നമ്മുടെ നാട്ടിൽ ഇന്ന് കെയ്ൽ കൃഷി ചെയ്യുന്നവർ ധാരാളമുണ്ട്. ഇളംപച്ച, കടും പച്ച, വയലറ്റ് പച്ച തുടങ്ങിയ വ്യത്യസ്ത നിറങ്ങളിൽ കാണുന്ന ഈ ഇല വർഗ്ഗം ഔഷധഗുണങ്ങളുടെ കലവറയാണ്. ഈ ശീതകാല പച്ചക്കറിയിനം കൃഷിചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണ് സെപ്റ്റംബർ. ബ്രാസിക്ക ഒലീറേസിയ സസ്യകുടുംബത്തിൽപ്പെട്ട ഈ ഇലവർഗ്ഗം ഉപയോഗപ്പെടുത്തി കറികളും, തോരനും, കട്‌ലറ്റും അടക്കം നിരവധി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാൻ കഴിയും.
ജപ്പാനിൽ കെയ്ൽ ജ്യൂസ് നിത്യേന ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. ജീവകങ്ങൾ ആയ വിറ്റാമിൻ കെ, വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയവയും തയാമിൻ, റൈബോഫ്ലേവിൻ, കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയും ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു.
കെയ്ൽ കൃഷി രീതികൾ(kale farming)
കേരളത്തിലെ ഒട്ടുമിക്ക കാർഷിക വിപണന കേന്ദ്രങ്ങളിലും കെയ്ൽ വിത്തുകൾ ഇന്ന് ലഭ്യമാണ്. ഇതു വാങ്ങിച്ച് പ്രോട്രേയിലോ, തവാരണകളിലോ വിത്തുപാകി തൈകൾ മുളപ്പിക്കാം. ഏകദേശം 10 ദിവസം കഴിയുമ്പോൾ ഇവ നേരിട്ട് ഗ്രോബാഗുകളിലോ, മണ്ണിലോ പറിച്ചുനടാം.
പോട്ടിങ് മിശ്രിതം തയ്യാറാക്കുമ്പോൾ ചാണകപ്പൊടിയും, ചകിരിച്ചോറും, എല്ലുപൊടിയും, വേപ്പിൻ പിണ്ണാക്കും ഇട്ടു നൽകുന്നത് ചെടികൾ പെട്ടെന്ന് വളരുവാൻ കാരണമാകും. ഗ്രോബാഗിൽ നടുമ്പോൾ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയതോതിൽ വെയിൽ ലഭ്യമാകുന്ന സ്ഥലത്ത് വേണം തൈകൾ നടുവാൻ. ചെടികളുടെ വളർച്ച ഘട്ടത്തിൽ കടല പിണ്ണാക്ക് പുളിപ്പിച്ചതും, ചാണക തെളിയും ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്. കൃത്യമായ വളപ്രയോഗം നൽകിയാൽ ഏകദേശം 25 ദിവസത്തിനുള്ളിൽ ചെടികളുടെ ഇലകൾ വെട്ടിയെടുക്കാം. നന്നായി വളർന്നാൽ ഇലകളുടെ അറ്റം ചുരുണ്ടു പോകുന്ന അവസ്ഥ സംജാതമാകുന്നു.
അതുകൊണ്ടുതന്നെ അധികം മൂപ്പെത്തുന്നതിന് മുൻപ് വിളവെടുക്കണം. അഴുകൽ രോഗമാണ് പ്രധാനമായും ഇവയിൽ കണ്ടുവരുന്നത്. സുഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന രീതിയിൽ എടുത്ത് ഇലകൾക്ക് താഴെ തളിച്ചു കൊടുക്കുന്നതും, മണ്ണിൽ ചേർക്കുന്നതും അഴുകൽ രോഗത്തിനെ തടയുവാനും, ഇതിന്റെ രോഗപ്രതിരോധശേഷി ഉയർത്തുവാനും മികച്ച വഴിയാണ്.
നിങ്ങള്‍ ഇതുവരെ കാപ്‌സിക്കം കൃഷി പരീക്ഷിച്ചില്ലേ ?