കേരളത്തിൽ മഞ്ഞയും, വെള്ള നിറങ്ങളിലുള്ള കൂവ കൃഷിചെയ്യുന്നു. കൂവ ചെടിയുടെ ഇലകൾ മഞ്ഞൾ പോലെയാണ്.
സൂര്യപ്രകാശത്തിൽ നിന്ന് അകലെ നിഴലുകളിൽ പോലും ഈ ചെടി നന്നായി വളരുന്നു. പല ഭക്ഷണ പദാർത്ഥങ്ങളിലും ചേരുവയായി ചേർക്കുന്നത് കൊണ്ട് കൂവ പൊടിയുടെ വാണിജ്യ മൂല്യവും സംരംഭ സാധ്യതകളും കൂടുതലാണ്.
കൂവ പൊടി വളരെ പോഷകഗുണമുള്ളതാണ്. കുട്ടികളിലുണ്ടാകുന്ന വയറിളക്കത്തിന് നല്ലൊരു മരുന്നാണിത്. പ്രസവാനന്തര കാലയളവിൽ സ്ത്രീകൾക്കും ഇത് നൽകുന്നു. ശർക്കര, വേവിച്ച കൂവ എന്നിവയുടെ മിശ്രിതം എല്ലാവർക്കും ഇഷ്ട്ടപെടുന്ന ആരോഗ്യകരമായ ഭക്ഷണമാണ്. അത് വേഗത്തിൽ ദഹിക്കുകയും ചെയ്യുന്നു.
കൂവയിൽ ധാരാളം അന്നജം അടങ്ങിയിരിക്കുന്നു. തിരുവതിരദിനത്തിൽ നോമ്പ് അനുഷ്ഠിക്കുന്ന സ്ത്രീകൾക്ക് ഒരു ആചാരപരമായി കൂവ മിശ്രിതം നൽകുന്നു.
കൂവകൃഷി ചെയ്യേണ്ട വിധം
കൂവ കൃഷി എളുപ്പം ചെയ്യാം. ഏതു മണ്ണിലും കൂവ വളരും. വരള്‍ച്ചയെ ചെറുക്കാന്‍ ശേഷിയുള്ള സസ്യമാണ് കൂവ. അതുപോലെ വര്‍ധിച്ച മഴയെയും അതിജീവിക്കും. തണലിലും വളരും. നല്ല ആഴവും നീര്‍വാര്‍ച്ചയുമുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണില്‍ കൂവ നന്നായി വളരും.
കിഴങ്ങുകളാണ് നടീല്‍ വസ്തു. എന്നിരുന്നാലും ഭൂകാണ്ഠവും ചിനപ്പുകളും നടാന്‍ ഉപയോഗിക്കാം. വാരം കോരി കൂവ നടുന്നതാണു നല്ലത്. വാരങ്ങളില്‍ ചാണകപ്പൊടി, ചാരം, കോഴിക്കാഷ്ഠം, എല്ലുപൊടി, റോക്ക് ഫോസ്‌ഫേറ്റ് എന്നിവ അടിവളമായി ചേര്‍ക്കാം. കൂവയ്ക്ക് രാസവളം തീരെ വേണ്ട. കീട-രോഗബാധകള്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടു തികച്ചും ജൈവ രീതിയില്‍ തന്നെ കൂവ കൃഷി ചെയ്യാം.
മേയ്-ജൂണ്‍-ജൂലൈ മാസത്തില്‍ കൃഷി തുടങ്ങാം. മൂന്നു നാലു മഴകൊണ്ടു കൂവക്കിഴങ്ങു മുളച്ചു തുടങ്ങും. വാരങ്ങളില്‍ ഒരടി മുതല്‍ ഒന്നരയടി വരെ അകലത്തില്‍ കൂവ നടണം. കൂവ നട്ട് ഒന്നര മാസത്തിനുള്ളില്‍ കളകള്‍ മാറ്റി മണ്ണടുപ്പിച്ചു കൊടുക്കണം. ആ സമയത്ത് ചാരം ധാരാളമായി ചേര്‍ത്തു കൊടുക്കുന്നതു നല്ലതാണ്. മഴ കൂടുതലാണെങ്കില്‍ കുറഞ്ഞതിനു ശേഷമേ മണ്ണടുപ്പിക്കല്‍ നടത്താവൂ. ചേറുമണ്ണു പാടില്ല. പൊടിമണ്ണാണു വേണ്ടത്. ഇളക്കമുള്ള മണ്ണില്‍ നട്ടാലേ ചിനപ്പുകള്‍ പൊട്ടി കഴങ്ങുകളുണ്ടാവൂ. പൊടി മണ്ണുകൊണ്ട് മാസത്തില്‍ ഒന്നെന്ന കണക്കില്‍ രണ്ടു മൂന്നു തവണ മണ്ണടുപ്പിച്ചാല്‍ വിളവു കൂടും.
വിളവെടുപ്പ്
ജൂണ്‍-ജൂലൈ മാസങ്ങളില്‍ നട്ട് ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ വിളവെടുക്കാം. പുഴുക്കിനും മറ്റും ആറാം മാസം മുതല്‍ വിളവെടുക്കാം. നട്ട് ഏഴെട്ടു മാസമാകുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ച് ചെടി കരിഞ്ഞുണങ്ങും. ഇതാണ് വിളവെടുപ്പുലക്ഷണം. പാകമെത്തി പറിച്ചെടുത്ത കൂവക്കിഴങ്ങില്‍ നിന്നു മാത്രമേ നല്ല കൂവപ്പൊടി ലഭിക്കൂ.
മഞ്ഞളിച്ച ഇലകള്‍ അരിഞ്ഞു മാറ്റിയശേഷം കൂവ കിളച്ചെടുക്കാം. ഭൂകാണ്ഡം പറമ്പില്‍ തന്നെ ഇട്ടേക്കുക. വേനല്‍ മഴയില്‍ മുളച്ചു തുടങ്ങുന്ന ഇവ അടുത്ത കൃഷിക്കു നടീല്‍ വസ്തുവാക്കാം.