പ്രത്യേകിച്ച് പരിചരണമൊന്നുമില്ലെങ്കിലും നിത്യവും വിളവ് തരുന്ന ഇത്തിരിക്കുഞ്ഞന്‍ പച്ചക്കറിയാണ് നിത്യവഴുതന. പണ്ട് നാട്ടിന്‍പുറങ്ങളിലെ വേലിപ്പടര്‍പ്പുകളിലെല്ലാം മിക്കവാറും നാം ഈ പച്ചക്കറിയെ കണ്ടിരുന്നു.
പേര് കേട്ടിട്ട് വഴുതനയുടെ കുടുംബത്തില്‍പ്പെട്ടതാണെന്ന് തെറ്റിദ്ധരിക്കല്ലേ. പേരില്‍ മാത്രമാണ് വഴുതനയുമായി സാമ്യമുളളത്. വയലറ്റ്, ഇളംപച്ച നിറങ്ങളിലാണ് ഇത് കാണാറുളളത്. ഗ്രാമ്പൂവിന്റെ ആകൃതിയാണ് ഇതിന്റെ കായകള്‍ക്ക്. വൈകുന്നേരങ്ങളിലാണ് ഇതിന്റെ പൂക്കള്‍ വിരിയാറുളളത്. കാണാന്‍ ഏറെ ഭംഗിയുളളതായതിനാല്‍ ചിലര്‍ അലങ്കാരച്ചെടിയായും നിത്യവഴുതന വളര്‍ത്താറുണ്ട്.
നിത്യവും വിളവ് തരുമെന്നതിനാലാണ് ഈ പച്ചക്കറിക്ക് നിത്യവഴുതന എന്ന പേര് കിട്ടിയത്. ഒരിക്കല്‍ നട്ടുപിടിപ്പിച്ചാല്‍ കാലങ്ങളോളം കായ്കളുണ്ടാകും. പൂര്‍ണമായും ജൈവരീതിയില്‍ നിത്യവഴുതന കൃഷി ചെയ്യാം.
സാധാരണയായി കീടങ്ങളോ മറ്റോ ഇതിനെ ബാധിക്കാറില്ല. അതിനാല്‍ കൃഷി ചെയ്യാനും വലിയ ബുദ്ധിമുട്ടില്ല. ടെറസ്സിലോ ഗ്രോബാഗിലോ ഇഷ്ടമുളളിടത്ത് വളര്‍ത്താനാകും. പന്തലിട്ടുകൊടുത്ത് പടര്‍ത്തിവിടാവുന്നതാണ്. നട്ട് ചുരുങ്ങിയ സമയത്തിനുളളില്‍ വളളികള്‍ വളര്‍ന്ന് കായ്കളുണ്ടാകും. പൂക്കളാണ് കായ്കളായി മാറുന്നത്. ഒരിക്കല്‍ നട്ടാല്‍ നട്ടുവളര്‍ത്തുന്ന സ്ഥലത്ത് വിത്തുകള്‍ വീഴുന്നതോടെ ഇത് എല്ലാക്കാലവും നിലനില്‍ക്കും. നല്ല വളര്‍ച്ചയുളള ചെടിയാണെങ്കില്‍ ദിവസേന കാല്‍കിലോ വരെ കായകള്‍ ലഭിക്കും.
സൂര്യപ്രകാശമുളള ചരല്‍ കലര്‍ന്ന മണ്ണാണ് നിത്യവഴുതന നടാന്‍ നല്ലത്. ഒന്നരയടി ആഴത്തിലും വീതിയിലും നീളത്തിലും കുഴികളെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയും ചേര്‍ക്കാം. ശേഷം വിത്തുകളോ തൈകളോ നടാവുന്നതാണ്. ഒരു തടത്തില്‍ രണ്ട് തൈകളാണ് സാധാരണ നടാറുളളത്. ജൈവവളം ഉണ്ടാക്കാനും നിത്യവഴുതന ഉപയോഗിക്കാറുണ്ട്. മൂപ്പെത്താത്ത കായ പറിച്ച് നാലായി പിളര്‍ന്ന് വെളളത്തിലിടണം. കായയ്ക്കുളളിലെ റെസിന്‍ എന്ന പശയടങ്ങിയ വെളളം ജൈവകീടിനാശിനിയാണ്. കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ക്യാമ്പസുകളില്‍ നിത്യവഴുതനയുടെ വിത്ത് ലഭിക്കുന്നതാണ്.
പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ നിത്യവഴുതനയ്ക്ക് ആരോഗ്യഗുണങ്ങളും നിരവധിയാണ്. പൊട്ടാസ്യം, കാത്സ്യം, മെഗ്നീഷ്യം, വിറ്റാമിന്‍ സി എന്നിവയെല്ലാം ഇതില്‍ ധാരാളമായുണ്ട്. ഇതിന്റെ കായകള്‍ അധികം മൂക്കുന്നതിന് മുമ്പ് പറിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. മൂത്തുപോയാല്‍ കറിവയ്ക്കാന്‍ നല്ലതല്ല. കറയുളളതിനാല്‍ മുറിച്ച് അരമണിക്കൂര്‍ വെളളത്തിലിട്ട് വെക്കണം. തോരന്‍, മെഴുക്കുപുരട്ടി എന്നിവയുണ്ടാക്കാന്‍ മികച്ചതാണ് നിത്യവഴുതന.