175 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ കരുത്തോടെ പടര്‍ന്നു വളരുന്ന ഇനമാണ് പൊന്നി. ഇലകള്‍ക്ക് വയലറ്റ് രാശിയിലുളള ഞെട്ടും കടുത്ത ലൈലാക്‌വര്‍ണത്തിലുള്ള പൂക്കളും പ്രത്യേകതയാണ്. തണ്ടുകളിലും ഇലകളിലും മുള്ളില്ല. ഇളം പച്ചനിറത്തില്‍ അല്‍പം വളഞ്ഞതാണ് ഘടന. ഇളം പച്ചനിറത്തില്‍ വളഞ്ഞ കായ്‌കളാണ് ഉളളത്. ശരാശരി 24.40 സെന്റിമീറ്റര്‍ നീളവും 162 ഗ്രാം തൂക്കവുമുണ്ട്.
കേരള കാര്‍ഷിക സര്‍വകലാശാല മുമ്പ് പുറത്തിറക്കിയ സൂര്യ, ശ്വേത, ഹരിത, നീലിമ വഴുതന ഇനങ്ങളെപ്പോലെ ബാക്‌ടീരിയല്‍ വാട്ട രോഗത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനമാണ് പൊന്നിയും. കായ്, തണ്ട് തുരപ്പന്‍ പുഴുവിനെതിരെയും പ്രതിരോധശേഷിയുണ്ട്. ഓണാട്ടുകരയും കുട്ടനാടും ഉള്‍പ്പെടെ കേരളത്തിന്റെ ദക്ഷിണഭാഗങ്ങളിലേക്കാണ് പൊന്നി ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനും ഒരുപോലെ കൃഷിചെയ്യാം.
18 മുതല്‍ 20 വരെ മാസമാണ് ശരാശരി ആയുസ്. ഹരിത, സൂര്യ എന്നീ ഇനങ്ങളെക്കാള്‍ വിളവിലും ഗുണമേന്മയിലും മികവ് പുലര്‍ത്തുന്ന പൊന്നിയുടെ ശരാശരി വിളവ് ഹെക്‌ടറിന് 31.6 ടണ്‍ ആണ്. അനുകൂല സാഹചര്യങ്ങളില്‍ ശാസ്‌ത്രീയ കൃഷിരീതികള്‍ പിന്തുടര്‍ന്നു വളര്‍ത്തിയാല്‍ ഹെക്‌ടറിനു 40 ടണ്‍ വരെ വിളവു ലഭിക്കും. പ്രാദേശിക വഴുതന ഇനത്തില്‍ നിന്നും നിര്‍ധാരണത്തിലൂടെയാണ് പൊന്നി വികസിപ്പിച്ചെടുത്തത്. വെള്ളക്കെട്ടിനെ ചെറുക്കാനും ശേഷിയുണ്ട്.
തണ്ടു മൂപ്പെത്തി പ്രായപൂര്‍ത്തിയായ ചെടികള്‍ക്ക് വെള്ളക്കെട്ടുള്ള സ്‌ഥലങ്ങളില്‍ ഒരാഴ്‌ച വരെ പിടിച്ചുനില്‍ക്കാം. മെയ്- ജൂണ്‍, സെപ്‌തംബര്‍ - ഒക്‌ടോബര്‍ മാസങ്ങളാണ് വാണിജ്യാടിസ്‌ഥാനത്തിലുള്ള വഴുതന കൃഷിക്ക് യോജ്യമായ സമയം. വീടുകളില്‍ ഗ്രോബാഗുകളിലും മറ്റും വളര്‍ത്തുമ്പോള്‍ വേനല്‍കാലത്തും കൃഷിചെയ്യാം. വിത്തുകള്‍ നഴ്‌സറികളില പാകി മുളപ്പിച്ച് തൈകള്‍ പറിച്ചു നട്ടാണ് വഴുതനയുടെ കൃഷി. ഒരു സെന്റ് സ്‌ഥലത്തേക്ക് രണ്ടു ഗ്രാം വിത്തു മതിയാകും. 25 പ്രായമായ തൈകള്‍ പറിച്ചു നടാവുന്നതാണ്. വീട്ടില്‍ വളര്‍ത്തുമ്പോള്‍ പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യണം. ചാണകം, ആട്ടിന്‍ കാഷ്‌ടം, വേപ്പിന്‍ പിണ്ണാക്ക്, കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം, മണ്ണിര കമ്പോസ്‌റ്റ് തുടങ്ങിയവ വളമായി നല്‍കാം.