ഏത് ഭക്ഷണം കഴിക്കണം, എത്ര അളവ് കഴിക്കണം എന്നൊക്കെ നമ്മൾ നോക്കാറുണ്ട്. എന്നാൽ ഏത് സമയത്തൊക്കെ ഭക്ഷണം കഴിക്കണമെന്നുകൂടി ശ്രദ്ധിക്കണം. അതുപോലെ തന്നെ പോഷക ഗുണങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കാനും മറക്കരുത്. ബ്രേക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ മാത്രമായിരിക്കും നമ്മളെല്ലാം പ്രധാനമായും ശ്രദ്ധിക്കുന്നത്. എന്നാൽ ഇടനേരങ്ങളിലെ ഹെൽത്തി ഭക്ഷണവും ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.
കൂടുതൽ വാർത്തകൾ: പ്രമേഹം ചർമത്തിനും ദോഷം! ലക്ഷണങ്ങൾ അറിയാം..
പ്രാതൽ
പ്രാതൽ എപ്പോഴും പോഷക സമൃദ്ധമായിരിക്കണം. ദീർഘനേരത്തെ വിശ്രമത്തിന് ശേഷമാണ് നമ്മൾ പ്രാതൽ കഴിക്കുന്നതെന്ന് ഓർക്കണം. അപ്പോൾ ശരീരം പോഷകങ്ങളെ ആഗിരണം ചെയ്യാൻ ശ്രമിക്കും. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫാറ്റ് എന്നിവ പ്രഭാത ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. രാവിലെ മാംസാഹാരം ഒഴിവാക്കുന്നതാണ് നല്ലത്. പഴങ്ങളോ, പച്ചക്കറികളോ ഒപ്പം കഴിയ്ക്കാം. പുട്ടും കടലക്കറിയും, ഓട്സ് ഇഡ്ഡലി, റാഗി ദോശ, സേമിയ ഉപ്പുമാവ്, ഗോതമ്പുപൊടിയിൽ ഉണ്ടാക്കുന്ന ഇടിയപ്പം എന്നിവ ആരോഗ്യം സംരക്ഷിക്കാനുള്ള മികച്ച പ്രാതൽ വിഭവങ്ങളാണ്.
ഇടനേരങ്ങളിൽ..
ബ്രേക്ഫാസ്റ്റിനും ഉച്ചഭക്ഷണത്തിനും ഇടയിൽ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. പഴങ്ങൾ, വെജിറ്റബിൾ സാലഡ്, മോര് വെള്ളം എന്നിവ ഇടനേരങ്ങളിൽ ശീലമാക്കാം. അതുപോലെ തന്നെ ഉച്ചഭക്ഷണം കഴിഞ്ഞ് 4 മണിയ്ക്കും 6 മണിയ്ക്കും ഇടയിലും ലഘുഭക്ഷണങ്ങൾ ശീലമാക്കണം.
ഉച്ചഭക്ഷണം
വയറുനിറയെ ഭക്ഷണം കഴിച്ചാൽ ഉറക്കം വരാനുള്ള സാധ്യത കൂടുതലാണ്. ജോലിസമയത്ത് ക്ഷീണം വരാതിരിക്കാൻ ഉച്ചയ്ക്ക് അമിതമായി ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. തൈര്, ചോറ്, ചപ്പാത്തി, വെജിറ്റബിൾ സാലഡ് എന്നിവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താം.
അത്താഴം
ഡിന്നറും അമിതമാകാതെ ശ്രദ്ധിക്കുക. നോൺവെജ് ഭക്ഷണമാണ് കഴിക്കുന്നതെങ്കിലും പച്ചക്കറികൾ ഒഴിവാക്കാതിരിക്കുക. സസ്യാഹാരികൾ ചപ്പാത്തി, ചോറ്, പച്ചക്കറികൾ എന്നിവ ഉറപ്പായും കഴിയ്ക്കണം.
അൽപം ശ്രദ്ധ വേണം..
ശരിയായ ആഹാരം തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധ വേണം. അരിയാഹാരം പെട്ടെന്ന് ദഹിക്കും. കൂടാതെ നെഞ്ചെരിച്ചിലും കുറയ്ക്കും. ആമാശയത്തിലെ ആസിഡ് ഉപാദനം കുറയ്ക്കാൻ അരി, പാസ്ത തുടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. ആസിഡിറ്റി കുറയ്ക്കാൻ വാഴപ്പഴം ഉത്തമമാണ്. വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിന്റെ സഞ്ചാരം വേഗത്തിലാക്കാൻ സഹായിക്കുന്നു. ദിവസവും വെള്ളരിക്ക കഴിയ്ക്കുന്നത് അൾസർ അടക്കമുള്ള രോഗങ്ങളെ അകറ്റും. പച്ചക്കറികൾ ഒരിക്കലും ഒഴിവാക്കരുത്. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തണം. കൂടാതെ, പച്ചക്കറികൾ പാകം ചെയ്യുമ്പോൾ അമിതമായി എണ്ണയും, മസാലകളും ഉപയോഗിക്കരുത്.