മധ്യകേരളത്തിലും മലബാറിലും കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളയാണ് കൂര്‍ക്ക. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണിത് . തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കൂടുതലായി കൃഷി ചെയ്യാറുള്ളത്. വളരെ സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഒരു കിഴങ്ങുവര്‍ഗ്ഗവിള കൂടിയാണിത്. ചൈനീസ് പൊട്ടറ്റോ എന്നും വിളിക്കാറുണ്ട്. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുളള മണ്ണിലാണ് കൂര്‍ക്ക കൃഷി ചെയ്യേണ്ടത്.
ഇനങ്ങള്‍
ശ്രീധര ഒരു ഹെക്ടറില്‍ 25 ടണ്‍ വരെ വിളവ് നല്‍കാന്‍ കഴിയുന്ന ഇനമാണ്. നാലുമാസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന ഇനമാണ് നിധി.ഒരു ഹെക്ടറില്‍ നിന്നും 27 ടണ്‍ വരെ വിളവ് ലഭിക്കും.
നടേണ്ടതെങ്ങനെ?
കൂര്‍ക്കയുടെ തലപ്പുകള്‍ ആണ് നടീല്‍ വസ്തു. തലപ്പുകള്‍ ലഭിക്കുന്നതിനായി ഏപ്രില്‍-മെയ് മാസങ്ങളില്‍ തവാരണകള്‍ തയ്യാറാക്കണം. വാരങ്ങള്‍ എടുത്തു ചാണകപ്പൊടിയും മണ്ണുമായി കലര്‍ത്തി 30 സെന്റീമീറ്റര്‍ ഇടയകലത്തില്‍ തവാരണയില്‍ കിഴങ്ങു പാകാം. കിഴങ്ങ് മുളച്ച് എട്ട് മുതല്‍ പത്ത് ദിവസം കഴിയുമ്പോള്‍ കടലപ്പിണ്ണാക്ക് ലായനിയോ ചാണകവെള്ളമോ തളിച്ചു കൊടുത്താല്‍ കൂടുതല്‍ തലപ്പുകള്‍ ഉണ്ടാകും. തലപ്പുകള്‍ 20 സെന്റീമീറ്റര്‍ നീളം എത്തിയാല്‍ മുറിച്ചു നടാനായി ഉപയോഗിക്കാം.
ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് തലപ്പുകള്‍ നടേണ്ടത്. നടുന്നതിനായി വാരങ്ങള്‍ നിര്‍മ്മിക്കാം. ഒരു മീറ്റര്‍ വീതിയും 20 സെന്റിമീറ്റര്‍ ഉയരവുമുള്ള വാരങ്ങള്‍ ആണ് നിര്‍മ്മിക്കേണ്ടത്. അടിവളമായി ഒരു സെന്റിന് 40 കിലോഗ്രാം കാലിവളം നല്‍കാം. ഇതോടൊപ്പം ഒരു സെന്റിന് 250 ഗ്രാം യൂറിയ, 1500 ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 350 ഗ്രാം പൊട്ടാഷ് എന്നിവയും അടിവളമായി ചേര്‍ക്കാം.നട്ട് ഒന്നര മാസം കഴിയുമ്പോള്‍ 250 ഗ്രാം യൂറിയയും 150 ഗ്രാം പൊട്ടാഷും വിതറി മണ്ണ് കൂട്ടണം. കളകള്‍ യഥാസമയം നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം. നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍ ഇലകള്‍ മഞ്ഞളിച്ച് തുടങ്ങും ഈ സമയം വിളവെടുക്കാം.
