കൊച്ചി: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ വികസിപ്പിച്ച സീ പ്രോട്ടോക്കോൾ പ്രകാരം ഗൾഫ് നാടുകളിലേക്കയച്ച ആദ്യ കണ്ടെയ്‌നർ നേന്ത്രപ്പഴം കുവൈറ്റിലെത്തി.കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി സ്വാശ്രയ കർഷക സമിതിയിൽ നിന്നും സംഭരിച്ച 7500 കിലോ നേന്ത്രപ്പഴമാണ് കയറ്റുമതി ചെയ്തത്.
നേന്ത്രക്കായകൾ കൃഷിയിടങ്ങളിൽ വച്ച് തന്നെ പടല തിരിച്ചു പ്രാഥമിക സംസ്കരണം നടത്തി പായ്ക്ക് ഹൌസുകളിൽ പായ്ക്ക് ചെയ്ത് റീഫർ കൗണ്ടറുകളിൽ ഊഷ്മാവ് ക്രമീകരിച്ചാണ് കയറ്റുമതി ചെയ്തത്.
ഏപ്രിൽ 21 ന് വിളവെടുത്ത നേന്ത്രക്കായകൾ മെയ് 14 ന് യാതൊരു കേടുപാടും കൂടാതെ കുവൈറ്റ് തുറമുഖമായ ഷുവൈക്കിൽ എത്തിച്ചേർന്നു. ഈ രീതിയിൽ കയറ്റുമതി നടത്തിയതിനാൽ കയറ്റുമതിച്ചെലവ് പത്തിലൊന്നായി കുറയ്ക്കുവാനും സാധിച്ചിട്ടുണ്ട് . അതോടൊപ്പം കേരളത്തിലെ പഴം പച്ചക്കറികൾക്ക് വിദേശ വിപണികളിലേക്കുള്ള കയറ്റുമതി സാധ്യത വളരെയേറെ വർധിപ്പിക്കുവാനുതകുന്നതാണ് സർക്കാരിന്റെ ഈ സംരംഭം. നേരത്തെ യു കെ യിലേക്ക് നമ്മുടെ നേന്ത്രപ്പഴം കയറ്റി അയച്ചിരുന്നു.
സീ പ്രോട്ടോക്കോൾ പ്രകാരം വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും അനവധി ആവശ്യക്കാർ വി എഫ് പി സി കെ യെ സമീപിച്ചിട്ടുണ്ട് കേരളത്തിലെ കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതി രംഗത്ത് കൂടുതൽ പദ്ധതിക്കാണ് ഇനി ഒരുങ്ങുന്നത്.