നബാർഡിന്റെ (National Bank for Agriculture and Rural Development) നേതൃത്വത്തിൽ തയ്യാറാക്കി, ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകൾ വഴി 1998 -ൽ അവതരിപ്പിക്കപ്പെട്ട ഒരു കാർഷിക വായ്പയാണ് കിസാൻ ക്രെഡിറ്റ് കാർഡ് എന്ന് പ്രാഥമികമായി പറയാം. കർഷകന്റെ സമഗ്രമായ കാർഷിക ആവശ്യങ്ങൾക്ക് തുണയാവുക എന്നതാണ് ഈ വായ്പയുടെ പരമ പ്രധാനമായ ലക്‌ഷ്യം. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ കൃഷിഭവനിൽ നിന്നും ലഭ്യമല്ല, മറിച്ച് ബാങ്കുകൾ മുഖാന്തരം മാത്രം നടത്തപ്പെടുന്ന ഒരു പദ്ധതിയാണ് ഇത്.ഇത് കർഷകർക്കുള്ള ഒരു 'ക്രെഡിറ്റ് കാർഡ്' വായ്പാ സംവിധാനം തന്നെയാണ്. അതായത് ഈ വായ്പ്പയോടൊപ്പം കർഷകന് ഒരു ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡും ലഭിക്കുന്നു. ഈ കാർഡ് ഉപയോഗിച്ച് കർഷകന് തന്റെ കാർഷിക ആവശ്യങ്ങൾക്കായി പണം എ.ടി.എം വഴി പിൻവലിക്കാൻ സാധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കിസാൻ കാർഡ് നൽകാൻ എസ് ബി ഐ റെഡിയാണ്. അപേക്ഷിക്കേണ്ടത് എങ്ങനെ?
കിസാൻ ക്രെഡിറ്റ് കാർഡിനെ കുറിച്ച് അറിയേണ്ടതെല്ലാം
മറ്റ് വായ്പ്പകളെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത, വായ്പാ കാലയളവിൽ എപ്പോൾ വേണമെങ്കിലും പണം (അനുവദിച്ചിട്ടുള്ള പരമാവധി പരിധിക്കുള്ളിൽ നിന്ന് കൊണ്ട്) വായ്പാ അക്കൗണ്ടിൽ ഇടുകയും എടുക്കുകയും ചെയ്യാം എന്നതാണ്. ഏതൊരു സമയത്തും എടുക്കപ്പെട്ടിട്ടുള്ള പണത്തിന് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. ഉദാഹരണത്തിന് ഒരു പച്ചക്കറി കർഷകന് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചു എന്ന് കരുതുക. അദ്ദേഹത്തിന് വിത്തും വളവും മറ്റും വാങ്ങുന്നതിനും മറ്റ് ചിലവുകൾക്കും കൂടി ആദ്യ മാസം 10000 രൂപ മാത്രമേ ആവശ്യമുള്ളൂ എങ്കിൽ അദ്ദേഹത്തിന് എ.ടി.എം വഴി 10000 രൂപ മാത്രം പിൻവലിക്കാം. ഈ പതിനായിരം രൂപയ്ക്ക് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. എന്നാൽ ആദ്യമേ തന്നെ ഒരു ലക്ഷം രൂപയും വായ്പാ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് സേവിങ്സ് അക്കൗണ്ടിൽ ഇട്ടാൽ, നിങ്ങൾ അതിൽ നിന്ന് 10000 രൂപയെ എടുക്കുന്നുള്ളു എങ്കിൽ കൂടിയും ഒരു ലക്ഷം രൂപയ്ക്കും പലിശ ഈടാക്കിക്കൊണ്ടിരിക്കും. അത് കൊണ്ട് കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ, അതിന്റെ അക്കൗണ്ടിൽ നിന്ന് തന്നെ എടുക്കുവാനും അതിൽ തന്നെ തിരിച്ചടയ്ക്കുവാനും കർഷകർ പ്രത്യേകം ശ്രദ്ധിക്കുക. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി പ്രകാരമുള്ള ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡ് ബാങ്കുകളിൽ നിന്നും ചോദിച്ച് വാങ്ങുക.സ്വന്തമായി കൃഷിഭൂമിയുള്ള ഏതൊരു കർഷകനും കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. പാട്ട കൃഷിയുള്ള കർഷകർക്കും, കർഷക സംഘങ്ങൾക്കും രജിസ്റ്റർ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാം. ഓരോ വിളയ്ക്കും നിജപ്പെടുത്തിയ ഉൽപ്പാദനവായ്‌പ്പാതോത് (Scale of finance) അടിസ്ഥാനപ്പെടുത്തിയാണ് വായ്പ ലഭിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കിസാൻ ക്രെഡിറ്റ് കാർഡ് - എന്താണ് , ആർക്കൊക്കെ ഉപയോഗിക്കാം , എങ്ങനെ അപേക്ഷിക്കാം - എല്ലാം അറിയാം
