നമ്മുടെ നാട്ടില്‍ ഇപ്പോഴും വേണ്ടത്ര പ്രചാരം കിട്ടാത്ത പച്ചക്കറിയാണ് ചൗ ചൗ . വെളളരി വര്‍ഗ്ഗത്തില്‍പ്പെട്ട ഇതിന് ശീമ കത്തിരിക്ക, ബാംഗ്ലൂര്‍ ബ്രിംജോള്‍, ചയോട്ടെ, ദാസ് ഗൂസ്, ഇഷ്‌കുസ് എന്നീ പേരുകളുമുണ്ട്.
ഇതിന്റെ കായയും തണ്ടും ഇളം ഇലകളും ഭക്ഷണമായി ഉപയോഗിക്കുന്നു. ധാരാളം പോഷകഗുണങ്ങളുള്ള ചൗ ചൗ ചട്ടികളിലും ഗ്രീന്‍ഹൗസിലും പോളിഹൗസിലുമെല്ലാം വളര്‍ത്താന്‍ സാധിക്കും.
പച്ച, വെളള നിറങ്ങളിലാണ് പ്രധാനമായും ചൗ ചൗ കണ്ടുവരാറുളളത്. നാരുകളുടെ കലവറയാണിത്. വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ ഇതു കഴിക്കുന്നതിലൂടെ സാധിക്കും. മാത്രമല്ല ശരീരഭാരം കുറയ്ക്കാനും വിളര്‍ച്ച തടയാനും ഇത് സഹായിക്കും.
പാവയ്ക്കയും കോവയ്ക്കയും പോലെ പന്തലില്‍ വളളിയിലാണ് ചൗ ചൗ നന്നായി കായ്ക്കുക. നീര്‍വാഴ്ച കുറഞ്ഞതും തണുപ്പുള്ളതുമായ സ്ഥലത്ത് ചൗ ചൗ കൃഷി ചെയ്യാം. വയലില്‍ ആണെങ്കില്‍ മഴക്കാലത്തിന് മുമ്പ് ചാല്‍ കീറി വെള്ളമൊഴിവാക്കിയാല്‍ വലിയ മഴ കഴിഞ്ഞയുടന്‍ കൃഷി തുടങ്ങാം. നാല് മാസം കൊണ്ട് കായ്ച്ചു തുടങ്ങും. ആദ്യത്തെ ആറ് മാസം നല്ല വിളവായിരിക്കും. ജൈവവളം നന്നായി പ്രയോഗിച്ചാല്‍ മൂന്ന് വര്‍ഷം വരെയെങ്കിലും വിളവ് ലഭിക്കും.
വെള്ളരി വര്‍ഗ്ഗത്തില്‍പ്പെട്ടതാണെങ്കിലും ഇതിന്റെ വിത്തല്ല കായാണ് നടുന്നത്. ഒരു വിത്തിന് തന്നെ 15 രൂപയിലധികം വില വരും. തണുപ്പ് കൂടിയ കാലാവസ്ഥയും പ്രദേശവുമാണങ്കില്‍ വിളവ് കൂടുതല്‍ കിട്ടും. വയനാട് പോലുളള സ്ഥലങ്ങളില്‍ ചൗ ചൗ കൃഷി ചെയ്തുവരുന്നുണ്ട്. ഇവിടെ ഓഗസ്റ്റിലാണ് കൃഷി തുടങ്ങാറുളളത്. കമ്പോസ്റ്റ്, ചാണകം, കോഴിവളം ഇവയെല്ലാം പ്രയോഗിക്കാവുന്നതാണ്. നമ്മുടെ നാട്ടില്‍ ഈ പച്ചക്കറിയുടെ ഉപയോഗം പൊതുവെ കുറവാണ്. അതിനാല്‍ത്തന്നെ വിപണിയും മികച്ചതല്ല. എന്നാല്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാം ആവശ്യക്കാരേറെയുണ്ട്.