക. കാരണം അതിൻറെ കയ്പ്പ് തന്നെ. പക്ഷെ ഈ പച്ചക്കറിയിലും ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. എന്നാല്‍ കയ്‌പൊട്ടുമില്ലാത്ത പാവല്‍ വര്‍ഗത്തിലുളള പച്ചക്കറിയായ കന്റോല ആര്‍ക്കും കഴിയ്ക്കാം. നമ്മുടെ മണ്ണും കാലാവസ്ഥയുമെല്ലാം കന്റോല കൃഷി ചെയ്യാന്‍ അനുയോജ്യവുമാണ്.
ആസ്സാം അടക്കമുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കന്റോലയുടെ കൃഷി വ്യാപകമായുളളത്. എന്നാലിപ്പോള്‍ കേരളത്തിലും പലരും കൃഷി ചെയ്തുവരുന്നുണ്ട്. നീളമുള്ള ഞെട്ടും ഉരുണ്ട മൃദുവായ മുള്ളുകളുമാണ് ഇവയുടെ പ്രത്യേകത. കന്റോലയില്‍ ആണ്‍ - പെണ്‍ ചെടികള്‍ പ്രത്യേകമുള്ളതിനാല്‍ പരാഗണത്തിന് ഇവ പ്രത്യേകം വളര്‍ത്തേണ്ടിവരും.
പാവല്‍ പടര്‍ത്തുന്നതുപോലെ പന്തലിട്ട് വേണം കന്റോലയും വളര്‍ത്താന്‍. നല്ല സൂര്യപ്രകാശമുളള സ്ഥലം നടാനായി തെരഞ്ഞെടുക്കാം. കിഴങ്ങുകളാണ് നടീല്‍ വസ്തു. നടീല്‍മിശ്രിതമായി മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറുകമ്പോസ്റ്റും ഒരേ അനുപാതത്തില്‍ ചേര്‍ത്താല്‍ മതിയാകും. തൈകള്‍ക്ക് പടരാനുളള സൗകര്യങ്ങളും ഒരുക്കാന്‍ ശ്രദ്ധിക്കണം. നന്നായി നനയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കണം. എന്നാല്‍ തടത്തിലൊരിക്കലും വെള്ളക്കെട്ട് ഉണ്ടാകാന്‍ പാടില്ല. അതുപോലെ ചെടികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം നല്‍കി കുഴികളെടുക്കാം.
കിഴങ്ങുകള്‍ നട്ടാല്‍ രണ്ടുമാസത്തിനുളളില്‍ ചെടികള്‍ പൂവിടുന്നതാണ്. നല്ല വിളവിന് കൃത്രിമപരാഗണം അത്യാവശ്യമാണ്. പരാഗണം നടന്ന് 10-12 ദിവസത്തിനകം വിളവെടുക്കാം. കായ്കള്‍ മൂക്കുമ്പോള്‍ മഞ്ഞ നിറമാകും. കൂടുതല്‍ പൂക്കളും കായ്കളും ഉണ്ടാകാനായി മൂന്നു ദിവസം കൂടുമ്പോള്‍ വിളവെടുക്കാം. വിളവെടുപ്പ് പൂര്‍ത്തിയായാല്‍ കിഴങ്ങുകള്‍ കിളച്ചെടുത്ത് ആണ്‍- പെണ്‍ കിഴങ്ങുകള്‍ വെവ്വേറെ സൂക്ഷിച്ച് അടുത്ത കൃഷിയ്ക്കായി ഉപയോഗിക്കാം.
കന്റോലയുടെ കായകള്‍ മൂപ്പെത്തുന്നതിന് മുമ്പ് കറി വയ്ക്കാന്‍ ഉപയോഗിക്കാം. തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ എന്നിവയുണ്ടാക്കാന്‍ ഇവ നല്ലതാണ്. കായ്കള്‍ ഉണക്കി കൊണ്ടാട്ടവുമാക്കാവുന്നതാണ്. ഇലകളും തണ്ടുമൊക്കെ ചിലര്‍ ഉപയോഗിക്കാറുണ്ട്.