കൃഷി സ്ഥലത്തിന്റെ വിസ്തൃതി കൃഷി ചെയ്യുന്ന വിള, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ, കാർഷിക യന്ത്രങ്ങളുടെ പരിപാലനം, ഉപഭോഗ ആവശ്യങ്ങൾ, കാർഷികേതര മേഖല പ്രവർത്തനങ്ങൾ എന്നീ പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങൾ പരിഗണിച്ചാണ് പരമാവധി വായ്പാ തുക നിശ്ചയിക്കുന്നത്. കൂടാതെ ഇപ്പോൾ ആട്, പശു, കോഴി, പന്നി വളർത്തൽ, ഉൾനാടൻ മത്സ്യ ബന്ധനം തുടങ്ങിയ കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്ക് കൂടി കിസാൻ ക്രെഡിറ്റ് കാർഡ് പരിധി/ഉപ പരിധിയിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നതാണ്. കൃഷി ചെയ്ത് വിളവെടുത്ത് വരുമാനം ലഭിക്കുന്നത് വരെയുള്ള സമയത്തെ കർഷകന്റെ ഉപഭോഗ ആവശ്യങ്ങൾക്ക് കൂടിയുള്ള തുക വായ്പാ പരിധിയിൽ ഉൾപ്പെടുത്തുന്നു എന്നത് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ മാത്രം പ്രത്യേകതയാണ്.ഒരു ലക്ഷത്തി അറുപതിനായിരം രൂപ വരെയുള്ള കാർഷിക വായ്പ്പകൾക്ക് പ്രത്യേകിച്ച് ഈടോന്നും തന്നെ കർഷകർ നൽകേണ്ടതില്ല. ഇതിനു കൃഷി സ്ഥലത്തുള്ള വിള മാത്രം ഈടായി നൽകിയാൽ മതിയാകും. ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് മുകളിലുള്ള വായ്പ്പകൾക്ക് മതിയായ വിലയ്ക്കുള്ള വസ്തു ഈടായി നൽകേണ്ടതാണ്.മൂന്ന് ലക്ഷം രൂപ വരെ പരമാവധി കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. വായ്പ സമയപരിധിക്കുള്ളിൽ കൃത്യമായി തിരിച്ചടച്ചാൽ നിബന്ധനകൾക്ക് വിധേയമായി കൂടുതൽ പലിശ ഇളവുകളും ലഭിക്കുന്നതാണ്. തന്നാണ്ടിൽ എടുത്തിട്ടുള്ള തുക പലിശ സഹിതം ഒരു വർഷത്തിനുള്ളിൽ ഒന്നായോ ഗഡുക്കളായോ കർഷകർ അടച്ചിരിക്കണം. ഹ്രസ്വകാല വിളകൾക്ക് 12 മാസത്തിനുള്ളിലും, ദീർഘകാല വിളകൾക്ക് 18 മാസത്തിനുള്ളിലുമാണ് പണം തിരിച്ചടയ്ക്കേണ്ടത്.പരിധി/ഉപ പരിധിയുടെ ഉള്ളിൽ ക്രെഡിറ്റ് കാർഡ് വഴി എത്ര തവണ വേണമെങ്കിലും പണമെടുക്കാനും തിരിച്ചടയ്ക്കാനും സാധിക്കും.ആവശ്യമുള്ളപ്പോൾ മാത്രം പണം എടുക്കുന്നത് മുഖേന കർഷകർക്ക് പലിശ ലാഭിക്കുകയും ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: കിസ്സാൻ ക്രെഡിറ്റ് കാർഡിന്റെ പ്രയോജനം കാർഷിക അനുബന്ധ മേഖലയിൽ കൂടി ലഭിക്കും.അതും നമ്മുടെ സഹകരണ സംഘങ്ങൾ വഴി
വർഷത്തിലൊരിക്കൽ വായ്പ ഇടപാടുകളെ അവലോകനം ചെയ്ത് വായ്പാ വിനിയോഗത്തിന്റെയും വരവ്ചിലവിന്റെയും അടിസ്ഥാനത്തിൽ വായ്പാത്തോത് ക്രമീകരിക്കുന്നതിനുള്ള അധികാരം ബാങ്കിൽ നിക്ഷിപ്തമാണ്. വാർഷിക അവലോകനത്തിന് വിധേയമായി കാർഡിന്റെ കാലാവധി അഞ്ച് വർഷം ആയിരിക്കും. അഞ്ച് വർഷത്തിന് ശേഷം പഴയ വായ്പ അവസാനിപ്പിക്കുകയും പുതിയ വായ്പയായി കിസാൻ ക്രെഡിറ്റ് കാർഡ് അനുവദിക്കുകയും ചെയ്യുന്നതാണ്. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പയുടെ പലിശ നിരക്ക് മറ്റേതൊരു വായ്പയും പോലെ തന്നെ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് കാലാകാലങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമാണ്.വിജ്ഞാപിത പ്രദേശങ്ങളിലുള്ള വിജ്ഞാപിത വിളകൾക്ക് 'വിള ഇൻഷുറൻസ്' പദ്ധതിയും ബാങ്കുകൾ വഴി ലഭ്യമാണ്. കൃഷിഭവൻ മുഖേനയുള്ള വിള ഇൻഷുറൻസ് പദ്ധതിക്ക് പുറമെയാണ് ഇത്. കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ എടുക്കുന്ന കർഷകർ വിള ഇൻഷുറൻസ് എടുക്കേണ്ടത് നിർബന്ധമാണ്.കിസ്സാൻ ക്രെഡിറ്റ് കാർഡിനുള്ള ഏകീകൃത അപേക്ഷാ ഫോമുകൾ അപേക്ഷകന്റെ സേവന മേഖലയിലുള്ള ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭ്യമാണ്.
വിവരങ്ങൾക്ക് കടപ്പാട്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, തൊടുപുഴ
ബന്ധപ്പെട്ട വാർത്തകൾ: കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