മഴക്കാലത്ത് ആളുകൾക്ക് വളരെ വേഗത്തിൽ അസുഖം വരാനുള്ള സാധ്യത കൂടുതലായിരിക്കും. താപനിലയിൽ നിരന്തരമായി ഉണ്ടാകുന്ന മാറ്റമാണ് ഇതിന് പിന്നിലെ കാരണം. എന്നാൽ ദിവസവും ചില പാനീയങ്ങൾ ചൂടോടെ കുടിക്കുന്നത് മഴക്കാലത്ത് ശരീരത്തിന് പ്രതിരോധ ശേഷി നൽകാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കൂ...
അതായത്, കോരിച്ചൊരിയുന്ന മഴയത്ത് ഒരു കപ്പ് ചായ കുടിക്കാൻ ഇഷ്ടപ്പെടുന്ന ചായപ്രേമികൾക്ക് ഇത് വളരെ മികച്ച ഓപ്ഷനാണ്. കാരണം ദിവസവും ചായ കുടിക്കുന്നത് കൊണ്ടുണ്ടാകുന്ന വിരക്തി, വൈവിധ്യമാർന്ന ചായ കുടിക്കുന്നതിലൂടെ ഒഴിവാക്കാവുന്നതാണ്.
മഴക്കാലത്ത് ദിവസവും ഈ ചായകൾ പരീക്ഷിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നുറുങ്ങുവിദ്യകളാണ്.
മഴക്കാലത്തിന് വേണ്ടിയുള്ള ചായയിലെ മികച്ച ഓപ്ഷനുകൾ (Best options in tea for monsoons)
ചുക്ക് ചായ (Dry ginger tea): ഔഷധ ഗുണങ്ങൾ നിറഞ്ഞ ചുക്ക് പൊടി എല്ലാവരുടെയും വീട്ടിൽ സുലഭമായി ഉണ്ടായിരിക്കും. ചുക്ക് ചായ തയ്യാറാക്കുമ്പോൾ മല്ലിയില, കുരുമുളക്, ജീരകപ്പൊടി, പഞ്ചസാര എന്നിവ ചതച്ചോ പൊടിച്ചോ ചേർക്കാവുന്നതാണ്. ഇതിനൊപ്പം ചുക്ക് കൂടി ചൂടുവെള്ളത്തിൽ ചേർത്ത് ആരോഗ്യകരമായ ചായ തയ്യാറാക്കി രാവിലെ കുടിക്കാം.
ഇരട്ടി മധുരം കൊണ്ടുള്ള ചായ (Tea made with Liquor ice/Mulethi): തൊണ്ടവേദന പോലുള്ള അസ്വസ്ഥതകൾക്ക് വളരെ മികച്ച ഉപായമാണ് ഇരട്ടിമധുരം കൊണ്ടുള്ള ചായ കുടിക്കുക എന്നത്. പാലില്ലാതെ ഇരട്ടി മധുരം ചേർത്ത ചായ ഉണ്ടാക്കി മഴക്കാലത്ത് ദിവസവും കുടിക്കാവുന്നതാണ്. ഓർമശക്തിയ്ക്കും ഈ ചായ അത്യുത്തമമാണെന്ന് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ചമോമൈൽ ടീ (Chamomile tea): ആരോഗ്യം നിലനിർത്താൻ ലോകമെമ്പാടുമുള്ള ആളുകൾ ദിവസവും കുടിക്കുന്ന ഒരുതരം ഹെർബൽ ടീയാണിത്. വിപണിയിൽ ഇപ്പോൾ സുലഭമായി കാണാവുന്ന ഔഷധക്കൂട്ടാണിത്. ചമോമൈൽ ചായ കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു.
ജലദോഷത്തിനും മറ്റും ചമോമൈൽ എന്ന പൂവിട്ട ചായ കുടിയ്ക്കാവുന്നതാണ്. ശരീര വീക്കം നിയന്ത്രിക്കാൻ ഇത് സഹായിക്കും. മാത്രമല്ല ചർമത്തിന്റെ ആരോഗ്യത്തിനും ചമോമൈൽ ചായ ഗുണകരമാണ്. അതിനാൽ, ചമോമൈൽ പൂക്കൾ ചൂടു വെള്ളത്തിൽ ഇട്ട് ചായ തിളപ്പിച്ച് രാത്രി കുടിക്കുന്നത് ശീലമാക്കുക.
മഴക്കാലത്ത് എന്ന് മാത്രമല്ല, ചായ ശീലമാക്കുന്നതിലൂടെ ഒട്ടനവധി ആരോഗ്യ ഗുണങ്ങൾ സ്വന്തമാക്കാനാകും. അതായത്, ഹൃദ്രോഗം, അർബുദം, പ്രമേഹം മുതലായ രോഗങ്ങൾ വരാനുള്ള സാധ്യത ഇതിലൂടെ ഒഴിവാക്കാം. ദിവസവും ഒരു കപ്പ് ചായ കുടിച്ചാൽ നേത്രരോഗമായ ഗ്ലൂക്കോമ വരാതെ പ്രതിരോധിക്കാം എന്നാണ് ചില നേത്രപഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.
തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇതിലൂടെ ഓർമശക്തി മികച്ചതാക്കാനും ചായ ശീലം സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിന് കൂടുതല്‍ ജലാംശം നല്‍കുന്നതിന് ചായയിൽ ഉള്ള കഫീൻ എന്ന ഘടകത്തിന് സാധിക്കും. ഇങ്ങനെ നിർജ്ജലീകരണം പോലുള്ള അനാരോഗ്യ അവസ്ഥകളെയും മറികടക്കാം.