മല്ലിയില ഇടാത്ത സാമ്പാറും ബിരിയാണിയുമെല്ലാം ഉപ്പിടാത്ത കഞ്ഞിപോലെയാവും മലയാളിയ്ക്ക് അനുഭവപ്പെടുക. നമ്മുടെ ഭക്ഷണത്തില്‍ മല്ലിയിലയ്ക്കുളള സ്ഥാനം അത്രയ്ക്ക് വലുതാണ്. വീട്ടില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാമെങ്കിലും പലരും മല്ലിയില കടയില്‍ നിന്നു വാങ്ങിയാണ് ഉപയോഗിക്കുന്നത്.
മായമോ മരുന്നോ ഉണ്ടാകുമെന്ന പേടിയുളളതിനാല്‍ മല്ലിയില അല്പനേരം മഞ്ഞള്‍ വെളളത്തിലിട്ടുവെക്കാതെയും സമാധാനമുണ്ടാകില്ല. ഒന്നുമനസ്സുവച്ചാല്‍ ചെറിയൊരു ചട്ടിയില്‍പ്പോലും മല്ലിയില നമുക്ക് കൃഷി ചെയ്യാനാകും.
മല്ലിയില കൃഷി ചെയ്യാനുദ്ദേശിക്കുന്ന പാത്രത്തില്‍ നടീല്‍ മിശ്രിതം നിറച്ച് വിരല്‍ കൊണ്ട് ഒരിഞ്ച് താഴ്ത്തിയതിന് ശേഷം ചെറിയ കുഴിയെടുക്കാം. കുഴികള്‍ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം ആവശ്യമാണ്.
ഈ കുഴികളിലേക്ക് കുറച്ച് വിത്തുകളിട്ട് മണ്ണ് കൊണ്ട് മൂടണം. മണ്ണിലേക്ക് മുഴുവനായി വിത്ത് പാകിയതിന് ശേഷം മുകളില്‍ മണ്ണ് വിതറിക്കൊടുത്തും മല്ലിയില മുളപ്പിച്ചെടുക്കാന്‍ സാധിക്കും.
നടാനുളള വിത്തിന് കടയില്‍ നിന്നു കിട്ടുന്ന പുതിയ മല്ലി ഉപയോഗിക്കാം. ഇവയില്‍ മുഴുവനായുളളവ അമര്‍ത്തി പകുതിയാക്കണം. ശേഷം വിത്ത് പാകാവുന്നതാണ്. പാകിക്കഴിഞ്ഞാല്‍ ചെറിയ രീതിയില്‍ നനച്ചുകൊടുക്കാം. അധികം വെളളം കെട്ടിക്കിടക്കാന്‍ ഇടയാക്കരുത്.
വെളളം വാര്‍ന്നുപോകുന്നതിനായി ചട്ടിയുടെ അടിഭാഗത്ത് ദ്വാരങ്ങളിടാവുന്നതാണ്. കുറച്ചുദിവസത്തിനകം വിത്തുകള്‍ കിളിര്‍ത്തുതുടങ്ങും. മുകളില്‍ നിന്ന് ഇല മുറിച്ചെടുത്ത് ആവശ്യത്തിന് ഉപയോഗിക്കാം. ബാക്കി നില്‍ക്കുന്ന ചെടിയില്‍ വീണ്ടും ഇല വരും.
പുതിയ മുളകള്‍ വരുന്നത് നില്‍ക്കുമ്പോള്‍ മണ്ണ് മാറ്റി പുതിയ മിശ്രിതം നിറച്ച് അടുത്ത വിത്ത് പാകാം. വിത്ത് പാകിയ ചട്ടി നേരിയ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റിവയ്ക്കാവുന്നതാണ്.
രാവിലെയും വൈകിട്ടും മാത്രം സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തെരഞ്ഞെടുക്കുന്നതാവും ഉചിതം.