പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിൻ ഡി, ബി2, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക്, അയഡിൻ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഒരു വലിയ നിര തന്നെ അടങ്ങിയതാണ് സീഫുഡ്. ഇതിൽ ചെമ്മീൻ സ്വാദിഷ്ടവും എല്ലാവരും ഇഷ്ട്ടപെടുന്ന ഒരു സീഫുഡാണ്. എന്നാല്‍ ചെമ്മീൻ ചില ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം കഴിക്കുന്നത് ചിലരില്‍ അലർജിയുണ്ടാക്കാനിടയുണ്ട്. ചിലപ്പോൾ ദഹനത്തെയും ബാധിക്കുന്നു. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നു നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ചെമ്മീൻ കൃഷിയിൽ വിസ്മയങ്ങൾ തീർത്ത അശ്വിൻ
- ചെമ്മീനിനൊപ്പം പാലുല്‍പ്പന്നങ്ങളായ പാൽ, ക്രീം സോസ് എന്നിവ കഴിക്കുന്നത് ചിലരില്‍ അലർജിക്ക് കാരണമാകും. കാരണം പാലുൽപ്പന്നങ്ങളിലെ കാത്സ്യം ചെമ്മീനിലെ പ്രോട്ടീനുകളുമായി ചേരുമ്പോള്‍, ഇത് വയറ്റിൽ തൈര് രൂപപ്പെടുന്നതിന് കാരണമാകാം. ഇത് ചിലരില്‍ ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും വയറുവേദനയ്ക്കും കാരണമാകും. അത്തരക്കാര്‍ ചെമ്മീനിനൊപ്പം തൈരടക്കമുള്ള പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
- ചെമ്മീനിനൊപ്പം എരുവേറിയ വിഭവങ്ങള്‍ കഴിക്കുമ്പോള്‍, ഉയർന്ന എരിവുള്ള ഭക്ഷണങ്ങൾ വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യതയുണ്ട്.
- ചെമ്മീനിനൊപ്പം ഇരുമ്പ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. കാരണം ചെമ്മീനില്‍ മിതമായ അളവിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചുവന്ന മാംസം അല്ലെങ്കിൽ ചീര പോലുള്ള ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ചെമ്മീന്‍ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കും. ഇരുമ്പിന്റെ കുറവുള്ള വ്യക്തികൾക്ക് ഇത് പ്രയോജനകരമാകുമെങ്കിലും, അധിക ഇരുമ്പ് ആവശ്യമില്ലാത്തവർക്ക് അമിതമായ ഇരുമ്പ് കഴിക്കുന്നത് ദോഷകരമാണ്.
- ബ്രെഡ് പോലെയുള്ള അന്നജം കൂടുതലുള്ള ഭക്ഷണങ്ങൾ ചെമ്മീനിനൊപ്പം കഴിക്കാതിരിക്കുകയാണ് നല്ലത്. ചെമ്മീനിനൊപ്പം ഭാരിച്ച അന്നജം കഴിക്കുന്നത് വയര്‍ വീര്‍ത്തിരിക്കാനും ദഹനത്തെ മോശമായി ബാധിക്കാനും കാരണമായേക്കാം.
- ചെമ്മീനിനൊപ്പം നാരങ്ങയടക്കമുള്ള സിട്രസ് പഴങ്ങൾ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. കാരണം സിട്രസ് പഴങ്ങളിലെ അസിഡ് ചെമ്മീനിലെ പ്രോട്ടീനുകളുമായി ചേരുമ്പോള്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കുവാൻ സാധ്യതയുണ്ട്.