രോഗങ്ങളും കീടങ്ങളും
ഇലകളില്‍ പുള്ളികളും പാടുകളും ഉണ്ടായി ക്രമേണ ഇലകള്‍ കരിഞ്ഞു പോകുന്നത് കാണാറില്ലേ? പിന്നീട് അത് ചെടിയുടെ എല്ലാ ഭാഗങ്ങളിലും ബാധിച്ച് ചെടിയെ നശിപ്പിക്കുന്നു. ഈ രോഗം കിഴങ്ങു കളിലേക്കും ബാധിക്കാം. ഇത് തടയുന്നതിനായി രോഗം ബാധിക്കാത്ത കിഴങ്ങ് നടാനായി ഉപയോഗിക്കണം. രോഗത്തിന്റെ ആരംഭത്തില്‍തന്നെ ബാധിച്ച ഇലകള്‍ മുറിച്ചു മാറ്റി തീയിടണം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിച്ച് കൊടുക്കുന്നതും നല്ലതാണ്.
കട ഭാഗത്ത് നനഞ്ഞ പാടുകള്‍ വന്ന് കിഴങ്ങു കളിലേക്കും ബാധിച്ച് ചെടിയാകെ നശിപ്പിക്കാറുണ്ട്. ചുവടുചീയല്‍ എന്നാണ് ഇതിനെ വിളിക്കുക. ഇത് തടയുന്നതിനായി ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം ചേര്‍ക്കുന്നത് നല്ലതാണ്.
ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവ വളം എങ്ങനെ നിര്‍മിക്കാം?
ട്രൈക്കോഡര്‍മ സമ്പുഷ്ടീകരണത്തിനായി തണലുള്ള പ്രദേശമോ ഷെഡ്ഡോ തിരഞ്ഞെടുക്കാവുന്നതാണ്. രണ്ട് കിലോഗ്രാം ട്രൈക്കോഡര്‍മ 90 കിലോ ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും 10 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കുമായി ചേര്‍ത്തിളക്കണം. ശേഷം ഈ മിശ്രിതം ഒരടി ഉയരമുള്ള കൂനകളായി നിരത്തണം . 40 ശതമാനം ജലാംശം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. എല്ലാദിവസവും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും നല്ലതുപോലെ ഇളക്കി ചെറിയ തോതില്‍ വെള്ളം തളിച്ച് കൊടുക്കുന്നത് ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കും. ശേഷം കൂനയുടെ മുകളില്‍ നനഞ്ഞ ചാക്ക് വിരിച്ച് മൂടി വയ്ക്കണം. ഒരാഴ്ച കഴിയുമ്പോള്‍ മിശ്രിതത്തില്‍ ട്രൈക്കോഡെര്‍മയുടെ വെള്ള പൂപ്പലും പച്ച രേണുക്കളും കൊണ്ട് നിറഞ്ഞിരിക്കും. ഈ മിശ്രിതം ആവശ്യാനുസരണം മണ്ണിലോ തടങ്ങളിലോ ചേര്‍ത്തുകൊടുക്കണം. കൂടുതല്‍ ഉണങ്ങിയതും വെള്ളം കെട്ടി നില്‍ക്കുന്നതുമായ മണ്ണില്‍ മിശ്രിതം ഉപയോഗിക്കാന്‍ പാടില്ല. ട്രൈക്കോഡര്‍മ ചേര്‍ത്തതിനുശേഷം ഒരു മാസം വരെ രാസവളപ്രയോഗം ഒന്നുംതന്നെ നടത്താന്‍ പാടില്ല. രോഗം വരാതിരിക്കാന്‍ ആണ് ഈ മാര്‍ഗ്ഗം സ്വീകരിക്കേണ്ടത്. അഞ്ചു മുതല്‍ ആറു മാസത്തിനുള്ളില്‍ ഈ മിശ്രിതം ഉപയോഗിക്കണം.
വേരുകളെ നശിപ്പിക്കുന്ന നിമാവിരകളെ തടയുന്നതിനായി വിള പരിക്രമം നടത്തണം. മണ്ണില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്. 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, 5 ശതമാനം വീര്യമുള്ള വേപ്പെണ്ണ, 5 ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് എന്നിവയില്‍ ഏതെങ്കിലും തളിക്കുന്നത് പലതരം കീടങ്ങളെ നശിപ്പിക്കും.
Plectranthus rotundifolius or Solenostemon rotundifolius, commonly known as native or country potato in Africa and called Chinese potato in India, is a perennial herbaceous plant of the mint family (Lamiaceae) native to tropical Africa.