പേരില്‍ ചീരയെന്ന് കാണാമെങ്കിലും അഗത്തിച്ചീര പയര്‍വര്‍ഗത്തില്‍പ്പെട്ട ഒരു കുറ്റിചെടിയാണ്. മലേഷ്യന്‍ സ്വദേശിയായ ഈ സസ്യം നമ്മുടെ നാട്ടിലുമിപ്പോള്‍ കൃഷി ചെയ്തുവരുന്നുണ്ട്.
കാഴ്ചയില്‍ മുരിങ്ങയോട് സാമ്യമുള്ള ഈ ചീരവൃക്ഷം പത്തടിവരെ ഉയരത്തില്‍ വളരും. എന്നാല്‍ മുരിങ്ങയെക്കാള്‍ ശാഖകള്‍ക്ക് ബലവും ഇലകളും പൂക്കളും ഇതില്‍ കൂടുതലാണ്. വെളള, ചുവപ്പ് നിറങ്ങളിലുളള പൂക്കളുളള ഇനങ്ങളാണ് പൊതുവെ കാണാറുളളത്. വളരെ വേഗത്തില്‍ വളരുന്ന സസ്യമാണിത്.
വിത്തുകളും കമ്പുകളുമെല്ലാം നട്ട് അഗത്തിച്ചീര കൃഷി ചെയ്യാം. വെളളക്കെട്ടില്ലാത്ത മണ്ണാണ് നടാന്‍ യോജിച്ചത്. മെയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നട്ടുതുടങ്ങാം. നടാനായി കുഴികളെടുത്ത ശേഷം ജൈവവളം ചേര്‍ക്കാവുന്നതാണ്. തൈകള്‍ മുളച്ചതിന് ശേഷം ഒരുമാസമാകുമ്പോള്‍ വീട്ടുമുറ്റത്തോ പറമ്പിലോ നല്ല വെയില്‍ കിട്ടുന്നയിടത്തേക്ക് മാറ്റിനടാം.
മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകംസി, എ തുടങ്ങി അറുപതോളം പോഷകങ്ങള്‍ അഗത്തീച്ചീരയുടെ ഇലയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി എന്നിവയാണ് സമ്പന്നമാണിത്.
വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്റായതിനാല്‍ അഗത്തിയില കഴിക്കുന്നതിലൂടെ രക്തത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനാകും. ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഇതിന്റെ ഇലകളുടെയും പൂക്കളുടെയും നീര് മൈഗ്രെയ്ന്‍ പോലുളള തലവേദനയ്ക്ക് ആശ്വാസമേകും. തലവേദനയെ ഇത് പടിപടിയായി ഇല്ലാതാക്കും. മുറിവുണങ്ങാനും ഇത് ഉത്തമമാണ്. അതുപോലെ തന്നെ ചുമ, കഫക്കെട്ട് എന്നിവയ്ക്കും നല്ലതാണ്. ഇലയില്‍ നാരുകള്‍ കൂടുതലുളളതിനാല്‍ മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും ഗുണം ചെയ്യും. പോഷകങ്ങളാല്‍ സമൃദ്ധമായ അഗത്തിച്ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നേത്രരോഗങ്ങള്‍ക്കും പരിഹാരമാകും.
അഗത്തിച്ചീരയുടെ ഇലകളും പൂക്കളും വിത്തറകളും പയര്‍മണികളുമെല്ലാം പാചകത്തിനായി ഉപയോഗിക്കാം. ദാഹശമനിയായും ഗ്രീന്‍ ടീ ആയുമെല്ലാം ഇതിന്റെ ഇല ഉപയോഗിച്ചുവരുന്നു. വിത്തറ ഉപയോഗിച്ച് തോരനും മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കാം. പൂവ് കൊണ്ടും തോരനുണ്ടാക്കാം. ജൈവവേലിയായും അടുക്കളത്തോട്ടത്തിലും വീട്ടുമുറ്റത്തുമൊക്കെ അഗത്തിച്ചീര കൃഷിചെയ്യാം.